മാരേക്കാട് പാലം നിര്‍മാണത്തിലെ അപാകത പരിഹരിച്ചു
മാള: മാരേക്കാട് പാലത്തിന്റെ നിര്‍മാണത്തിലെ അപാകത പരിഹരിച്ചു മൂന്നു വര്‍ഷം മുന്‍പ് നിര്‍മിച്ച മാരേക്കാട് പാലം റോഡിനേക്കാള്‍ രണ്ട് അടി ഉയരത്തിലായിരുന്നു. ഇതു കാരണം റോഡില്‍ നിന്ന് പാലത്തിലേക്ക് വേഗതയില്‍ കയറുന്ന വാഹനങ്ങളും പാലത്തില്‍ നിന്ന് റോഡിലേക്കിറങ്ങുന്ന വാഹനങ്ങളും നിയന്ത്രണം വിട്ടുള്ള അപകട സാധ്യതയുണ്ടായിരുന്നു. ഇരുചക്ര വാഹനങ്ങള്‍ക്കാണ് കൂടുതല്‍ അപകട ഭീഷണിയുണ്ടായിരുന്നത്. ഈ പ്രശ്‌നം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചത്. അഷ്ടമിച്ചിറയില്‍ നിന്നു മാരേക്കാട് വഴി കുന്നത്തേരി വരെയുള്ള മൂന്ന് കിലോമീറ്റര്‍ റോഡിന്റെ ശോച്യാവസ്ഥയും പരിഹരിച്ചു. കുഴികള്‍ നിറഞ്ഞ് തകര്‍ന്ന് കിടന്നിരുന്ന റോഡ് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ പൂര്‍ണമായും വീണ്ടും ടാറിങ് നടത്തി. റോഡ് നിര്‍മാണം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിയുമ്പോഴേക്കും പാടെ തകര്‍ന്നത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. റോഡിന്റെ പല ഭാഗത്തും വലിയ കുഴികളാണുണ്ടായിരുന്നത്. റോഡ് നിര്‍മാണത്തോടൊപ്പം വെള്ളം ഒഴുകി പോകുന്നതിനുള്ള കാന നിര്‍മാണം നടത്താത്തതാണ് മഴ വെള്ളം കുത്തിയൊഴുകി റോഡ് വേഗം തകരാന്‍ കാരമായതെന്ന് നാട്ടുകാര്‍ പറയുന്നു.
കൂടാതെ റോഡ് നിര്‍മാണത്തിനായി ആവശ്യമായ മെറ്റീരിയല്‍സ് വേണ്ട അളവില്‍ ഉപയോഗിക്കാത്തതും റോഡ് തകര്‍ച്ചക്ക് ആക്കം കൂട്ടിയതായി ആക്ഷേപമുണ്ടായിരുന്നു. റോഡിലെ കുഴികള്‍ അടക്കുന്നതിനും പാലം നിര്‍മാണത്തിലെ അപാകത പരിഹരിക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് അറ്റകുറ്റപണി നടത്തിയത്.
മാള പഞ്ചായത്തിലെ മാരേക്കാടിനേയും പുത്തന്‍ചിറ പഞ്ചായത്തിലെ കുന്നത്തേരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ഥ്യമായതോടെ പ്രദേശവാസികള്‍ ഏറെക്കാലമായി അനുഭവിച്ചിരുന്ന യാത്ര ക്ലേശത്തിന് പരിഹാരമായെങ്കിലും ഇത് വഴി ബസ് സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."