ഇടതുസര്‍ക്കാരിന്റെ തനിനിറം
പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം കുറിക്കുകയാണ്. സ്വാശ്രയ മുതലാളിമാര്‍ക്ക് കുടപിടിക്കുന്നതില്‍ തുടങ്ങി പനി മരണങ്ങള്‍ നാടെങ്ങും വ്യാപിക്കുന്നത് തടയാന്‍ പരാജയപ്പെട്ടതു വരെ ജനവിരുദ്ധതയുടെ ചളിക്കുണ്ടിലാഴ്ന്നു നില്‍ക്കുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍. ദലിത് കൊലപാതകങ്ങളും പീഡനങ്ങളും ഏറ്റവുമധികമുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നു. പൊലിസ് അതിക്രമങ്ങളും രാഷ്ട്രീയ സംഘടനകളും അതിനെ തുടര്‍ന്നുളള കൊലപാതകങ്ങളും വിലക്കയറ്റവും ഈ നാടിനു മേല്‍ ഭയാശങ്കകളുടെ കരിനിഴല്‍ പരത്തിയിരിക്കുകയാണ്. ഇതെല്ലാം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടാനും സര്‍ക്കാരിന്റെ മുഖം മൂടി വലിച്ചുകീറാനും തയ്യാറെടുത്തുകൊണ്ടാണ് പ്രതിപക്ഷം നിയമസഭയിലേക്കെത്തുന്നത്.
തങ്ങളുടെ ജനവിരുദ്ധ സമീപനങ്ങളും കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്മയും ജനങ്ങളുടെ കണ്ണില്‍നിന്ന് മറച്ചുവയ്ക്കാന്‍ വളരെ ആസൂത്രിതമായ ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ ഫീസ് നിശ്ചയിച്ചതില്‍ സര്‍ക്കാര്‍ പാവപ്പെട്ടവരെയും സാധാരണക്കാരെയും വഞ്ചിക്കുകയായിരുന്നു. രണ്ട് മിനിറ്റ് കൊണ്ട് പാകം ചെയ്ത നൂഡില്‍സ് എന്നാണ് ഹൈക്കോടതി ഇതിനെ വിമര്‍ശിച്ചത്. നക്കാപ്പിച്ച ഫീസ് കുറവു വരുത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ചരിത്രത്തിലാദ്യമായാണ് ഒരു സര്‍ക്കാര്‍ സ്വാശ്രയ പ്രവേശനം ഇത്ര അലംഭാവത്തോടെ കൈകാര്യം ചെയ്യുന്നത്. എന്നാല്‍, ഹൈക്കോടതിയുടെ വിമര്‍ശനമൊന്നും തങ്ങളെ ബാധിക്കുന്ന തരത്തിലല്ല എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. സ്വാശ്രയ മെഡിക്കല്‍ പ്രവേശന പ്രക്രിയ ആരംഭിച്ചു കഴിഞ്ഞ ശേഷം അതിന് ആധാരമായ ഓര്‍ഡിനന്‍സ് തന്നെ റദ്ദാക്കുകയും പുതുതായി മറ്റൊന്ന് പുറപ്പെടുവിക്കുകയും ചെയ്യുന്ന അപഹാസ്യമായ സ്ഥിതിയും ഇവിടെയുണ്ടായി. ഇതോടെ ഫീസ് നിശ്ചയിച്ച സമിതി തന്നെ ഇല്ലാതായി. ഇതോടെ സ്വാശ്രയ പ്രവേശന പ്രക്രിയ പൂര്‍ണമായും അട്ടിമറിക്കപ്പെടുകയുണ്ടായി. ദന്തല്‍ പ്രവേശനത്തിലും നഴ്‌സിങ് പ്രവേശനത്തിലും ഇതേ കെടുകാര്യസ്ഥതയും അലംഭാവവുമാണ് സര്‍ക്കാര്‍ കാണിച്ചത്. ഇതിനെക്കുറിച്ച് ഞാന്‍ മുഖ്യമന്ത്രിക്ക് വിശദമായ കത്ത് നല്‍കുകയുമുണ്ടായി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ സ്വാശ്രയ മുതലാളിമാരെ സംതൃപ്തരാക്കുന്ന നടപടിയാണ് എപ്പോഴും കൈക്കൊണ്ടിട്ടുള്ളത്. ആരോഗ്യമന്ത്രിക്കാകട്ടെ ഒന്നിനെ കുറിച്ചും ധാരണയില്ല.
