ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ച സംഭവം
എരുമപ്പെട്ടി : വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ട വേലൂര്‍ തയ്യൂര്‍ ചിങ്ങപുരത്ത് താഴത്തേതില്‍ മുകുന്ദന് ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോപ പരിപാടികള്‍ ആരംഭിക്കുമെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെഅനീഷ്‌കുമാര്‍ പറഞ്ഞു. മുകുന്ദന്റെ വെട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അനീഷ്‌കുമാര്‍.
ഓഗസ്റ്റ് ആറാം തിയ്യതി എരുമപ്പെട്ടി സെന്ററിന് സമീപം വെച്ചാണ് മുകുന്ദന്‍ അപകടത്തില്‍ പെട്ടത്. തന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറി വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടയില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന മുകുന്ദനെ അമിതവേഗത്തില്‍ വന്നിരുന്ന ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ മുകുന്ദനെ ആക്ട്‌സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കുന്നംകുളം റോയല്‍ ആശുപത്രി, തൃശൂര്‍ അമല മെഡിക്കല്‍ കോളജ്, തൃശൂര്‍ അശ്വനി ആശുപത്രി എന്നിവടങ്ങളില്‍ എത്തിച്ചെങ്കിലും ഇവര്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ല.
നിസാര സാങ്കേതിക കാരണങ്ങള്‍ പറഞാണ് അധികൃതര്‍ പ്രഥമ ശുശ്രൂഷ നല്‍കാന്‍ പോലും തയ്യാറാകാതെ മുകുന്ദനെ മടക്കിയത്. തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും തൊണ്ണൂറ് ശതമാനത്തിലധികം രക്തം വാര്‍ന്ന മുകുന്ദന്‍ മരണപ്പെടുകയായിരുന്നു. തക്കസമയത്ത് ചികിത്സ നില്‍കാതിരുന്നതാണ് മുകുന്ദന്റെ മരണത്തിനിടയാക്കിയതെന്ന് കാണിച്ച് സഹോദരന്‍ യശോധരന്‍ തൃശൂര്‍ റൂറല്‍ എസ് .പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ബി.ജെ.പി ആരോപിക്കുന്നു. ആശുപത്രി അധികൃതരുടെ സ്വാധീനങ്ങളില്‍പ്പെടാതെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാരും പൊലിസ് തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോപങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അഡ്വ.കെ.കെ.അനീഷ്‌കുമാര്‍ പറഞ്ഞു. അപകടം നടന്ന സമയത്ത് മുകുന്ദന്റെ കടയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ മോഷണം പോയിട്ടുണ്ട്. ഇതിനെക്കുറിച്ചു പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണം നടത്താന്‍ ഇതുവരേയും തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.എരുമപ്പെട്ടി പൊലിസ് തികഞ്ഞ അനാസ്ഥയാണ് ഈ സംഭവത്തില്‍ കൈകൊള്ളുന്നതെന്നും അനീഷ്‌കുമാര്‍ പറഞ്ഞു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ പഴവൂര്‍, സെക്രട്ടറി ജിത്തു തയ്യൂര്‍, അഭിലാഷ് തയ്യൂര്‍, കെ.മണികണ്ഠന്‍ തുടങ്ങിയവരും അനീഷ്‌കുമാറിനോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."