നിയമത്തിന്റെ ഇടതുമുഖം ഓര്‍മയായി
തലശ്ശേരി: വിവാദങ്ങളുടെ കൊടുങ്കാറ്റടിക്കുമ്പോഴും അക്ഷോഭ്യനായി ഇടതുപക്ഷത്ത് അടിയുറച്ചു നിന്ന അഭിഭാഷകനായിരുന്നു നിയമലോകം എം.കെ.ഡിയെന്ന ചുരുക്കപ്പേരില്‍ വിശേഷിപ്പിച്ച എം.കെ ദാമോദരന്‍. സി.പി.എമ്മിന് പകരംവയ്ക്കാനില്ലാത്ത നിയമപണ്ഡിതനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്.
സുപ്രധാനകേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എം.കെ ദാമോദരനോടാണ് നിയമോപദേശം തേടിയിരുന്നത്. കോടിയേരി സ്വദേശിയായ ദാമോദരന്‍ തലശ്ശേരി കോടതിയിലാണ് ആദ്യം പ്രാക്ടീസ് ആരംഭിച്ചത്. തലശ്ശേരിയിലെ പ്രമുഖനായ അഡ്വ: എ.വി കുട്ടന്‍ നായരുടെ കീഴിലായിരുന്നു ആദ്യ പ്രാക്ടീസ്. തലശ്ശേരി, മാഹി എന്നിവിടങ്ങളിലെ പ്രാക്ടീസിന് ശേഷം കേരളത്തിലങ്ങോളമിങ്ങോളമുള്ള കോടതികളില്‍ ദാമോദരന്‍ സാന്നിധ്യമറിയിച്ചു. പ്രമാദമായ പുല്‍പ്പള്ളി കേസ്, സോമന്‍ കേസ് തുടങ്ങിയവയിലും അദ്ദേഹം ഹാജരായിരുന്നു. പിണറായി വിജയന്‍ പ്രതിയായ എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് വേണ്ടി ഹാജരായിരുന്നത് എം.കെ ദാമോദരനായിരുന്നു.
സംസ്ഥാനത്തെ വിവാദമായ കേസുകളുടെ ഒരു ഭാഗത്തെന്നും എം.കെ.ദാമോദരന്റെ സാന്നിധ്യമുണ്ടായിരുന്നു. ജൂനിയര്‍മാരുടെ പടതന്നെ ദാമോദരന് ചുറ്റുമുണ്ടായിരുന്നു. ഹൈക്കോടതി ജഡ്ജ്മാരുള്‍പ്പെടെ അദ്ദേഹത്തിന്റെ കീഴില്‍ പ്രാക്ടീസ് നടത്തിയവരുണ്ട്. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായ കാലഘട്ടത്തില്‍ അഡ്വക്കറ്റ് ജനറലായിരുന്നു ദാമോദരന്‍. കെ. എസ്. എഫ്, കെ. എസ്. വൈ. എഫ് സംഘടനകളിലൂടെയായിരുന്നു ദാമോദരന്റെ ഇടത് രാഷ്ട്രീയ പ്രവേശനം. 1958, 1960 കാലയളവില്‍ ബ്രണ്ണന്‍ കോളജില്‍ വിദ്യാര്‍ഥിയായിരുന്നു. തലശ്ശേരി നഗരസഭ കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
തലശ്ശേരി മേഖലയിലെ ആദ്യ കൊലപാതകമായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി. പി. എം പ്രതികള്‍ക്കുവേണ്ടി തലശ്ശേരി കോടതിയില്‍ വാദിച്ചത് ദാമോദരനായിരുന്നു. പ്രസ്തുത കേസില്‍ തെളിവിന്റെ അഭാവത്താല്‍ പ്രതികളെ വിട്ടയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."