ഉ.കൊറിയ ബുദ്ധിപരമായ തീരുമാനമെടുക്കണമെന്ന് ചൈന
ബെയ്ജിങ്: യു.എന്‍ ഉപരോധമേര്‍പ്പെടുത്തിയിട്ടും ആണവ-മിസൈല്‍ പരീക്ഷണങ്ങളില്‍നിന്നു പിന്തിരിയാന് കൂട്ടാക്കാത്ത ഉത്തര കൊറിയയെ അനുനയിപ്പിക്കാന്‍ ചൈനയുടെ നീക്കം. ഉ.കൊറിയ ബുദ്ധിപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണു പ്രതീക്ഷയെന്നും അതിനുള്ള സമയമാണിതെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ പറഞ്ഞു.
യു.എന്‍ നടപ്പാക്കിയ ഉപരോധത്തിനു പിറകെ ഉ.കൊറിയന്‍ വിദേശകാര്യ മന്ത്രി റി ഹോങ് യോവുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് വാങ് യീ ഇക്കാര്യം അറിയിച്ചത്. ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍ ഇരുരാജ്യങ്ങളുമുള്പ്പെടെ പ്രാദേശിക രാഷ്ട്രങ്ങളുടെ സുരക്ഷാ ഫോറം ചേരുന്നതിനു മുന്നോടിയായാണ് ഇരുവരും പരസ്പരം കൂടിക്കാഴ്ച നടത്തിയത്.
പ്രശ്നം പരിഹരിക്കാനുള്ള ഒരേയൊരു മാര്‍ഗം ചര്‍ച്ചയാണെന്നും വാങ് യീ വ്യക്തമാക്കി. നേരത്തെ കിം ജോങ് ഉന്‍ ഭരണകൂടത്തിന്റെ നിരന്തര പ്രകോപനത്തില്‍ പ്രതിഷേധിച്ച് ഉത്തര കൊറിയക്കെതിരേ സൈനിക നടപടിയിലേക്കു നീങ്ങുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. തീരുമാനം പിന്നീട് അമേരിക്ക പിന്‍വലിക്കുകയായിരുന്നു. അമേരിക്കയെ പാഠം പഠിപ്പിക്കാനുള്ള ആണവ സാങ്കേതികവിദ്യ തങ്ങളുടെ കൈയിലുണ്ടെന്ന് കഴിഞ്ഞ ദിവസം ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തര കൊറിയക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവന്നത്. ഇത് സമിതി ഐക്യകണ്ഠേന അംഗീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."