കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി; കൊല്ലത്ത് കോണ്‍ഗ്രസില്‍ ഭിന്നത
കൊല്ലം: കാഷ്യൂകോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതി ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും പടപ്പുറപ്പാടിന് കാരണമാകുന്നു.
ഉമ്മന്‍ചാണ്ടി പ്രസിഡന്റായ കശുവണ്ടിതൊഴിലാളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സവിന്‍ സത്യന്റെ വാര്‍ത്താസമ്മേളനത്തിനെതിരേ ദിവസങ്ങള്‍ക്കുള്ളില്‍ ചന്ദ്രശേഖരന്‍ വിഭാഗവും വാര്‍ത്താസമ്മേളനം നടത്തി രംഗത്തുവന്നതോടെ ജില്ലയിലെ ഐ.എന്‍.ടി.യു.സിയിലും കലാപത്തിനുള്ള തിരിതെളിഞ്ഞു.
കാഷ്യു കോര്‍പറേഷനുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായുള്ള പ്രചാരണം ആര്‍. ചന്ദ്രശേഖരന്റെ നാശം ആഗ്രഹിക്കുന്ന യൂനിയന്‍ പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യം സംരക്ഷിക്കാനുമാണെന്ന് സൗത്ത് ഇന്ത്യന്‍ കാഷ്യു വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) നേതാക്കള്‍ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്റെ സ്വന്തക്കാരനായ അഡീഷണല്‍ ചീഫ് സെക്രട്ടറി എബ്രഹാമിനെ ഉപയോഗിച്ചു നടത്തിയ ഇടപെടലാണ് കാഷ്യൂ കോര്‍പറേഷന്‍ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് കാരണമായത്. യു.ഡി.എഫ്. ഭരിച്ചപ്പോള്‍ ഐ.എന്‍.ടി.യു.സി. നേതാവായ കാഷ്യു കോര്‍പറേഷന്‍ ചെയര്‍മാനെതിരേ സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥന്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് കൊടുത്തതു കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്.
ചന്ദ്രശേഖരന്‍ കോട്ടയം വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയിലെ തൊഴിലാളി പ്രവര്‍ത്തനം തുടങ്ങിയ കാലം മുതലാണ് ഉമ്മന്‍ചാണ്ടി അദ്ദേഹത്തിനെതിരേ പ്രവര്‍ത്തനം തുടങ്ങിയത്. സത്യശീലന്‍ മരിച്ചപ്പോള്‍ 'ആശ്രിതനിയമന'ത്തിലാണ് സവിനെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയാക്കിയത്. കാല്‍ നൂറ്റാണ്ട്കാലം കോര്‍പ്പറേഷനില്‍ ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്നു സത്യശീലന്‍. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ സത്യശീലന്റെ പങ്കും അന്വേഷിക്കണം.
ഉമ്മന്‍ചാണ്ടി നേരിട്ട് പറയാതെ അനുയായികളെക്കൊണ്ടു പറയിക്കുന്നതിനാലാണ് ചന്ദ്രശേഖരനും നേരിട്ട് രംഗത്ത് എത്താത്തതെന്ന് സൗത്ത് ഇന്ത്യന്‍ കാഷ്യു വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റും കാഷ്യു ഐ.ആര്‍.സി. അംഗവുമായ ശൂരനാട് ശ്രീകുമാര്‍, യൂനിയന്‍ ജനറല്‍ സെക്രട്ടറിയും കാപ്പെക്‌സ് ഡയറക്ടറുമായ കോതേത്ത് ഭാസുരന്‍, കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐ.എന്‍.ടി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വി.ഡി സുദര്‍ശനന്‍, യൂനിയന്‍ ജില്ലാ പ്രസിഡന്റ് ടി.ആര്‍ ഗോപകുമാര്‍ എന്നിവര്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ചന്ദ്രശേഖരന്‍ അനുകൂലികളുടെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങളില്‍ എ ഗ്രൂപ്പിനുള്ളില്‍ പ്രതിഷേധമുയര്‍ന്നു.
എ ഗ്രൂപ്പ് സംസ്ഥാന നേതൃത്വത്തെ ജില്ലാ നേതൃത്വം വിവരം ധരിപ്പിച്ചതായാണ് അറിയുന്നത്. ജില്ലയിലെ ഐ ഗ്രൂപ്പിലാകട്ടെ ചന്ദ്രശേഖരനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. എന്നാല്‍ ചന്ദ്രശേഖരനെതിരേ വരും ദിവസങ്ങളില്‍ എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തുവരാനാണ് സാധ്യത. ഉമ്മന്‍ചാണ്ടിക്കെതിരേ വാര്‍ത്താസമ്മേളനം നടത്തിയ നേതാക്കള്‍ക്കെതിരെയും എ ഗ്രൂപ്പിനുള്ളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കശുവണ്ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രാദേശിക കോണ്‍ഗ്രസ് യൂനിയന്‍ നേതാക്കള്‍ തമ്മിലുള്ള ചക്കുളത്തിപ്പോരാട്ടത്തിലേക്ക് മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ പേര് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ചുണ്ടിലൊതുങ്ങുന്നതേ കൊത്താവു എന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് പി ജര്‍മ്മയാസ് പറഞ്ഞു.
അന്തരിച്ച മുന്‍ ഡി.സി.സി പ്രസിഡന്റും കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായിരുന്ന വി സത്യശീലന്റെ പേരു വിവാദ പ്രസ്താവനയില്‍ വലിച്ചിഴയ്ക്കുന്നത് നന്ദികേടാണെന്നും അദ്ദേഹത്തിന്റെ ആത്മാവു പോലും പൊറുക്കില്ലെന്നും നേതാക്കള്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും ജര്‍മ്മിയാസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."