ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്ന് സി.എ.ജി
തിരുവനന്തപുരം: തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്ന് സി.എ.ജി. നിയമസഭയുടെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിലാണ് ജേക്കബ് തോമസിനെതിരേ പരാമര്‍ശമുള്ളത്.
വലിയതുറയിലെ കെട്ടിട നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായും ഇതിനായി സ്ഥലം തെരഞ്ഞെടുത്തത് പ്രായോഗിക പഠനം നടത്താതെയാണെന്നും സി.എ.ജി കണ്ടെത്തി. കെട്ടിട നിര്‍മാണത്തിന് തിരുവനന്തപുരം കോര്‍പറേഷന്റെ അനുമതി വാങ്ങിയില്ല.
ഇതിനാല്‍ സാധാരണ നിരക്കിന്റെ മൂന്നിരട്ടിയായ 2.4 ലക്ഷം രൂപ വാര്‍ഷിക നികുതിയായി അടക്കേണ്ടിവന്നു. ഈ തുക 2017 മാര്‍ച്ച് വരെ അടച്ചില്ല.
സര്‍ക്കാരിനെ ഇക്കാര്യത്തില്‍ ഡയറക്ടര്‍ വഴിതെറ്റിക്കുകയായിരുന്നു. 1.93 കോടി ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം ഇപ്പോള്‍ ഉപയോഗശൂന്യമായി നശിക്കുകയാണ്. കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ലാന്‍ഡ് സ്‌കേപ്പിങ്ങിനും ഉദ്യാനം ഒരുക്കുന്നതിനുമായി 8.30 ലക്ഷം രൂപ മുന്‍കൂറായി കെ.പി.എച്ച്.സിയെ ഏല്‍പ്പിച്ചു. എന്നാല്‍, 6.73 ലക്ഷത്തിനാണ് പണി പൂര്‍ത്തിയാക്കിയത്. ഉദ്യാനത്തിന്റെ പരിപാലനത്തിന് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് കെ.പി.എച്ച്.സി ആവശ്യപ്പെട്ടിരുന്നെങ്കിലും ഡയറക്ടര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.
പി.ഡബ്ല്യു.ഡി മാന്വല്‍പ്രകാരം കെട്ടിടത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥലം പദ്ധതിക്ക് അനുയോജ്യമായിരിക്കണം. പ്രകൃതിക്ഷോഭത്തിന് കെട്ടിടം വിധേയമാകില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. എന്നാല്‍, വലിയതുറയില്‍ നിര്‍മിച്ച ഡയറക്ടറേറ്റ് മന്ദിരം കടല്‍ത്തീരത്ത് തിരമാല ഒഴുകിയെത്തുന്ന ഭാഗത്തിന് 30 മീറ്ററിനുള്ളിലാണ്. കെട്ടിടം ശക്തമായ കാറ്റിനും ലവണാംശമുള്ള അന്തരീക്ഷത്തിനും വിധേയമാണ്.
ഫര്‍ണിച്ചറുകള്‍ തുരുമ്പെടുക്കുകയും മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ കാറ്റില്‍ പറന്നുപോകുകയും ചെയ്തിട്ടുണ്ട്. സോളാര്‍ പാനലിനുള്ള ഫണ്ട് വകമാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുണനിലവാരം ഉറപ്പാക്കാതെ ജേക്കബ് തോമസ് കരാറുകാര്‍ക്ക് പണം നല്‍കി. ഇത് സര്‍ക്കാരിന് അധിക ചെലവുണ്ടാക്കി. കൊടുങ്ങല്ലൂരിലെ ഓഫിസില്‍ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിച്ചതിലും ക്രമക്കേടുണ്ട്.
തുറമുഖ കാര്യാലയം പ്രവര്‍ത്തിച്ചിരുന്ന കൊടുങ്ങല്ലൂരിലെ സിഗ്‌നല്‍ സ്റ്റേഷന്‍ നവീകരിക്കുന്നതിന് പകരം 'കോണ്‍ഫറന്‍സ് ഹാള്‍ നവീകരണം' എന്ന പ്രവൃത്തിയാണ് നടത്തിയത്. സിഡ്‌കോക്ക് ആയിരുന്നു നിര്‍മാണ ചുമതല. ഡയറക്ടര്‍ ഈ നിര്‍മാണത്തിന് വകുപ്പിന്റെ അനുമതി വാങ്ങിയിരുന്നില്ല. സിഗ്‌നല്‍ സ്റ്റേഷന്‍ നവീകരണം എന്ന പദ്ധതി കാണിച്ച് 57.97 ലക്ഷത്തിന്റെ ഭരണാനുമതി സര്‍ക്കാരില്‍നിന്ന് നേടുകയും ചെയ്തു.
ഇത്തരത്തില്‍ ഡയറക്ടര്‍ സര്‍ക്കാരിനെ വഴിതെറ്റിക്കുകയും തുക വകമാറ്റുകയും ചെയ്തതായി സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
വലിയതുറ, വിഴിഞ്ഞം, അഴീക്കല്‍, ബേപ്പൂര്‍ എന്നീ നാലു തുറുമുഖ ഓഫിസുകളില്‍ സൗരോര്‍ജ സംവിധാനം സ്ഥാപിക്കുന്നതിനുവേണ്ടി 35 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയെങ്കിലും ഫണ്ട് വകമാറ്റി ചെലവാക്കി. അനര്‍ട്ടിന്റെ സാക്ഷ്യപത്രം ലഭിച്ചതിനുശേഷം മാത്രമേ ഫണ്ട് കൊടുക്കാവൂവെന്ന് സിഡ്‌കോയുടെ കരാറില്‍ പറഞ്ഞിരുന്നു.
എന്നാല്‍, സാക്ഷ്യപത്രം സമര്‍പ്പിക്കാതെ സിഡ്‌കോയ്ക്ക് മുഴുവന്‍ തുകയും നല്‍കിയതായും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."