കരിപ്പൂരില്‍ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം
കൊണ്ടോട്ടി: ചെന്നൈയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനം കരിപ്പൂരില്‍ ലാന്‍ഡിങിനിടെ തെന്നിമാറി റണ്‍വേയില്‍നിന്ന് പുറത്തേക്ക് നീങ്ങി. വൈമാനികന്റെ അവസരോചിത ഇടപെടല്‍ മൂലം തലനാരിഴക്ക് വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ എട്ടിനാണ് വിമാനത്താവളത്തില്‍ യാത്രക്കാരേയും സുരക്ഷ ഉദ്യോഗസ്ഥരേയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം.
അപകടത്തില്‍ റണ്‍വേയില്‍ സ്ഥാപിച്ച അഞ്ചു ലൈറ്റുകളും തകര്‍ന്നു. വിമാനത്തിന്റെ ചക്രവും തകരാറിലായി. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി വിമാനത്തിന്റെ തുടര്‍ സര്‍വിസ് റദ്ദാക്കി. റണ്‍വേയുടെ മധ്യഭാഗത്ത് ഇറങ്ങേണ്ട വിമാനം വലതു വശത്തേക്ക് മാറിയതാണ് അപകടത്തിന് കാരണം. അപകടത്തെതുടര്‍ന്ന് റണ്‍വേ ഒരുമണിക്കൂര്‍ അടച്ചതിനാല്‍ മൂന്ന് വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു.
ചെന്നൈയില്‍ നിന്ന് 68 യാത്രക്കാരടക്കം 75 പേരുമായി എത്തിയ വിമാനം പടിഞ്ഞാറ് ഭാഗത്ത് ലാന്‍ഡിങിനായി റണ്‍വേയില്‍ ഇറങ്ങുന്നതിനിടെയാണ് ചക്രം തെന്നിമാറി വലതു ഭാഗത്തേക്കു നീങ്ങിയത്. റണ്‍വേയുടെ വശത്തായി പൈലറ്റുമാര്‍ക്കു തിരിച്ചറിയാനായി സ്ഥാപിച്ചിരുന്ന 5 ലൈറ്റുകള്‍ക്ക് മുകളിലൂടെ കയറി വിമാനത്തിന്റെ ചക്രം ചെളിയിലേക്ക് പൂര്‍ണമായും എത്തുന്നതിന് മുന്‍പ് വൈമാനികന്‍ നിയന്ത്രിച്ച് റണ്‍വേയുടെ മധ്യത്തിലേക്ക് തന്നെ കൊണ്ടുവരികയായിരുന്നു. ഈ സമയത്ത് കനത്ത മഴയുമുണ്ടായിരുന്നു. വിമാനത്തിന്റെ ചക്രം കയറിയിറങ്ങിയാണ് ലൈറ്റുകള്‍ തകര്‍ന്നത്. വിമാനത്തിന് അപ്രതീക്ഷിത കുലക്കുവും ഉലച്ചിലുമുണ്ടായതോടെ യാത്രക്കാരും ഭയന്ന് നിലവിളിച്ചു. എന്നാല്‍ പേടിക്കേണ്ടതില്ലെന്ന് വിമാനത്തില്‍ നിന്ന് അറിയിപ്പ് വന്നതോടെയാണ് യാത്രക്കാര്‍ക്ക് ആശ്വാസമായത്.
ഇറങ്ങുന്നതിനിടെ വിമാനം തെന്നുന്നത് കണ്ട കരിപ്പൂര്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം വിമാനത്താവളത്തിലെ അഗ്‌നിശമനസേനയേയും സുരക്ഷാ സേനയേയും വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ കുതിച്ചെത്തിയപ്പോഴേക്കും വിമാനം വൈമാനികന്‍ സുരക്ഷിതമായി റണ്‍വേയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് വിമാനം റണ്‍വേ ഏപ്രണില്‍ കൊണ്ടു വന്ന് യാത്രക്കാരെ പുറത്തിറക്കി. അപകട സമയത്ത് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്ത്, ഇത്തിഹാദ് എയറിന്റെ അബൂദബി, എയര്‍ഇന്ത്യയുടെ മുംബൈ വിമാനങ്ങള്‍ ലാന്‍ഡിങിനായി കരിപ്പൂരിന് മുകളിലെത്തിയിരുന്നു. റണ്‍വേ താല്‍ക്കാലികമായി അടക്കേണ്ടിവന്നതിനാല്‍ ഇവ കൊച്ചിയിലേക്ക് തിരിച്ചു വിടാന്‍ എയര്‍ ട്രാഫിക് ആവശ്യപ്പെടുകയായിരുന്നു. റണ്‍വേയില്‍ അപകടം മൂലമുണ്ടായ ചെളി നീക്കം ചെയ്ത്, വശത്തെ ലൈറ്റുകള്‍ പുനഃസ്ഥാപിച്ചാണ് പിന്നീട് വിമാനങ്ങള്‍ക്ക് ലാന്‍ഡിങിനുള്ള അനുമതി നല്‍കിയത്.
കൊച്ചിയിലേക്ക് തിരിച്ചു വിട്ട വിമാനങ്ങള്‍ പിന്നീട് കരിപ്പൂരിലെത്തി. അപകടത്തില്‍ പെട്ട വിമാനത്തിന്റെ ചെന്നൈ, ബംഗളൂരു സര്‍വിസ് റദ്ദാക്കി. അപകടത്തെക്കുറിച്ച് വിമാനത്താവള അധികൃതര്‍ വൈമാനികനോട് പ്രാഥമിക വിവരങ്ങള്‍ തേടി. ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി
കൊണ്ടോട്ടി: കരിപ്പൂരില്‍ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നിയ സംഭവത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി. റണ്‍വേയുടെ മധ്യത്തിലിറങ്ങേണ്ട വിമാനം വലതുവശത്തേക്ക് മാറി ലാന്‍ഡു ചെയ്തതാണ് അപകട കാരണമെന്ന് അതോറിറ്റിയുടെ പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. ഈ സമയം മഴ ശക്തമായിരുന്നു. ഈ സമയത്തെ കാറ്റും കാറ്റിന്റെ ഗതിയും പരിശോധിച്ചു വരികയാണ്. വൈമാനികനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക വിവരങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."