പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവാകുന്നു
കക്കട്ടില്‍/വാണിമേല്‍/കുറ്റ്യാടി: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവു കാഴ്ചയാകുന്നു. സംസ്ഥാന പാതയില്‍ മൊകേരി ടൗണില്‍ മാത്രം ആറിടത്താണ് പൈപ്പ് പൊട്ടി ശുദ്ധജലം പരന്നൊഴുകുന്നത്. ആഴ്ചകളായിട്ടും ഇതിന് ശാശ്വത പരിഹാരം കാണാന്‍ കഴിയാത്ത വാട്ടര്‍ അതോറിറ്റിക്കെതിരേ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
സംസ്ഥാന പാതയില്‍ നാദാപുരത്തിനും കുറ്റ്യാടിക്കുമിടയില്‍ പാതയ്ക്കടിയിലൂടെ കടന്നുപോകുന്ന ജലവിതരണ കുഴലാണ് പല ഭാഗത്തും പൊട്ടി കൊണ്ടിരിക്കുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പ് സംസ്ഥാന പാത വികസനം നടത്തുമ്പോള്‍ മാറ്റണമെന്ന നാട്ടുകാരുടെയും മറ്റും ആവശ്യം അവഗണിച്ചതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. മൊകേരി ചട്ടമുക്ക് മുതല്‍ കടത്തനാടന്‍ കല്ല് വരെയുള്ള ഭാഗങ്ങളില്‍ ആറിടത്തും വട്ടോളിയില്‍ ഒരിടത്തുമാണ് ഇപ്പോള്‍ വെള്ളം പാഴായി കൊണ്ടിരിക്കുന്നത്.
വട്ടോളിയില്‍ കഴിഞ്ഞ മഴക്കാലത്ത് പൈപ്പ് പൊട്ടി സംസ്ഥാന പാതയില്‍ രണ്ടര കോടി രൂപ ചിലവില്‍ സ്ഥാപിച്ച നടപ്പാതയുടെ ഒരു ഭാഗം തകര്‍ന്നിരുന്നു. മാസങ്ങളായിട്ടും അതേപടി കിടക്കുകയാണ്. പതിവായി കൊണ്ടിരിക്കുന്ന പൈപ്പ് പൊട്ടല്‍ കാരണം പാതയുടെ പല ഭാഗവും തകര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ട നിലയിലാണ്.
കുറ്റ്യാടി ടൗണ്‍ മധ്യത്തില്‍ പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്താണ് ഭൂഗര്‍ഭ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നു റോഡ് വിണ്ടുകീറി വെള്ളം പുറത്തേക്കു ഒഴുകുന്നത്. രണ്ടു ദിവസമായി തുടരുന്ന തകരാര്‍ ഇതുവരെയും പരിഹരിച്ചിട്ടില്ല.
വാണിമേല്‍-കല്ലാച്ചി റോഡില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ലിറ്റര്‍ കണക്കിന് ശുദ്ധജലമാണ് ദിവസവും പാഴാകുന്നത്. വാണിമേല്‍ ശംസുല്‍ ഹുദാ മദ്‌റസയ്ക്ക് സമീപവും അര കിലോമീറ്റര്‍ അകലെ കാപ്പുമ്മല്‍ റോഡിനു സമീപവുമാണ് പ്രധാന റോഡിലേക്ക് കുടിവെള്ളമൊഴുകി പാഴാകുന്നത്.
പൊതു ടാപ്പ് പൂര്‍ണമായും തകര്‍ന്നത് കാരണം നാട്ടുകാര്‍ പൈപ്പിലേക്ക് മരക്കമ്പുകള്‍ അടിച്ചു കയറ്റിവച്ചെങ്കിലും പൈപ്പില്‍ കൂടെ റോഡിലേക്ക് വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്തെ പല കിണറുകളം വറ്റിത്തുടങ്ങിയ ഈ സമയത്ത് നിരവധി കുടുംബങ്ങള്‍ക്കുള്ള ഏക ആശ്രയമാണ് ഇതുവഴിയുള്ള ശുദ്ധജല വിതരണം.
പൈപ്പ് പൊട്ടിയിട്ട് ആഴ്ചകളായെങ്കിലും അറ്റകുറ്റപണി നടത്താനോ പുതിയ ടാപ്പ് സ്ഥാപിക്കാനോ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."