ഇടതുമുന്നണി വിപുലീകരിച്ചത് പരാജയഭീതി മൂലമെന്ന് സി.പി ജോണ്‍
കൊച്ചി: പരാജയഭീതി മൂലമാണ് ഇടതുമുന്നണി വിപുലീകരിച്ചതെന്ന് സി.എം.പി നേതാവ് സി.പി ജോണ്‍. പ്രളയാനന്തരം പിണറായി സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട് നില്‍ക്കുകയാണ്.
ഐ.എന്‍.എല്ലിനെയും കേരളകോണ്‍ഗ്രസ് (ബി)യെയുമൊക്കെ മുന്നണിയില്‍ ഉള്‍പ്പെടുത്തിയതിലൂടെ ഇ.എം.എസിന്റെ നയങ്ങളെയാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊക്കെ തള്ളിക്കളഞ്ഞത്.
12ാം പാര്‍ട്ടികോണ്‍ഗ്രസില്‍ ഇ.എം.എസ് വ്യക്തമാക്കിയത് ന്യൂനപക്ഷ രാഷ്ട്രീയകക്ഷികളുടെ വളര്‍ച്ച വര്‍ഗീയപാര്‍ട്ടികളുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ്. ഇതിനെതിരെ വിയോജനകുറിപ്പുമായി മുന്നോട്ടുവന്നതിനെ തുടര്‍ന്നാണ് എം.വി രാഘവനെ പാര്‍ട്ടി പുറത്താക്കിയത്.
എം.വി.ആറിനെ പുറത്താക്കാന്‍ ഏറ്റവും കൂടുതല്‍ സംഘടനാപ്രവര്‍ത്തനം നടത്തിയത് വി.എസ് അച്യുതാനന്ദനാണ്.
പാര്‍ട്ടി ദേശീയനേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമൊക്കെ അനുമതി നല്‍കിയിട്ടാണോ ഇ.എം.എസിന്റെ നയം നിരാകരിച്ചുകൊണ്ടുള്ള തീരുമാനമെന്നറിയില്ലെന്നും സി.പി ജോണ്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ രാജിവയ്ക്കണം. വനിതാ മതില്‍ എന്ന ആശയം കൗതുകകരമാണ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഭരണാഘടനാവിരുദ്ധമാണ്. കേരളത്തിന്റെ നവോത്ഥാനം മതാധിഷ്ഠിതമല്ല, കീഴാള സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ്. വിധിയും വിശ്വാസവും തമ്മില്‍ സംഘര്‍ഷമുണ്ടാവുമ്പോള്‍ അഭിപ്രായ സമന്വയം ആണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി.എം.പിയുടെ പത്താം പാര്‍ട്ടി കോണ്‍ഗ്രസ് ജനുവരി 27, 28, 29 തിയതികളില്‍ എറണാകുളത്ത് നടക്കുമെന്നും സി.പി ജോണ്‍ പറഞ്ഞു. 27ന് മറൈന്‍ഡ്രൈവില്‍ പ്രകടനവും പൊതുസമ്മേളനവും 28, 29 തിയതികളില്‍ ടൗണ്‍ഹാളില്‍ പ്രതിനിധി സമ്മേളനവും നടക്കും.15ന് സമ്മേളനത്തിനുമുന്നോടിയായി പതാകദിനം ആചരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."