ഹൊസ്ദുര്‍ഗ് ബാങ്ക് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്കെതിരേ കോണ്‍ഗ്രസിലെ ഒരു വിഭാഗം
കാഞ്ഞങ്ങാട്: 30ന് നടക്കുന്ന ഹൊസ്ദുര്‍ഗ് സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് സൗത്തിലെ കോണ്‍ഗ്രസ് നേതാവും മുന്‍ നഗരസഭാ ചെയര്‍മാനുമായ വി. ഗോപിയെ ഏകപക്ഷീയമായി സ്ഥാനാര്‍ഥിയാക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസില്‍ പ്രതിഷേധം.
ബൂത്ത് കമ്മിറ്റിയിലോ മറ്റു മേല്‍ കമ്മിറ്റികളിലോ ആലോചിക്കാതെയാണ് വി. ഗോപിയെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇതേ തുടര്‍ന്ന് വി. ഗോപിയുടെ നാടായ കാഞ്ഞങ്ങാട് സൗത്തിലടക്കം നഗരസഭാ പരിധിയിലെ വിവിധ മേഖലകളില്‍ പ്രതിഷേധ യോഗം ചേര്‍ന്നു.
കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതിനാല്‍ അന്ന് ഡി.സി.സി പ്രസിഡന്റായിരുന്ന അഡ്വ. സി.കെ ശ്രീധരനെതിരേ വിമത പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പ്രസിഡന്റിന്റെ കോലം വരെ കത്തിക്കുകയും ചെയ്ത ആളാണ് ഗോപിയെന്നാണ് പ്രവര്‍ത്തകരുടെ പരാതി. പ്രവര്‍ത്തകരെ മാനിക്കുന്ന നേതാക്കള്‍ പാര്‍ട്ടിയെ നയിക്കണമെന്നാണ് കോണ്‍ഗ്രസിലെ ഈ വിഭാഗത്തിന്റെ ആവശ്യം. പി.വി സുരേഷ്, പി.കെ ഫൈസല്‍ തുടങ്ങി രണ്ടു നേതാക്കളാണ് വി. ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നിലെന്നും വിമതര്‍ ആരോപിക്കുന്നു. പ്രതിഷേധ യോഗത്തില്‍ പ്രാദേശിക നേതാക്കളായ അനില്‍ വാഴുന്നോറടി, അഡ്വ. ബാബുരാജ്, മുട്ടില്‍ പ്രകാശന്, കുഞ്ഞിക്കണ്ണന്, പുതുക്കൈയിലെ മണ്ഡലം സുകുമാരന്‍, നിധീഷ്, ആലാമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."