അതുപോലെ തന്നെ കേരളം നേരിടുന്ന ആരോഗ്യ പ്രതിസന്ധിയിലും സര്‍ക്കാര്‍ ഒന്നും ചെയ്യാതെ നിശ്ചലമായി നില്‍ക്കുകയായിരുന്നു. സംസ്ഥാനത്ത് ഏഴുമാസത്തിനിടെ പനി ബാധിച്ചു മരിച്ചത് 400 പേരെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ഡെങ്കിപ്പനി ബാധിച്ചാണ് കൂടുതല്‍ ആളുകളും മരിച്ചത്. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെ മരിച്ചു. കഴിഞ്ഞ വര്‍ഷം 21 പേര്‍ മാത്രമാണ് ഡെങ്കിമൂലം മരിച്ചത്. ഈ വര്‍ഷം 201 പേര്‍. ഇത്തവണ പകര്‍ച്ചപ്പനി ബാധിച്ച് 71 പേരും എച്ച് വണ്‍, എന്‍ വണ്‍ ബാധിച്ച് 78 പേരും മരിച്ചു. എലിപ്പനി മൂലം 62 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
കഴിഞ്ഞ വര്‍ഷം 36 പേരാണ് എലിപ്പനി മൂലം മരിച്ചത്. 22,000 പേര്‍ ദിവസവും വിവിധ ആശുപത്രികളില്‍ പനി ബാധിച്ച് ചികില്‍സ തേടുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം പനിമരണങ്ങള്‍ നടന്നതെന്നും മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ എത്ര പേര്‍ ചികില്‍സ തേടിയിട്ടുണ്ടെന്നോ എത്ര പേര്‍ മരിച്ചുവെന്നോ ഒരു കണക്കും സര്‍ക്കാരിന്റെ കൈയിലില്ല. സര്‍ക്കാര്‍ ആശുപത്രിയിലെത്തിയതിന്റെ പത്തിരട്ടി ആളുകളെങ്കിലും സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിച്ചിട്ടുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ആ നിലക്ക് നോക്കിയാല്‍ മരണസംഖ്യ ഇപ്പോഴുള്ളതിന്റെ 5 ഇരട്ടിയെങ്കിലും വരും. വേനല്‍ക്കാല പൂര്‍വ ശുചീകരണത്തിന്റെയും മാലിന്യ നിര്‍മാര്‍ജനത്തിന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂര്‍ണമായും പരാജയപ്പെട്ടിരുന്നു. മഴക്കാലം തുടങ്ങിയപ്പോള്‍ കൊതുകു നശീകരണപ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും കാര്യമായി നടന്നില്ല. അതാണ് പനി ഇത്ര വേഗത്തില്‍ പടരാനും മരണങ്ങള്‍ വര്‍ധിക്കാനും കാരണം.
പൊലിസ് അതിക്രമങ്ങള്‍ക്കും ദലിത് പീഡനങ്ങള്‍ക്കും പിണറായി ഭരണം വസന്തകാലമാണ്. സി.പി.എം ഭരണം തുടങ്ങിയതുതന്നെ കണ്ണൂരിലെ കുട്ടിമാക്കൂലില്‍ രണ്ട് ദലിത് യുവതികളെ ജയിലില്‍ അടച്ചുകൊണ്ടാണ്. തൃശൂര്‍ ജില്ലയിലെ പാവറട്ടി പൊലിസ് സ്റ്റേഷനില്‍ വിനായകന്‍ എന്ന 19 കാരനായ ദലിത് യുവാവിനെ ജൂലൈ 18ന് കസ്റ്റഡിയിലെടുത്തു. ഒരു മാലപൊട്ടിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഉച്ചക്ക് 12.30 ഓടെയാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം അന്നുതന്നെ പൊലിസ് വിട്ടയച്ചു. എന്നാല്‍, വീട്ടിലെത്തിയ വിനായകനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. മാലമോഷണക്കേസ് ആരോപിച്ച് കസ്റ്റഡിയിലെടുത്ത പൊലിസ് വിനായകനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിക്കുകയുണ്ടായി. വിനായകന്റെ നെഞ്ചിലും പുറത്തും ജനനേന്ദ്രിയത്തിലും മര്‍ദനമേറ്റു.
അന്നുതന്നെ വിനായകനെ കിടപ്പുമുറയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ഇതില്‍ വളരെ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. രണ്ട് പൊലിസുകാരെ മാത്രം സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് ഈ കേസില്‍ കാട്ടിയത്.
