അബ്ദുല്ലയുടെ ഹജ്ജ് സ്വപ്‌നം സഫലമായി; വീട്ടുമുറ്റത്തെത്തിയ ഡ്രോണ്‍ 'വഴി'
അങ്കാറ: ഓര്‍ക്കാപുറത്ത് വീട്ടുമുറ്റത്ത് വന്നു പതിച്ച ഡ്രോണ്‍ തന്റെ ജീവിതാഭിലാഷമായ ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള വഴിയാകുമെന്ന് കരുതിയിരുന്നില്ല നൈജീരിയക്കാരനായ അല്‍ ഹസന്‍ അബ്ദുല്ല. ദാരിദ്ര്യത്തോട്ട് മല്ലിട്ടു കഴിയുന്ന തന്റെ ജീവിതത്തില്‍ പണക്കാര്‍ക്കു മാത്രം സാധ്യമാവുന്ന ആരാധന കര്‍മമായ ഹജ്ജ് കര്‍മം മനസ്സില്‍ എന്നും സ്വപ്‌നം മാത്രമായിരുന്നു അബ്ദുല്ലക്ക്.
എന്നാല്‍, കഴിഞ്ഞ ആഴ്ച തന്റെ വീട്ടു മുറ്റത്ത് അബദ്ധത്തില്‍ വീണ ഡ്രോണ്‍ (ഹെലിക്യാം) അബ്ദുല്ലയുടെ സ്വപ്നം മാറ്റി മറിക്കുകയായിരുന്നു.
ആഫ്രിക്കന്‍ രാജ്യമായ ഘാനയുടെ പട്ടിണിയും പരിവട്ടവും ഒപ്പിയെടുക്കാനുള്ള വാര്‍ത്താ പരമ്പരക്കായി തുര്‍ക്കിയിലെ ഒരു ചാനലിന് വേണ്ടി എത്തിയ മാധ്യമപ്രവര്‍ത്തകരുടെ ഡ്രോണ്‍ ആണ് അബ്ദുല്ലയുടെ വീട്ടുപടിക്കല്‍ ചെന്നു വീണത്.
ഘാനയിലെ ചെറ്റക്കുടിലുകളും ദുരിത കാഴ്ചകളും ആകാശത്തു നിന്നും ഒപ്പിയെടുക്കുന്നതിനിടെയാണ് ക്യാമറ തകരാറിലായി താഴെ വീണത്. തന്റെ വീട്ടുമുറ്റത്തു വീണ ക്യാമറ കൈയിലെടുത്ത അബ്ദുല്ല 'ഇതു കുറച്ചു കൂടി വലുതായിരുന്നെങ്കില്‍ ഇതില്‍ തന്നെ എനിക്ക് ഹജ്ജിന് പോകാന്‍ കഴിയുമായിരുന്നു, ഇതില്‍ പോകാന്‍ പറ്റില്ല'എന്നും ആത്മനിര്‍വൃതിയടഞ്ഞു.
ഇതു കണ്ട ചാനല്‍ പ്രവര്‍ത്തകന്‍ അബ്ദുല്ല ഡ്രോണു പിടിച്ചു നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹത്തിന് ഹജ്ജ് നിര്‍വഹിക്കാനുള്ളതിന്റെ ആഗ്രഹവും കുറിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് ഫോട്ടോ വൈറലായി. സംഭവം ശ്രദ്ധയില്‍പ്പെട്ട തുര്‍ക്കി സര്‍ക്കാരാണ് അബ്ദുല്ലക്ക് ഹജ്ജ് ചെയ്യാനുള്ള അവസരമൊരുക്കിയത്.
തുര്‍ക്കിയിലെ സമൂഹമാധ്യമങ്ങളില്‍ പടര്‍ന്ന ഫോട്ടോ കണ്ടാണ് തുര്‍ക്കി സര്‍ക്കാര്‍ അബ്ദുല്ലയുടെ ജീവിതാഭിലാഷമായ ഹജ്ജ് നിര്‍വഹിക്കാനുള്ള സഹായവുമായി മുന്നോട്ടു വന്നത്. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവ്‌സോഗ്ലു ആണ് ഇതിന് നേതൃത്വം നല്‍കിയത്. വെള്ളിയാഴ്ച അക്രയില്‍ നിന്ന് അബ്ദുല്ല ഇസ്താംബൂളിലെത്തി. ഘാനയില്‍ പ്രവര്‍ത്തിക്കുന്ന തുര്‍ക്കിയിലെ ജീവകാരുണ്യ പ്രവര്‍ത്തകരും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
താന്‍ വളരെയധികം സന്തോഷവാനാണെന്നും ദൈവം തന്നെ അനുഗ്രഹിച്ചതാണെന്നും ദൈവത്തിന് വളരെയധികം നന്ദിയര്‍പ്പിക്കുന്നതായും അബ്ദുല്ല പറഞ്ഞു. തുര്‍ക്കി സര്‍ക്കാരിനും തന്റെ സ്വപ്‌നം സഫലമാക്കാന്‍ സഹായിച്ച മുഴുവന്‍ പേര്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു. തുര്‍ക്കി സര്‍ക്കാരിന്റെ അതിഥിയായി ഹജ്ജ് നിര്‍വഹിക്കാന്‍ ലബ്ബൈക്ക വിളികളുമായി പുണ്യഹറമില്‍ ഇത്തവണ അബ്ദുല്ലയുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."