കടുവ നാട്ടില്‍ തന്നെ; ഉള്‍വനത്തിലെന്ന പ്രചാരണം വ്യാജം
പേരാമ്പ്ര: ഉള്‍ക്കാട്ടിലേക്കു പോയെന്നു വനംവകുപ്പ് അധികൃതര്‍ പ്രചരിപ്പിച്ച ചെമ്പനോടയില്‍ കണ്ട കടുവ ഇന്നലെ പുലര്‍ച്ചെ പെരുവണ്ണാമൂഴിയിലെത്തി. ടൂറിസ്റ്റ് കേന്ദ്രത്തിലെ ബോട്ടുജെട്ടി പരിസരത്ത് കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി. ബോട്ടുജെട്ടിക്കു സമീപം ആറു മെഗാവാട്ട് വൈദ്യുതിനിലയത്തിന്റെ ഭാഗമായ കിണര്‍ നിര്‍മാണം നടക്കുന്ന സ്ഥലത്തും കടുവയുടെ കാല്‍പാട് പതിഞ്ഞിട്ടുണ്ട്.
ഇതോടെ കടുവ പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം വൃഷ്ടിപ്രദേശത്ത് തന്നെയുണ്ടെന്നു ബോധ്യമായിരിക്കുകയാണ്. കിണര്‍ നിര്‍മാണ തൊഴിലാളികള്‍ സംഭവമറിഞ്ഞ് പ്രവൃത്തി നിര്‍ത്തിവച്ചു. ഇവിടുത്തെ ടൂറിസ്റ്റ് കേന്ദ്രം കാടുമൂടിക്കിടക്കുകയാണ്. തൊട്ടടുത്തുള്ള സി.ആര്‍.പി.എഫ് കേന്ദ്രത്തിനായി വിട്ടുകൊടുത്ത 40 ഏക്കര്‍ സ്ഥലവും കാടുപിടിച്ചു കിടക്കുകയാണ്. ഇവിടങ്ങളില്‍ കടുവ മറഞ്ഞിരിക്കുകയാണെന്നാണ് സംശയം. ചെമ്പനോടയില്‍ കണ്ട കടുവ തന്നെയാണ് പെരുവണ്ണാമൂഴിയില്‍ എത്തിയിരിക്കുന്നതെന്നു വനപാലകര്‍ സ്ഥിരീകരിച്ചു.ഡാം റിസര്‍വോയര്‍ നീന്തിക്കടന്നാണു കടുവ ഇവിടെ എത്തിയതെന്നു കരുതുന്നു. ഒരു മാസം മുന്‍പ് കടുവയെ പെരുവണ്ണാമൂഴി ഭാഗത്ത് രാത്രിയില്‍ ചില വഴിയാത്രക്കാര്‍ കണ്ടെന്നു കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം ഇന്നലെ അടച്ചിട്ടു. കടുവയെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."