ബി.ജെ.പിയും സി.പി.എമ്മും എന്നും തങ്ങളുടെ വീഴ്ചകളെയും അഴിമതികളെയും മറക്കാന്‍ രാഷ്ട്രീയാക്രമണങ്ങളിലും കൊലപാതകങ്ങളിലും അഭയം തേടാറുണ്ട്. കഴിഞ്ഞയാഴ്ച തലസ്ഥാനത്ത് നടന്ന അക്രമ പരമ്പരകളും കൊലപാതകങ്ങളും അതിന് തെളിവാണ്. ആയിരം കോടിയുടെ മെഡിക്കല്‍ കോഴ ഇടപാടില്‍ ബി.ജെ.പിയുടെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ പ്രതിക്കൂട്ടിലാണ്. കോവളം കൊട്ടാരം വില്‍പ്പനയും എം വിന്‍സന്റ് എം.എല്‍.എയെ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ജയിലിലാക്കിയതും മേല്‍പ്പറഞ്ഞ ജനവിരുദ്ധ നയങ്ങളുമെല്ലാം കൊണ്ട് സി.പി.എമ്മും പ്രതിരോധത്തിലായിരുന്നു. ഈ തിരച്ചടികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ബി.ജെ.പി, സി.പി. എം നേതൃത്വങ്ങള്‍ ആസൂത്രണം ചെയ്തതായിരുന്നു പരസ്പരമുള്ള അക്രമങ്ങളും കൊലപാതകവും.
ജി.എസ്.ടി വന്നതിന് ശേഷം സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിനുള്‍പ്പെടെയുള്ള എല്ലാറ്റിനും വില ക്രമാതീതമായി വര്‍ധിച്ചു. എന്നാല്‍, ധനകാര്യമന്ത്രി ടി.എം തോമസ് ഐസകിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വേണ്ടത്ര മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കിയത് വിപരീത ഫലമാണുണ്ടാക്കിയിരിക്കുന്നത്. വില കുറയേണ്ട സാധനങ്ങള്‍ക്കെല്ലാം വില വര്‍ധിച്ചു. ഹോട്ടലുകളില്‍ നിലവിലുണ്ടായിരുന്ന വിലയ്ക്ക് പുറമെ ജി.എസ്.ടിയും ചുമത്തുകയാണെന്ന് പരാതിയുണ്ട്. ഇത് വ്യാപാരികളും ഉപഭോക്താക്കളും തമ്മില്‍ നിരന്തരമായ സംഘര്‍ഷത്തിനും കാരണമായി. കോഴിയിറച്ചിക്കും പച്ചക്കറിക്കും ധാന്യപ്പൊടിക്കും ജി.എസ്.ടി അനുസരിച്ച് നികുതി ഇല്ലെങ്കിലും തങ്ങള്‍ക്ക് വില കുറച്ച് അതുകിട്ടുന്നില്ലെന്നാണ് ഹോട്ടലുടമകളുടെ പരാതി. വ്യാപാര സ്ഥാപനങ്ങളിലാകട്ടെ നേരത്തെ എടുത്തുവച്ചിരിക്കുന്ന സ്‌റ്റോക്കിന്മേല്‍ എന്തു ചെയ്യണമെന്നും വ്യക്തമല്ല.
പലേടത്തും എം.ആര്‍.പിക്ക് പുറമെ ജി.എസ്.ടി ചുമത്തുന്നതായും പരാതിയുണ്ട്. വ്യാപാരികള്‍ക്ക് കാര്യമായ ബോധവല്‍ക്കരണം നടത്തിയ ശേഷമല്ല ജി.എസ്.ടി നടപ്പാക്കിയത്. ഈ സാഹചര്യത്തില്‍ അവ്യക്തത നീങ്ങുന്നത് വരെയുള്ള സാവകാശം ലഭിക്കാന്‍ ജി.എസ്.ടി നടപ്പാക്കുന്നത് ആറുമാസത്തേക്ക് മരവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമായിരുന്നു. അതുണ്ടായില്ല.
അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ഇപ്പോഴും നിര്‍ബാധം അരങ്ങേറുന്നു. ആദിവാസി യുവതികള്‍ ചികില്‍സ നിഷേധിക്കപ്പെട്ട് ഓട്ടോറിക്ഷയിലും വഴി വക്കിലും പ്രസവിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ മറ്റേതൊ ചില അജണ്ടകള്‍ മുറകെ പിടിച്ച് മുന്നോട്ട് പോവുകയാണ്. അവ ജനവിരുദ്ധ രാഷ്ട്രീയ നേട്ടം മാത്രം ലാക്കാക്കിയുള്ള അജണ്ടകളാണെന്ന് വ്യക്തം. അവ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടാനും പരാജയപ്പെടുത്താനും പ്രതിപക്ഷം പ്രതിജ്ഞാബദ്ധരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."