ജില്ലയില്‍ 4.5 ലക്ഷം കുട്ടികള്‍ക്ക് നാളെ വിരഗുളിക നല്‍കും
കോട്ടയം: ദേശീയ വിരമുക്തി ദിനത്തിന്റെ ഭാഗമായി ജില്ലയില്‍ 4.5 ലക്ഷം കുട്ടികള്‍ക്ക് നാളെ വിര ഗുളിക നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. ജില്ലയിലെ സ്കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ചാണ് വിരമുക്തി ക്യാംപയിന് നടത്തുക.
ഒന്നു മുതല്‍ 19 വരെ പ്രായമുള്ളവര്‍ക്കാണു വിരഗുളിക നല്‍കുന്നത്. ഉച്ചഭക്ഷണത്തിനു ശേഷം ചവച്ചരച്ച് വെള്ളത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്.
സാധാരണ വിരയിളക്കുന്നതിന് നല്‍കിവരുന്ന ആല്‍ബന്‍ഡസോള്‍ എന്ന ഗുളികയാണ് നല്‍കുന്നത്.
പനിയോ, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ട അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വിരക്കെതിരെ ഗുളിക കഴിച്ച കുഞ്ഞുങ്ങളും ഗുളിക കഴിക്കണം.
കുട്ടികളിലെ വിരസാന്ദ്രത കുറയ്ക്കുന്നതിലൂടെ സമൂഹത്തിലും മണ്ണിലും ധാരാളമായി നിലനില്‍ക്കുന്ന വിരകളെ വലിയൊരു പരിധിവരെ നശിപ്പിക്കുന്നതിനാണ് ഒറ്റ ദിവസം ഗുളിക വിതരണം.
കേരളത്തിലെ മണ്ണില്‍ 48 ശതമാനത്തോളം വിര സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്.
അങ്കണവാടിയില്‍ പോകാത്ത കുഞ്ഞുങ്ങളും സ്വകാര്യ നഴ്സറികളില്‍ പഠിക്കുന്ന കുട്ടികളും ഉച്ചസമയത്ത് അങ്കണവാടികളിലെത്തി മരുന്നു കഴിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."