ഇന്ത്യക്ക് പുതുജീവന്‍
പെര്‍ത്ത്: ഓസീസിനെതിരേ തുടക്കം പിഴച്ച ഇന്ത്യയെ പോരാട്ടത്തിലേക്ക് തിരികെ എത്തിച്ച് നായകന്‍. ആസ്‌ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഓസീസ് ഇന്നിങ്‌സ് 326 ല്‍ അവസാനിപ്പിച്ച ഇന്ത്യയുടെ തുടക്കം മോശമായി. ഓപ്പണര്‍മാരെ തുടക്കത്തില്‍ നഷ്ടമായ ഇന്ത്യയെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (82) അജിങ്ക്യേ രഹാനെയും (51) ആണ് പുറത്താവാതെ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. രണ്ടാം ദിനം സ്റ്റമ്പ് എടുക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ മൂന്നിന് 172 എന്ന നിലയിലാണ് ഇന്ത്യ.
കരകയറ്റി കോഹ്‌ലിയും
രഹാനെയും
മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ പ്രതിരോധത്തിലായ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് കോഹ്‌ലി - അജിങ്ക്യ രഹാനെ സഖ്യമാണ്. ഇന്നിങ്‌സ് പതിയെ മുന്നോട്ടു നയിച്ച കോഹ്‌ലി 43 ാമത്തെ ഓവറില്‍ അര്‍ധശതകം കുറിച്ചു. മൂന്നാമത്തെ പന്തില്‍ കമ്മിന്‍സിനെ ബൗണ്ടറിയിലേക്ക് പായിച്ചാണ് കോഹ്‌ലി 50 റണ്‍സ് തികച്ചത്. കോഹ്‌ലി - രഹാനെ സഖ്യം ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. രഹാനെയും അര്‍ധ സെഞ്ചുറി തികച്ചു. നങ്കൂരമിട്ടു കളിച്ച കോഹ്‌ലിയും രഹാനെയും ഇന്ത്യന്‍ ഇന്നിങ്‌സിന് മികച്ച അടിത്തറ പാകി. ഒന്‍പത് ബൗണ്ടറികള്‍ നിറഞ്ഞതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്. ആറ് ബൗണ്ടറിയും ഒരു സിക്‌സും അടങ്ങിയതായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്.
ദയനീയം തുടക്കം
ഒന്നാം ഇന്നിങ്‌സില്‍ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ തുടക്കം അതിദയനീയമായിരുന്നു. ഓപ്പണര്‍മാരായ ലോകേഷ് രാഹുലിനെയും മുരളി വിജയിയെയും പുറത്താക്കി ഓസീസ് പേസര്‍മാര്‍ തിരിച്ചടിച്ചു. 12 പന്ത് നേരിട്ട മുരളി വിജയ് സംപൂജ്യനായി മടങ്ങി. ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ വെറും ആറ് റണ്‍സ് മാത്രം നിലനില്‍ക്കേ മിച്ചല്‍ സ്റ്റാര്‍ക്ക് മുരളി വിജയിയെ ക്ലീന്‍ ബൗള്‍ഡാക്കി. ഇന്ത്യന്‍ സ്‌കോര്‍ എട്ടു റണ്‍സില്‍ എത്തി നില്‍ക്കേ ലോകേഷ് രാഹുലിന്റെ കുറ്റിതെറുപ്പിച്ച ജോഷ് ഹെയ്‌സല്‍വുഡ് പോരാട്ടം ഓസീസിന്റെ വരുതിയിലാക്കി. മൂന്നാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഒത്തുചേര്‍ന്നതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ അര്‍ധശതകം പിന്നിട്ടത്. സ്‌കോര്‍ 82 ല്‍ നില്‍ക്കേ അഡലയ്ഡിലെ ഇന്ത്യന്‍ ഹീറോ ചേതേശ്വര്‍ പൂജാര പുറത്തായി. 103 പന്തില്‍ 24 റണ്‍സ് എടുത്ത പൂജാരയെ ടിം പെയ്‌നിന്റെ കൈകളില്‍ എത്തിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് ഇന്ത്യയെ വിറപ്പിച്ചത്.
ഓസീസ് വാലറ്റത്തെ തകര്‍ത്ത് പേസര്‍മാര്‍
ഒന്നാം ടെസ്റ്റില്‍ നങ്കൂരമിട്ടു നിന്ന ഓസീസ് വാലറ്റത്തെ എറിഞ്ഞിട്ടു ഇന്ത്യന്‍ പേസര്‍മാര്‍. ആറിന് 277 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് വാലറ്റം ഇന്ത്യക്ക് ഭീഷണിയാകുമെന്നു തോന്നിച്ചു. എന്നാല്‍, 33 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യന്‍ പേസര്‍മാര്‍ തിരിച്ചടിച്ചു. 66 ബോളില്‍ 19 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സിനെ ക്ലീന്‍ ബൗള്‍ഡാക്കി ഉമേഷ് യാദവാണ് ഇന്ത്യക്ക് വിക്കറ്റ് സമ്മാനിച്ചത്. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ ടിം പെയ്‌നെ വിക്കറ്റിന് മുന്നില്‍ കുരുക്കി ജസ്പ്രീത് ബുമ്ര ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. 89 പന്തില്‍ 38 റണ്‍സുമായാണ് ടിം പെയിന്‍ കൂടാരം കയറിയത്. ഓസീസ് സ്‌കോര്‍ എട്ടിന് 326 ല്‍ എത്തി നില്‍ക്കേ ആറ് റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇഷാന്ത് ശര്‍മ ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ചു. തൊട്ടടുത്ത പന്തില്‍ ജോഷ് ഹെയ്‌സല്‍വുഡിനെയും പൂജ്യനാക്കി മടക്കിയ ഇഷാന്ത് ഓസീസ് ഇന്നിങ്‌സിന് അന്ത്യം കുറിച്ചു. നഥാന്‍ ലിയോണ്‍ ഒന്‍പത് റണ്‍സുമായി പുറത്താവാതെ നിന്നു. വാലറ്റത്തെ വേഗം മടക്കി അയക്കാന്‍ കഴിഞ്ഞതോടെ ഓസീസ് സ്‌കോര്‍ 326 ല്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി. ഇന്ത്യക്കായി ഇഷാന്ത് ശര്‍മ നാലും ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്, ഹനുമ വിഹാരി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."