മിഷേല്‍ സോണിയയുടെ പേരുപറഞ്ഞെന്ന് ഇ.ഡി
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ കരാര്‍ കേസിലെ ഇടനിലക്കാരനും കുറ്റാരോപിതനുമായ ക്രിസ്റ്റ്യന്‍ മിഷേല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേര് പറഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. മിഷേലിനെ വീണ്ടും കസ്റ്റഡിയിലാവശ്യപ്പെട്ട് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ പോകുന്ന ഇറ്റലിക്കാരിയായ സ്ത്രീയുടെ മകനെക്കുറിച്ചും പരാമര്‍ശമുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം സോണിയയെക്കുറിച്ച് നടത്തിയ പരാമര്‍ശം എന്താണെന്ന് വ്യക്തമല്ല. മിഷേല്‍ പറയുന്ന 'ആര്‍' എന്ന് പേരുള്ളയാള്‍ ആരെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. ഏഴ് ദിവസത്തേക്ക് ക്രിസ്റ്റ്യന്‍ മിഷേലിനെ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 12 വി.വി.ഐ.പി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനായി 3600 കോടിയുടെ കരാറിലാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായി ഇന്ത്യ ഒപ്പിടുന്നത്. കരാറില്‍ ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കമ്പനി കൈക്കൂലി നല്‍കിയെന്നതാണ് കേസ്. ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനും കൈക്കൂലി നല്‍കിയിരുന്നു.
കരാറില്‍ ഖജനാവിന് 2,666 കോടി രൂപ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്. മിഷേലിന് 225 കോടി രൂപ ലഭിച്ചിരുന്നുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപ്പെടുത്തി. 2015 സെപ്റ്റംബറിലാണ് ഡല്‍ഹി കോടതി മിഷേലിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിക്കുന്നത്.
2017 ഫെബ്രുവരിയില്‍ ദുബൈയില്‍ അറസ്റ്റിലായ മിഷേല്‍ അവിടെ ജയിലിലായിരുന്നു. പിന്നീട് ഈമാസം മിഷേലിനെ ഇന്ത്യയിലെത്തിക്കുകയായിരുന്നു.
മിഷേല്‍ ഒരു കുടുംബത്തിന്റെ പേരുമാത്രം പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."