ഒന്‍പതു പതിറ്റാണ്ടിന്റെ ചരിത്ര സ്മരണയില്‍ പുത്തന്‍പള്ളി
നടുവണ്ണൂര്‍: ഒന്‍പതു പതിറ്റാണ്ടിന്റെ ചരിത്ര സ്മരണകളെ തൊട്ടുണര്‍ത്തുകയാണ് കാവുന്തറ പുത്തന്‍പള്ളി. 1928ല്‍ എടപ്പറമ്പത്ത് അടിയാണ്ടി ആലിയാണ് ഈ ദൈവിക ഗേഹം പണി കഴിപ്പിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആദര്‍ശങ്ങളനുസരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ഈ പള്ളിയില്‍ പാരമ്പര്യ മുതവല്ലി ഭരണ വ്യവസ്ഥിതിയാണുള്ളത്. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളാണ് ഇപ്പോഴത്തെ മഹല്ല് ഖാസി.
ആലിയുടെ മരണശേഷം സഹോദരന്‍ അടിയാണ്ടി താവോളി ആമത് മുതവല്ലിയായി. ശേഷം ആലി എഴുതിവച്ച പ്രമാണമനുസരിച്ച് മരുമക്കത്തായ സമ്പ്രദായ പ്രകാരമാണ് പള്ളിയുടെ ഭരണ നിര്‍വഹണം നടക്കുന്നത്. ആമതിന്റെ മരണാനന്തരം മരുമക്കളില്‍ മൂത്തവനായ ചെറേകുഴിയില്‍ ആലിയും എടപ്പറമ്പത്ത് കോയോട്ടിയും മക്കാട്ട് അമ്മദ് കുട്ടിയും അടിയാണ്ടി കുഞ്ഞായനും മുതവല്ലിയായി. കുഞ്ഞായന്റെ കാലത്ത്, പള്ളിയുടെ സ്ഥാപകനായ ആലിയുടെ മക്കളായ നടുവണ്ണൂര്‍ പഞ്ചായത്ത് പ്രഥമ പ്രസിഡന്റായിരുന്ന മഠത്തില്‍ കുഞ്ഞിപ്പക്കിയും താവോളി പക്കിയും ഇസ്‌ലാമിക സ്വത്തവകാശം പിതൃദായകമാണെന്നും മരുമക്കത്തായ രീതി ഞങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും മുതവല്ലി സ്ഥാനം ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും വാദിച്ചെങ്കിലും നിയമ വ്യവസ്ഥയും മഹല്ല് നിവാസികളും സ്ഥാപകന്‍ എഴുതിവച്ച പ്രമാണ പ്രകാരമുള്ള മരുമക്കത്തായ സമ്പ്രദായം അംഗീകരിക്കുകയായിരുന്നു.
കുഞ്ഞായനു ശേഷം സഹോദരന്‍ മൊയ്തു , ഇമ്പിച്ച്യാലി എന്നിവര്‍ മുതവല്ലിയായി. ശേഷം താവോളി പുത്തലത്ത് മൊയ്തി, ചെറേകുഴിയില്‍ ഹസന്‍ ഹാജി എന്നിവരുടെ മേല്‍നോട്ടത്തില്‍ കണ്ടമ്പത്ത് മായിനും തുടര്‍ന്ന് കോയോട്ടിയും മുതവല്ലിയായി. ഇടക്കാലത്ത് കോയോട്ടി തന്റെ മേല്‍നോട്ടത്തില്‍ കുടുംബത്തിലെ ആറോളം മരുമക്കത്തായ പ്രകാരമുള്ളവരെയും മഹല്ല് നിവാസികളില്‍ നിന്ന് ചിലരെയും ഉള്‍പ്പെടുത്തി ഒരു പള്ളി പരിപാലന കമ്മിറ്റി രൂപീകരിക്കുകയും വാര്‍ധക്യസഹജമായ അവശതകള്‍ കാരണം താല്‍ക്കാലികമായി ഭരണം ഇവരെ ഏല്‍പ്പിക്കുകയും ചെയ്തു.
ഇതിനിടയില്‍ ചിലര്‍ ഈ കമ്മിറ്റിയിലെ ഒരു വ്യക്തിയെ സ്വാധീനിക്കുകയും പള്ളിയുടെ അടിസ്ഥാന രേഖകള്‍ എടുത്തു മാറ്റുകയും പള്ളിയുടെമേല്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ വഖ്ഫ് ട്രിബ്യൂണല്‍ ഇവരുടെ വാദം തള്ളുകയായിരുന്നു.
പ്രായാധിക്യത്താല്‍ പള്ളിയുടെ ദൈനംദിന കാര്യങ്ങളില്‍ പോലും ഇടപെടാന്‍ കഴിയാത്തതു കാരണം കോയോട്ടി തന്റെ മരുമക്കളില്‍ മൂത്തവനും എലങ്കമല്‍ പ്രദേശത്തെ പുരാതന മുസ്‌ലിം തറവാടായ തണ്ടോറ പുളിയാന്‍ കടവത്ത് കുടുംബാംഗവും കാരയാട് സ്വദേശിയുമായ കാഞ്ഞിരോട്ട് അമ്മതിനെ മുതവല്ലിയായി നിയമിച്ചു.
പൗരാണികത തുടിച്ചു നില്‍ക്കുന്ന ഈ പള്ളിയുടെ തൊട്ടടുത്ത് നിരവധി മഹല്ലുകളുടെ ഖബര്‍സ്ഥാനും നിലകൊള്ളുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."