ഇന്ന് വെള്ളിയാഴ്ച, പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്രവും ബി.ജെ.പിയും; പൊലിസിനെ ഇറക്കിയും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും യു.പി സര്‍ക്കാര്‍, ഡല്‍ഹിയില്‍ 144
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ മുഴുവന്‍ പ്രതിഷേധക്കടലാക്കിയ ഒരു വെള്ളിയാഴ്ചയുടെ ഓര്‍മയില്‍ കൂടുതല്‍ പ്രതിരോധങ്ങളുമായി കേന്ദ്രവും യോഗി സര്‍ക്കാറും. ഡല്‍ഹിയില്‍ പലയിടത്തും 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ യു.പി ഭവന് സമീപം, സീലംപൂര്‍, ജാഫറാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് നിരോധനാജ്ഞ. ഉത്തര്‍പ്രദേശിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ പൊലിസിനെ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ജുമുഅക്ക് മുന്നോടിയായി പട്രോളിങ്ങും ഏര്‍പെടുത്തിയിട്ടുണ്ട്. 14 ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.
അതേസമയം, ജാമിഅ മില്ലിയ്യ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഇന്ന് വീണ്ടും സമരമുഖത്തേക്കിറങ്ങും. ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനെതിരായ പൊലിസ് നടപടിക്കെതിരെയാണ് പ്രതിഷേധം. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവര്‍ ഇന്ന് ദല്‍ഹിയിലെ ചാണക്യപുരിയിലുള്ള യു.പി ഭവന്‍ ഉപരോധിക്കും. ഉച്ചയ്ക്കു ശേഷം മൂന്നുമണിക്കാണ് ഉപരോധം.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സമരത്തിന് പൊലിസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പക്ഷേ സമരത്തില്‍ നിന്ന് എന്തു കാരണവശാലും പിന്മാറില്ലെന്നാണു വിദ്യാര്‍ഥികളുടെ നിലപാട്.
സംഭവബഹുലമായ പ്രതിഷേധങ്ങള്‍ക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി സാക്ഷ്യം വഹിച്ചത്. ജുമുഅ നമസ്‌ക്കാരത്തിനു ശേഷം ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലി അക്ഷരാര്‍ത്ഥത്തില്‍ തലസ്ഥാന നഗരിയെ പിടിച്ചു കുലുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."