ഗുജറാത്ത് നാടകത്തിനു പിന്നില്‍ ശങ്കര്‍ സിങ് വഗേല
ഗാന്ധിനഗര്‍: ഗുജറാത്തില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകത്തിന് പിന്നിലുള്ള കളിക്ക് തുടക്കമിട്ടത് രാഷ്ട്രീയ കരുനീക്കങ്ങളുടെ തന്ത്രശാലിയായി അറിയപ്പെടുന്ന ശങ്കര്‍ സിങ് വഗേല. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാഷ്ട്രീയ ചാണക്യനെന്ന് അറിയാന്‍ ആഗ്രഹിക്കുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്ത്രങ്ങള്‍ മെനഞ്ഞത്.
ഈ വര്‍ഷം ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ശങ്കര്‍ സിങ് വഗേലയുടെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം മുഖവിലക്കെടുക്കാതിരുന്നതോടെയാണ് അദ്ദേഹം കരുനീക്കങ്ങള്‍ തുടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അദ്ദേഹം ഗുജറാത്തിലെ കോണ്‍ഗ്രസ് പാളയത്തില്‍ കലാപത്തിന് തിരികൊളുത്തി.
ജനസംഘത്തിലൂടെ രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം കുറിച്ച വഗേല, വീണ്ടും ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന ഭീഷണി ഉയര്‍ത്തിയാണ് കോണ്‍ഗ്രസിനോട് വിലപേശല്‍ നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ തന്റെ വരുതിയില്‍ കൊണ്ടുവരാനുള്ള വഗേലയുടെ നീക്കത്തിന് തടയിട്ടത് അഹമ്മദ് പട്ടേലായിരുന്നു.
സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേല്‍ ശങ്കര്‍ സിങ് വഗേലയുടെ നീക്കങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നുമാത്രല്ല, അദ്ദേഹത്തിന്റെ നീക്കങ്ങള്‍ കണ്ടറിഞ്ഞ് തക്കതായ തിരിച്ചടിയും നല്‍കിയതോടെ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വഗേല നിര്‍ബന്ധിതനായി.
എന്നാല്‍ ശക്തമായ തിരിച്ചടിയെന്ന നിലയില്‍ തന്റെ മകന്‍ മഹേന്ദ്ര സിങ് വഗേലയടക്കം വിശ്വസ്തരായ ആറ് എം.എല്‍.എമാരേയും കൂട്ടി വഗേല മറുകണ്ടം ചാടിയതോടെ എന്തുചെയ്യണമെന്നറിയാതെ കോണ്‍ഗ്രസ് സ്തബ്ധരായി. ഇതിനിടയില്‍ എം.എല്‍.എമാരെ പണംകൊടുത്ത് വശത്താക്കാന്‍ ബി.ജെ.പി ശക്തമായ നീക്കം നടത്തുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാണ് 44 എം.എല്‍.എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ എത്തിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് വഗേലയടക്കം 20 എം.എല്‍.എമാരെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അടര്‍ത്തിയെടുക്കാനുള്ള കരുനീക്കങ്ങള്‍ അമിത്ഷാ തുടങ്ങിയിരുന്നു. ദേശീയ അധ്യക്ഷനായി മാറിയ അമിത്ഷാ എം.എല്‍.എ എന്ന നിലയില്‍ സഭയില്‍ എത്തുന്നത് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമായിരുന്നു. രണ്ടുമാസം മുന്‍പ് സഭയിലെത്തിയ അമിത് ഷായെ ചായസല്‍ക്കാരത്തിന് ക്ഷണിച്ച് വഗേല കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിക്കുക മാത്രമല്ല, ബി.ജെ.പിയിലേക്കുള്ള തന്റെ കൂടുമാറ്റം ആസന്നമായെന്ന് തെളിയിക്കുകയും ചെയ്തു.
10 മുതല്‍ 15 കോടി രൂപയും നിയമസഭാ സീറ്റുമായിരുന്നു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പിയുടെ വാഗ്ദാനം. ഗുജറാത്തില്‍ ക്യാംപ് ചെയ്തായിരുന്നു അമിത്ഷായുടെ കരുനീക്കങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."