കേരളത്തിലെ ലോട്ടറി വിതരണവും വില്‍പ്പനയും നിര്‍ത്തിയെന്ന് മിസോറം സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തില്‍ മിസോറം ലോട്ടറിയുടെ വിതരണവും വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മിസോറം സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. മിസോറം സര്‍ക്കാരിന്റെ അറിയിപ്പ് ചീഫ് സെക്രട്ടറിക്കു ലഭിച്ചതായി ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. മിസോറം ലോട്ടറി നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കേരളം കത്തു നല്‍കിയിരുന്നു. മിസോറം സര്‍ക്കാരും ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്‌സും തമ്മിലുണ്ടാക്കിയ കരാര്‍ നിയമവിരുദ്ധമാണെന്നും സംസ്ഥാനത്തു മിസോറം ലോട്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നും കേരളം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പം മിസോറം ലോട്ടറി തട്ടിപ്പാണെന്നും ഇതിന്റെ വില്‍പ്പന നിയമവിരുദ്ധമാണെന്നും ധനമന്ത്രി തോമസ് ഐസക് നേരത്തെ ലോട്ടറി എജന്റുമാര്‍ക്കും മുന്നറിയിപ്പു നല്‍കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടാതെയാണ് മിസോറം ലോട്ടറിയുടെ വില്‍പ്പന തുടങ്ങിയത്. സിക്കിം ലോട്ടറി സംസ്ഥാനത്തു നിരോധിച്ച അവസരത്തില്‍ ഇതര സംസ്ഥാന ലോട്ടറി വില്‍പ്പന നടത്തുന്നതിനു കേന്ദ്രം സര്‍ക്കുലറിലൂടെ നിര്‍ദേശിച്ച കാര്യങ്ങളൊന്നും ഇക്കാര്യത്തില്‍ നടന്നിരുന്നില്ല. കേരള സംസ്ഥാന ഭാഗ്യക്കുറിക്കു 12 ശതമാനവും ഇതര സംസ്ഥാന ലോട്ടറിക്ക് 28 ശതമാനവുമാണ് ജി.എസ്.ടി. മിസോറം ലോട്ടറി കേരളത്തില്‍ വില്‍പ്പന നടത്തണമെങ്കില്‍ 28 ശതമാനം നികുതി നല്‍കണം. പ്രിന്റിങ്, കമ്മിഷന്‍, പരസ്യം ഉള്‍പ്പെടെ വിറ്റുവരവിന്റെ ഏതാണ്ട് 98 ശതമാനം ഡിസ്‌കൗണ്ടും ചെലവുകളും നികുതിയുമായി ചെലവാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."