സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്തിന് ഡോക്ടറേറ്റ്; പാലക്കാട് പൊലീസിനിത് അഭിമാന നിമിഷം
പാലക്കാട്: കാക്കുള്ളിലെ ജീനിയസ്സ് ഒടുവില്‍ പൊലീസ് സേനയുടെയാകെ അഭിമാനമായി.പാലക്കാട് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്താണ് ഇപ്പോള്‍ സേനയിലെ താരം. കാക്കിയണിഞ്ഞ് കുറഞ്ഞ കാലയളവില്‍ത്തന്നെ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും, നാട്ടുകാരുടെയും , സഹപ്രവര്‍ത്തകരുടെയും പ്രശംസയും , സ്‌നേഹവും പിടിച്ചുപറ്റിയ രഞ്ജിത്ത് അദ്ദേഹത്തിന്റെ സ്വപ്നമായിന്ന പി.എച്ച്.ഡി പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടിയതോടെ വകുപ്പ് തലവന്‍മാര്‍മുതല്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ്.
ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയിലാണ് രഞ്ജിത്ത് ഡോക്ടറേറ്റ് നേടിയിരിക്കുന്നത്. സഹ്യപര്‍വ്വതനിരകളില്‍ കാണപ്പെടുന്ന ' ഓഫിയോര്‍ഹിസ്സ' എന്ന ഒരു തരം ഔഷധ സസ്യത്തെക്കുറിച്ചാണ് ഗവേഷണം നടത്തിയിരുന്നത്. കാന്‍സര്‍ രോഗത്തിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും വ്യാവസായിക അടിസ്ഥാനത്തില്‍ ടിഷ്യുകള്‍ച്ചര്‍ മുഖേന കൂടുതല്‍ ചെടികള്‍ വളര്‍ത്തിയെടുത്താല്‍ വൈദ്യശാസ്ത്ര രംഗത്ത് ഒരു മുതല്‍ക്കൂട്ടാകുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. എന്തു തന്നെയായാലും പൊലീസിലെ കഠിനമായ ജോലി ഭാരത്തിനിടയിലും തന്റെ കഴിവും ഇച്ഛാശക്തിയും ഉപയോഗിച്ച് തന്റെ ഗവേഷണ പഠനം പൂര്‍ത്തിയാക്കിയ ഡോ.രഞ്ജിത്തിനെ അഭിനന്ദിക്കാന്‍ മത്സരിക്കുകയാണ് സഹപ്രവര്‍ത്തകര്‍. 2010ല്‍ ഗൈഡുമാരായ പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് സെന്ററിലെ ഡോ.ബി.സാബുലാല്‍, അല്‍വാര്‍കുറിച്ചി എസ്.പി.കെ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ആര്‍. വെങ്കിട്ടരാമന്‍ എന്നിവരുടെ കീഴിലാണ് ഗവേഷണം നടന്നത്. 2010ല്‍ ആരംഭിച്ച ഗവേഷണം 2018ലാണ് പൂര്‍ത്തിയായത്. ബോര്‍ഡ് ഒഫ് റിസര്‍ച്ച് ഇന്‍ ന്യൂക്ലിയര്‍ സയന്‍സ്, ഡിപ്പാര്‍ട്ട് മെന്റ് ഓഫ് അറ്റോമിക് എനര്‍ജി എന്നിവരുടെ ഫെല്ലോഷിപ്പോടുകൂടിയാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ഗവേഷണ ഫലം രണ്ട് അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ അവതരിപ്പിക്കുകയും , മൂന്ന് അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയാണ് ഡോ.ആര്‍ രഞ്ജിത്ത്, പിതാവ് രാജന്‍ പിള്ള, അമ്മ രാധാമണി, ഭാര്യ പൗര്‍ണ്ണമി, മകന്‍ ഇഷാന്‍. 2014 ല്‍ കേരളാ പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിക്കുകയും, എറണാകുളം ,തൃത്താല ,പാലക്കാട് നോര്‍ത്ത് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസിലെ തിരക്കേറിയ ജോലി സമയത്തിനിടയിലും തന്റെ ഗവേഷണം തുടര്‍ന്ന ഡോ.ആര്‍ രഞ്ജിത്ത് ഒടുവില്‍ തന്റെ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."