ഗോത്രതാളം: കുട്ടികളുടെ അരങ്ങേറ്റം നാളെ
കല്‍പ്പറ്റ: ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയരക്ടറേറ്റിനു കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് ജില്ലാ സെന്റര്‍ നടപ്പിലാക്കുന്ന ഗോത്രതാളം പദ്ധതിയില്‍ ഗോത്രകലകളില്‍ പരിശീലനം നേടിയ കുട്ടികളുടെ അരങ്ങേറ്റം നാളെ രാവിലെ 10ന് പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടക്കുമെന്ന് കരിയര്‍ ഗൈഡന്‍സ് കോ-ഓര്‍ഡിനേറ്റര്‍ സി.ഇ ഫിലിപ്പ്, കണ്‍വീനര്‍ കെ.ബി സിമില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ. ബാവ കെ പാലുകുന്ന്, കെ. അബ്ദുല്‍റഷീദ്, കെ. ഷാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പട്ടികവര്‍ഗ വിഭാഗത്തിലെ 35 പേരടക്കം 52 കുട്ടികളുടേതാണ് അരങ്ങേറ്റം.
ഗദ്ദിക, വട്ടക്കളി, കമ്പളനൃത്തം, കുനട്ട, തോട്ടി, കോല്‍ക്കളി, ഗോത്രനൃത്തം തുടങ്ങിയ കലാരൂപങ്ങളിലും ആദിവാസിപാട്ടുകളിലുമാണ് ഇവര്‍ പരിശീലനം നേടിയത്. അന്യംനില്‍ക്കുന്ന ഗോത്രകലകളുടെയും സംസ്‌കാരത്തിന്റെയും സംരക്ഷണത്തിനും പരിപോഷണത്തിനുമായി ആവിഷ്‌കരിച്ചതാണ് ഗോത്രതാളം പദ്ധതി. സംസ്ഥാനത്ത് വയനാട്ടില്‍ മാത്രമാണ് ഇത് നടപ്പിലാക്കിയത്. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാലായങ്ങളില്‍നിന്നു തിരഞ്ഞെടുത്തവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഏഴുലക്ഷം രൂപയാണ് പരിശീലനത്തിനും മറ്റുമായി വിനിയോഗിച്ചത്. അരങ്ങേറ്റം തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാവും. ഗദ്ദിക കലാകാരന്‍ പി.കെ കരിയനെ ഒ.ആര്‍ കേളു എം.എല്‍.എ ആദരിക്കും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ബ്രോഷര്‍ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തും.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. പി.പി പ്രകാശന്‍ പദ്ധതി വിശദീകരണം നടത്തും. കരിയര്‍ ഗൈഡന്‍സ് സെല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി.എം അസീം, ഹയര്‍ സെക്കന്‍ഡറി റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആനിമോള്‍ കുര്യന്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."