മോദിയെ പ്രലോഭിപ്പിക്കുന്ന ഇസ്‌റാഈല്‍
ഭൂമുഖത്തെ ഏതെങ്കിലുമൊരു രാഷ്ട്രത്തിനു മാതൃകാരാഷ്ട്രമെന്ന പദവി ഇന്ത്യയിലെ ആര്‍.എസ്.എസുകാര്‍ വകവച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അത് ജൂതവംശീയരാഷ്ട്രമായ ഇസ്‌റാഈലിനു മാത്രമാണ്. സയണിസത്തിന്റെ ഉപജാപപ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്ന 1920-കളില്‍ അന്നത്തെ ഹിന്ദുമഹാസഭാനേതാക്കളും പിന്നീട് 1925ല്‍ രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകൃതമായപ്പോള്‍ ഡോ. ഹെഡ്‌ഗേവാറിനെപ്പോലുള്ളവരും ജൂതരാഷ്ട്രപരിശ്രമങ്ങളെ പ്രശംസിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിതമായപ്പോള്‍, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ പരമാവധി ശ്രമിച്ച് അന്നു പരാജയമേറ്റുവാങ്ങിയ ആര്‍.എസ്.എസ് ആ രാഷ്ട്രപിറവിയെ ആഘോഷിച്ചിരുന്നു. പല കാര്യങ്ങളിലും ജൂതവംശീയരാഷ്ട്രത്തിന്റെ ആശയങ്ങളുമായി ആര്‍.എസ്.എസിനു ശക്തമായ സമാനതകളുണ്ട്. ഇവരുടെ നേതാക്കള്‍ പലപ്പോഴായി ഇസ്‌റാഈലിനെ പുകഴ്ത്തുകയും 'ഇന്ത്യയെ അതുപോലൊരു രാഷ്ട്രമാക്കി മാറ്റാന്‍' അണികളെ ആഹ്വാനം ചെയ്യുകയുമുണ്ടായി.
നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോള്‍ ആദ്യം അഭിനന്ദനം അറിയിച്ച വിദേശരാഷ്ട്രനേതാക്കളുടെ കൂട്ടത്തില്‍ ഇസ്‌റാഈലിന്റെ ഭരണാധികാരിയുമുണ്ടായതു സ്വാഭാവികം. ആ രാഷ്ട്രം സ്ഥാപിതമായശേഷം അവിടെ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ ഭരണാധികാരിയായി മോദി മാറിയതും ടെല്‍ അവീവിലെ പൂപ്പാടത്ത് ആന്തൂറിയം ഇനത്തില്‍പെട്ട ഒരുതരം പൂവിനു മോദിയുടെ പേരുനല്‍കിയതും 'ഇന്ത്യ ഇസ്‌റാഈലിന്റെ എല്ലാ അര്‍ഥത്തിലുമുള്ള സഹോദരരാഷ്ട്രമാണെ'ന്നു ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതുമെല്ലാം ആ സ്വാഭാവികതയുടെ തുടര്‍ച്ച മാത്രം.
ഇന്ത്യയില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് അധികാരം ലഭിക്കുകയും ആര്‍.എസ്.എസുകാരനായ നരേന്ദ്രമോദി പ്രധാനമന്ത്രിയാവുകയും ചെയ്തില്ലായിരുന്നെങ്കില്‍ നെതന്യാഹുവിന്റെ 'സാഹോദര്യപ്രഖ്യാപന'മുള്‍പ്പെടെ ഒന്നും സംഭവിക്കുമായിരുന്നില്ല. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധിവരെയുള്ളവരും ഇടക്കാലത്തുവന്ന വി.പി. സിങ്, ഐ.കെ ഗുജ്‌റാള്‍, ചന്ദ്രശേഖര്‍, ദേവഗൗഡ തുടങ്ങിയവരും പ്രധാനമന്ത്രിയായ ഇന്ത്യയെക്കുറിച്ചു 'ഇസ്‌റാഈലിന്റെ സഹോദരരാഷ്ട്രം' എന്നു പറയാന്‍ നെതന്യാഹുവിനു കഴിയുമായിരുന്നില്ല.
ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയധാരയ്ക്കും ഇസ്‌റാഈല്‍ രാഷ്ട്രത്തിന്റെ അസ്തിത്വത്തിനും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ ഇഴയടുപ്പം മോദിയുടെ സന്ദര്‍ശനത്തിന്റെ പ്രധാനപശ്ചാത്തലം തന്നെയാണ്. കഴിഞ്ഞ മൂന്നുവര്‍ഷക്കാലത്തെ ഇന്ത്യന്‍ അനുഭവങ്ങള്‍ വച്ചു നോക്കുമ്പോള്‍ മറ്റൊരു ഇസ്‌റാഈലായി ഇന്ത്യയെ പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിലാണു മോദി നേതൃത്വം നല്‍കുന്ന ഭരണകൂടമെന്നു സ്പഷ്ടമാണ്.
