വിവാദങ്ങള്‍ തല്‍പരകക്ഷികള്‍ സൃഷ്ടിച്ചത്: പി.കെ കുഞ്ഞാലിക്കുട്ടി എം.പി
കോഴിക്കോട്: മുത്വലാഖ് ബില്‍ സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ തത്പരകക്ഷികള്‍ സൃഷ്ടിച്ചതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഫേസ് ബുക്കിലാണ് കുഞ്ഞാലിക്കുട്ടി വിശദീകരണവുമായി രംഗത്തെത്തിയത്. പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാലാണ് പാര്‍ലമെന്റില്‍ ഹാജരാവാന്‍ കഴിയാതിരുന്നതെന്നുമാണ് വിശദീകരണം. പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലയ്ക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നത്. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. വസ്തുതാപരമായി ഇതൊന്നും ശരിയല്ല. ആസൂത്രിത കുപ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് എക്കാലവും തനിക്കെതിരേ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം വസ്തുതകളെ മറച്ചുപിടിക്കാന്‍ ഇവര്‍ ബോധപൂര്‍വം ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത് തന്നോട് കൂടിയാലോചിച്ച ശേഷമാണ്.
മുത്വലാഖ് ബില്‍ രണ്ടാം വട്ടം ലോക്‌സഭയില്‍ വരുമ്പോള്‍ ചര്‍ച്ചയ്ക്കു ശേഷം ബഹിഷ്‌കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ ഇ.ടി മുഹമ്മദ് ബഷീറുമായി കൂടിയാലോചിച്ച് തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു.
വോട്ട് ബഹിഷ്‌കരിക്കാനായിരുന്നു ആദ്യം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനിടെ ബില്ലിനെ എതിര്‍ത്ത് വോട്ടു രേഖപ്പെടുത്താന്‍ ചില പാര്‍ട്ടികള്‍ തീരുമാനമെടുത്തതായി അറിഞ്ഞു. അതോടെയാണ് ലീഗും എതിര്‍ത്ത് വോട്ടു ചെയ്തത്. ഈ തീരുമാനം പെട്ടെന്നെടുത്തതാണ്. അതുകൊണ്ടാണ് വോട്ടെടുപ്പിന് എത്താന്‍ സാധിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."