അക്ബര്‍ റോഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരവം; മരണവീട് പോലെ ബി.ജെ.പി ഓഫിസ്
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നലെ കേന്ദ്രമന്ത്രി അനന്ത്കുമാറിന്റെയും വയനാട് എം.പി എം.ഐ ഷാനവാസിന്റെയും നിര്യാണത്തില്‍ അനുശോചിച്ചു സഭ വേഗം പിരിഞ്ഞതോടെ നിയമസഭാ തെരഞ്ഞെടുപ്പുഫലം അറിയുന്നതില്‍ വ്യാപൃതരാവുകയായിരുന്നു എം.പിമാര്‍. ഓഫീസിലിരുന്ന് ആദ്യഫലം കണ്ട ശേഷം അനുകൂലമാണെങ്കില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വീരോചിതമായി എത്തി ബി.ജെ.പി ആസ്ഥാനത്തുവച്ച് തുടര്‍ഫലങ്ങള്‍ വീക്ഷിക്കാമെന്നുമായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവരുടെ പദ്ധതി. കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും ഇതുപോലൊരു അന്തരീക്ഷമുണ്ടാക്കിയ ശേഷമായിരുന്നു ബി.ജെ.പി ആസ്ഥാനത്തെത്തിയത്.
പാര്‍ട്ടി ഓഫിസിനു പുറത്തു തടിച്ചുകൂടിയ നൂറുകണക്കിനു പ്രവര്‍ത്തകരെ അഭിവാദ്യംചെയ്ത ശേഷം അമിത് ഷാ മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. എന്നാല്‍, തുടക്കം മുതലേ മധ്യപ്രദേശില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഛത്തിസ്ഗഡില്‍ നിന്നും പ്രതികൂലമായ ഫലം വന്നതോടെ അമിത്ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇരുന്നിടത്ത് നിന്ന് എണീറ്റില്ല. 12 മണിയായപ്പോഴേക്കും ഏറെക്കുറേ ബി.ജെ.പിക്കു തിരിച്ചടിയാണെന്ന വിധത്തില്‍ ചിത്രം വ്യക്തമായതിനെത്തുടര്‍ന്ന് പ്രതികരണത്തിനായി മാധ്യമങ്ങള്‍ ഡല്‍ഹി ദീന്‍ദയാല്‍ ഉപാധ്യായ് മാര്‍ഗിലെ പാര്‍ട്ടിയുടെ പുതിയ ആസ്ഥാനത്തിനു മുന്‍പില്‍ എത്തിയെങ്കിലും സംസാരിക്കാന്‍ നേതാക്കള്‍ തയ്യാറായില്ല.
ഫലപ്രഖ്യാപനം തുടങ്ങും മുന്‍പ് തന്നെ ജനങ്ങളുടെ ഒഴുക്ക് തടയാനായി ബി.ജെ.പി ആസ്ഥാനത്തിനു മുന്‍പില്‍ ഡല്‍ഹി പൊലിസ് ബാരിക്കേഡുകള്‍ തീര്‍ത്ത് വന്‍ സുരക്ഷാസന്നാഹം തന്നെ തീര്‍ത്തിരുന്നു. വന്‍ പൊലിസും സ്ഥലത്ത് നിലയുറപ്പിച്ചു. ഉച്ചയായിട്ടും ആളുകള്‍ വരാതിരുന്നതോടെ പിന്നീട് പൊലിസ് തന്നെ ബാരിക്കേഡുകള്‍ നീക്കി. തെരഞ്ഞെടുപ്പ് ഫലം, പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന ദിവസം എന്നിങ്ങനെ തിളച്ചുമറിയുന്ന രാഷ്ട്രീയ സാഹചര്യമായിട്ടും ബി.ജെ.പി ആസ്ഥാനത്തിനു മുന്‍പില്‍ ഇന്നലെ ശോകമൂകമായിരുന്നു അന്തരീക്ഷം. പ്രവര്‍ത്തകരാരും ഓഫിസിനു മുന്നിലെത്തിയില്ല.
അതേസമയം, അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നിലാവട്ടെ രാവിലെ 10 മണിയായപ്പോഴേക്കും പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. ശരീരത്തില്‍ കളര്‍ പുരട്ടിയും മധുരം വിതരണം ചെയ്തും നൃത്തം വച്ചും പാര്‍ട്ടിയുടെ വിജയത്തെ പ്രവര്‍ത്തകര്‍ ആഘോഷിച്ചു. പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും തണുത്തുറഞ്ഞ ഡല്‍ഹിയിലെ അന്തരീക്ഷത്തെ പ്രവര്‍ത്തകര്‍ ചൂടുപിടിപ്പിക്കുകയും ചെയ്തു. ബി.ജെ.പി ഓഫിസില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് നേതാക്കളും എത്തിക്കൊണ്ടിരുന്നു. മാധ്യമങ്ങളുടെ ഒ.ബി വാനുകള്‍കൊണ്ട് അക്ബര്‍ റോഡ് നിറഞ്ഞു. ഒപ്പം ഗതാഗത തടസ്സവുമുണ്ടായി. അക്ബര്‍ റോഡില്‍ രാഹുല്‍ഗാന്ധിക്ക് അനുകൂലമായി മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രവര്‍ത്തകര്‍ ചെറിയസംഘങ്ങളായി പ്രകടനങ്ങളം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."