കോരപ്പുഴ പാലം ചരിത്രമാകും, പാലം ഇന്ന് പൊളിച്ചുതുടങ്ങും
കോഴിക്കോട്: കണ്ണൂര്‍ ദേശീയപാതയിലെ കോരപ്പുഴ പാലം ഇന്നുമുതല്‍ പൊളിച്ചുതുടങ്ങും. 1938 ലാണ് ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് കോരപ്പുഴ പാലം നിര്‍മിക്കാനുള്ള തീരുമാനമെടുത്തിരുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായതും കാലപ്പഴക്കവുമാണ് പാലം പൊളിച്ച് പുതിയതു നിര്‍മിക്കാനുള്ള തീരുമാനത്തിനു പിന്നില്‍. ഇതിനുള്ള പ്രവൃത്തികളാണ് ഇന്ന് ആരംഭിക്കുന്നത്. ഇന്നുമുതല്‍ പാവങ്ങാട്-വെങ്ങളം റൂട്ടില്‍ കോരപ്പുഴ വഴിയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. കൊയിലാണ്ടി ഭാഗത്തേക്കും തിരിച്ച് കോഴിക്കോട്ടേക്കുമുള്ള വാഹനങ്ങള്‍ പൂളാടിക്കുന്ന് ബൈപാസ് വഴി വെങ്ങളത്തേക്കു പോകണം. ദേശീയപാത 66 ല്‍ ഉള്‍പ്പെടുന്ന കോരപ്പുഴ പാലത്തില്‍ ഒരേസമയം വലിയ വാഹനങ്ങള്‍ക്ക് ഇരുദിശയിലേക്കും കടന്നു പോകാനുള്ള സൗകര്യമില്ല. ഇതാണു പാലം പൊളിച്ച് പുതിയപാലം പണിയുന്നത്.
1938 ല്‍ നിര്‍മാണമാരംഭിച്ച് 1940 ലാണ് പാലം പൂര്‍ത്തിയായത്. 2,84,600 രൂപയാണ് നിര്‍മാണത്തിനു ചെലവായത്. 40 വര്‍ഷമായിരുന്നു പാലത്തിന് കാലാവധി നിശ്ചയിച്ചത്. എന്നാല്‍ പാലത്തിന്റെ ആയുസ് ഇപ്പോള്‍ 78 വര്‍ഷം പിന്നിട്ടെങ്കിലും ബലക്ഷയം ഇപ്പോഴുമില്ല. പാലത്തിന്റെ വീതികുറവാണ് ഇപ്പോഴത്തെ വെല്ലുവിളി.
12 മീറ്റര്‍ വീതിയിലാണ് പുതിയപാലം പണിയുന്നത്. 24 കോടി 32 ലക്ഷം രൂപ ചെലവിലാണു പാലം നിര്‍മിക്കുക. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. പാലം പൊളിക്കുന്ന സാഹചര്യത്തില്‍ ദേശീയപാതയില്‍ കോരപ്പുഴയ്ക്കും എലത്തൂരിനും ഇടയില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. പാലത്തിന് തൂണ്‍ നിര്‍മിക്കാന്‍ പുഴയില്‍ മണല്‍ചാക്കുകളില്‍ ബണ്ട് കെട്ടി പൈലിങ് നടത്തുന്ന പ്രവൃത്തിയാണ് ആദ്യം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."