നെഹ്‌റുവിന്റെ കാലംമുതല്‍ നരസിംഹറാവുവിന്റെ കാലംവരെയും ഇന്ത്യ ഔദ്യോഗികമായി പിന്തുണ നല്‍കിവന്നതു ഫലസ്തീനായിരുന്നു. സോവിയറ്റ് യൂനിയന്റെ ശാക്തികസമ്മര്‍ദങ്ങളെ മറികടന്നും ഇസ്‌റാഈല്‍-ഫലസ്തീന്‍ തര്‍ക്കവിഷയങ്ങളില്‍ ഫലസ്തീനൊപ്പം നില്‍ക്കുവാന്‍ സാധിച്ച നെഹ്‌റുവിന്റെ നിലപാട് അറബ് ലോകത്തു ചെലുത്തിയ സ്വാധീനം വളരെവലുതാണ്. ബ്രിട്ടന്റെ കോളനിയായിരുന്ന ഇന്ത്യയെ ഇസ്‌റാഈലിനൊപ്പം നിര്‍ത്താന്‍ ആ പൂര്‍വബന്ധത്തിന്റെ പേരില്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍ കിണഞ്ഞുശ്രമിച്ചെങ്കിലും നെഹ്‌റുവിന്റെ ശക്തമായ നിലപാടുകള്‍ അത്തരം ശ്രമങ്ങളെ നിഷ്പ്രഭമാക്കി.
ഈ നിലപാട് ആഗോളരാഷ്ട്രീയത്തില്‍ ഇന്ത്യയെന്ന വലിയ ജനാധിപത്യരാഷ്ട്രത്തിനു നല്‍കിയ അന്തസ്സും ആദരവും സംഘ്പരിവാര്‍ രാഷ്ട്രീയക്കാര്‍ക്ക് ഉള്‍ക്കൊള്ളാനോ മനസിലാക്കാനോ കഴിയില്ല. സ്വന്തം മണ്ണില്‍ അഭയാര്‍ഥികളാവാന്‍ വിധിക്കപ്പെട്ട ഫലസ്തീനികള്‍ക്ക് ഇന്ത്യയുടെ അനുഭാവം നല്‍കിയ കരുത്തും അഭിമാനവും സീമാതീതമായിരുന്നു. ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് യാസര്‍ അറഫാത്ത് ഇന്ദിരാഗാന്ധിയെ 'ഫലസ്തീനിന്റെയും എന്റെയും സഹോദരി'യെന്നു വിശേഷിപ്പിച്ചത് ആത്മാര്‍ഥമായിട്ടാണ്.
ആര്‍.എസ്.എസുകാരനെന്ന നിലയില്‍ നരേന്ദ്രമോദിക്ക് അഭിമാനിക്കാവുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ ഇസ്‌റാഈല്‍ സന്ദര്‍ശനദിനങ്ങളില്‍ ഉണ്ടായത്. എന്നാല്‍, ഒരു ജനതയെ പ്രതിനിധീകരിക്കുന്ന ഭരണാധികാരിയെന്ന നിലയില്‍ അഭിമാനമല്ല, അപമാനമാണ് ആ മൂന്നുദിവസസന്ദര്‍ശനം. 'ഭൂമിയില്‍ മാത്രമല്ല, ആകാശത്തും അതിനപ്പുറവും പടര്‍ന്നുകിടക്കുന്നതാണ് ഇന്ത്യയും ഇസ്‌റാഈലും തമ്മിലുള്ള ബന്ധ'മെന്നു ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് ആര്‍.എസ്.എസ്-സയണിസ്റ്റ് സാഹോദര്യത്തിന്റെ പശ്ചാത്തലത്തില്‍ അര്‍ഥവത്താണ്.
ഇസ്‌റാഈലിനെപ്പോലൊരു രാഷ്ട്രമാക്കി ഇന്ത്യയെ വളര്‍ത്തിയെടുക്കുക എന്ന ആര്‍.എസ്.എസിന്റെ 'കനവ് ' യാഥാര്‍ഥ്യമാക്കുവാനുള്ള ചിന്തകളുമായാണു മോദി ഇസ്‌റാഈലില്‍ മൂന്നുദിനങ്ങള്‍ അര്‍മാദിച്ചു ചെലവഴിച്ചത്.
