ജമ്മു കശ്മിരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. ആറുമാസത്തെ ഗവര്‍ണര്‍ ഭരണത്തിനു ശേഷമാണ് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്കു വന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് പ്രധാനമന്ത്രിക്കയച്ച കത്ത് ഇന്നലെ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ വച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെ ശുപാര്‍ശയോടുകൂടി രാഷ്ട്രപതിക്ക് ഗവര്‍ണറുടെ കത്തു സമര്‍പ്പിച്ചു.
ഇതിനു പിന്നാലെയാണ് രാഷ്ട്രപതി ഭരണത്തിലേക്ക് സംസ്ഥാനം നീങ്ങിയത്.
കഴിഞ്ഞ ജൂണ്‍ 20ന് ബി.ജെ.പി പിന്തുണ പിന്‍വലിച്ചതോടെയാണ് മുഖ്യമന്ത്രി മെഹബൂബ മുഫ്തി മന്ത്രിസഭ പിരിച്ചുവിട്ടത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് ആറുമാസമായി ഗവര്‍ണര്‍ ഭരണമായിരുന്നു.
ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങുമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങാതിരിക്കാന്‍ ബി.ജെ.പിക്കെതിരേ പി.ഡി.പി, നാഷനല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നിവര്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം നടക്കുന്നതിനിടയിലാണ് നവംബര്‍ 22ന് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."