മങ്കട സ്‌കൂള്‍ തകര്‍ന്നത് സമീപത്ത് അശാസ്ത്രീയ കെട്ടിട നിര്‍മാണം നടത്തിയത് മൂലമെന്ന്
മലപ്പുറം: മങ്കട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തകര്‍ന്നുവീണത് തൊട്ടടുത്ത് അശാസ്ത്രീയമായ രീതിയില്‍ മറ്റൊരു കെട്ടിടം നിര്‍മിച്ചതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട്. സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണതുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കമ്മീഷന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനായി പണി കഴിപ്പിക്കുന്ന പുതിയ കെട്ടിടത്തിന്റെ പണിക്കുവേണ്ടി ആഴത്തില്‍ കുഴി എടുത്തതും പൊളിഞ്ഞുവീണ കെട്ടിടത്തിന്റേതടക്കം തറഭാഗം ദുര്‍ബലമാകുംവിധം നിര്‍മാണപ്രവര്‍ത്തനം നടത്തിയതും പഴയ ക്ലാസ് മുറികളോട് ചേര്‍ന്നു നിര്‍മാണം നടത്തുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രതക്കുറവും അശാസ്ത്രീയമായ നിര്‍മാണവുമാണ് അപകടത്തിനു കാരണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. നിര്‍മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ യഥാസമയം തന്നെ പി.ഡബ്യൂ.ഡി അധികൃതരെയും വര്‍ക്ക് സൂപ്പര്‍വൈസര്‍മാരെയും സ്‌കൂള്‍ അധികൃതരും പിടിഎയും അറിയിച്ചിരുന്നതാണെന്ന് പ്രധാനാധ്യാപിക റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇവിടെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനു വേണ്ടി പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പുതിയ ബ്ലോക്കിന്റെ നിര്‍മാണത്തിനായി നിലവില്‍ യു.പി വിഭാഗം ക്ലാസുകള്‍ നടത്തിയിരുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. പ്രസ്തുത സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പുതിയ കെട്ടിടത്തിന് അടിത്തറയിടുന്നതിനായി കുഴികളെടുത്തിരുന്നു. ഇത് നിലവില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം പ്രവര്‍ത്തിക്കുന്ന തൊട്ടടുത്തുള്ള ഓടിട്ട കെട്ടിടത്തിന് സുരക്ഷാ ഭീഷണി ഉയര്‍ത്തിയിരുന്നു. തറകീറിയതിലുള്ള അശാസ്ത്രീയതയും നിലവിലുള്ള കെട്ടിടത്തിന്റെ തറയോട് ചേര്‍ന്ന് നിര്‍ദിഷ്ട അകലം പാലിക്കാതെ തറകീറിയതും കാലവര്‍ഷം ആരംഭിച്ചതും അടിത്തറയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാത്തതും അപകടത്തിനു കാരണമായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് പുറമേ മങ്കട സബ് ഇന്‍സ്‌പെക്ടറോടും മലപ്പുറം ജില്ലാ പഞ്ചായത്തിനോടും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."