ഭീകരതയെക്കുറിച്ചു പറയുന്നിടത്തു 'സമാനമായ അനുഭവങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങള്‍' എന്ന് ഇന്ത്യയെയും ഇസ്‌റാഈലിനെയും തുലനപ്പെടുത്തിയതില്‍പോലും സയണിസ്റ്റ്-ആര്‍.എസ്.എസ് മനോഭാവങ്ങളുടെ സഹോദരബന്ധം കാണാം. രാജ്യത്തെ മുസ്‌ലിംകളെ മുഴുവന്‍ ഭീകരവാദികളായി ചിത്രീകരിക്കാന്‍ മടിക്കാത്ത ആര്‍.എസ്.എസിന്റെ ശാഖയില്‍ ശിക്ഷണം ലഭിച്ച രാഷ്ട്രീയക്കാരനെന്ന നിലയില്‍ എന്താണു മോദി ഇസ്‌റാഈലില്‍ പറഞ്ഞതിന്റെ അര്‍ഥമെന്നു കണ്ടെത്താന്‍ അധികം തലപുകയ്‌ക്കേണ്ടതില്ല.
സ്വന്തം മണ്ണില്‍നിന്നു തുരത്തപ്പെട്ട ഫലസ്തീന്‍ ജനത ജീവിക്കാനായുള്ള അവകാശത്തിനായി നടത്തുന്ന ജീവന്മരണ പോരാട്ടമാണു നെതന്യാഹുവിന്റെ ഭാഷയിലെ 'ഇസ്‌റാഈല്‍ നേരിടുന്ന ഭീകരത'. സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളില്‍ സര്‍വാത്മനാ അണിചേരുകയും രാജ്യത്തിന്റെ അസ്തിത്വം യാഥാര്‍ഥ്യമാക്കുന്നതില്‍ മുന്നില്‍നിന്നു പ്രവര്‍ത്തിക്കുകയും ചെയ്ത ഇന്ത്യന്‍മുസ്‌ലിംകള്‍ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന ഉന്മൂലനശ്രമങ്ങളെ കണ്ണുതുറന്നുകാണുമ്പോള്‍ ഭീകരതയുടെ പേരില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന തരത്തില്‍ മോദി ജൂതരാഷ്ട്രത്തില്‍വച്ചു നടത്തിയ ജല്‍പനത്തിന്റെ പൊരുള്‍ മനസിലാകും.
അയല്‍രാജ്യങ്ങളുമായി നിരന്തരംസംഘട്ടനത്തിലേര്‍പ്പെടുകയും മനുഷ്യത്വരഹിതവും സമാധാനവിരുദ്ധവുമായ പ്രവണതകളെ ഉപയോഗിക്കുകയും രാഷ്ട്രത്തിനകത്ത് അറബ്-ഇസ്‌ലാമികചിഹ്നങ്ങളും പേരുകളും മുസ്‌ലിം മതാത്മകപ്രതീകങ്ങളും നിരോധിക്കുകയും ഖുര്‍ആനിന്റെയും ഹദീസ് ഗ്രന്ഥങ്ങളുടെയും പ്രതികള്‍ കത്തിക്കുകയും ചെയ്യുന്നതാണ് ഇസ്‌റാഈലിന്റെ നടപടി. അതു മാതൃകയാക്കി ഇന്ത്യയെ ഉടച്ചുവാര്‍ക്കുകയാണു സംഘ്പരിവാറിന്റെ ലക്ഷ്യം.
ഇന്ത്യയില്‍നിന്ന് ഇസ്‌ലാമിന്റെ മുദ്രകള്‍ മായ്ച്ചുകളയാന്‍ യത്‌നിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാറിന്റെ വക്താക്കള്‍ക്കു വികസനം ഹിന്ദുത്വരാഷ്ട്രീയക്കാരന്റെ മാത്രം ക്ഷേമവും വികസനവുമാണ്. ആ ആശയം കിട്ടിയതും ഇസ്‌റാഈല്‍ മാതൃകയില്‍നിന്നുതന്നെ. ജൂതവംശീയഭ്രാന്തന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ലോകത്തു ജീവിച്ചിരിക്കാന്‍ അവകാശമില്ലെന്നു ചിന്തിക്കുന്നവരാണല്ലോ സയണിസ്റ്റുകള്‍.
വെറുതെയല്ല മോദി ഇസ്‌റാഈലില്‍ മൂന്നുദിനം അത്യാഹ്ലാദവാനായി ചെലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."