എ.സി എയര്‍ ബസ് ബോര്‍ഡ് സ്ഥാപിച്ച് തട്ടിപ്പ്
ഗുരുവായൂര്‍: എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കാതെ എ.സി എയര്‍ ബസ് എന്ന ബോര്‍ഡ് വച്ച് ബസുകളിലേക്ക് യാത്രക്കാരെ ആകര്‍ഷിച്ച് തട്ടിപ്പു നടത്തുകയാണ് ഗുരുവായൂരിലെ ചില സ്വകാര്യ ബസ് ഉടമകള്‍. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് ചില ബസ് ഉടമകള്‍ കണ്ടെത്തിയതാണ് പുതിയ തന്ത്രം. എ.സി എയര്‍ ബസ് എന്ന് വലിയ ബോര്‍ഡ് സ്ഥാപിച്ചാണ് തട്ടിപ്പ്.
ഈ ബസുകള്‍ യഥാര്‍ഥത്തില്‍ എയര്‍ ബസുകള്‍ തന്നെയാണോ എന്നും യാത്രക്കാരില്‍ പലര്‍ക്കും സംശയമാണ്. എ.സി പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ അധിക ചാര്‍ജ്ജ് ഇല്ല എന്ന് അറിയിക്കുന്നതിനായി സാധാരണ ചാര്‍ജ്ജ് എന്നും ഇവര്‍ ബസുകളില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ബസിന്റെ പേര് എഴുതിയതിനേക്കാള്‍ വലിയ അക്ഷരത്തിലാണ് എ.സി എയര്‍ ബസ് എന്ന് എഴുതിയിട്ടുള്ളത്. ആദ്യമൊക്കെ എ.സി പ്രവര്‍ത്തിപ്പിച്ചിരുന്നെങ്കിലും ക്രമേണ ബോര്‍ഡ് മാത്രമായി മാറുകയായിരുന്നു. പൊരി വെയിലത്ത് ചൂടില്‍ നിന്ന് രക്ഷനേടാനായി ഈ ബസില്‍ ആളുകള്‍ കയറും. ഈ സമയം എ.സി പ്രവര്‍ത്തിപ്പിച്ച് തണുപ്പിച്ച അവസ്ഥയിലായിരിക്കും ബസ് നിര്‍ത്തിയിരിക്കുക. എന്നാല്‍ യാത്ര ആരംഭിച്ച് കുറച്ചു ദൂരം പിന്നിട്ടാല്‍ ആരും അറിയാതെ ജീവനക്കാര്‍ എ.സി ഓഫ് ചെയ്യും.
എ.സി ഉള്ള വാഹനത്തില്‍ പെട്ടെന്ന് എ.സി പ്രവര്‍ത്തിക്കാതെയായാല്‍ ചൂട് ഇരട്ടി വര്‍ദ്ധിച്ചതായി യാത്രക്കാര്‍ക്ക് അനുഭവപ്പെടുമെങ്കിലും ചാര്‍ജ്ജ് നല്‍കിയ കാരണം യാത്രാവസാനം വരെ ചൂടും സഹിച്ച് യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥയാണ്. മഴ പെയ്താല്‍ പിന്നെ മുതലാളിമാര്‍ക്ക് കുശാല്‍. എ.സി തീരെ പ്രവര്‍ത്തിപ്പിക്കേണ്ടതില്ല. യാത്രക്കാര്‍ ചോദ്യം ചെയ്താല്‍ മുതലാളി പറഞ്ഞിട്ടാ ഇങ്ങനെ ഓഫ് ചെയ്യുന്നതെന്ന് പറഞ്ഞ് ജീവനക്കാര്‍ തടിതപ്പും.
സ്ഥിരം യാത്രക്കാര്‍ക്ക് തട്ടിപ്പ് മനസിലായെങ്കിലും ഗുരുവായൂരില്‍ എത്തുന്നത് രാജ്യത്തിന്റെ പലഭാഗത്തു നിന്നുമായി വരുന്നവരായതിനാല്‍ ഇക്കൂട്ടര്‍ക്ക് എന്നും ഇരകളെ കിട്ടും. നഗരസഭയും പൊലിസ് ആര്‍.ടി.ഒ അധികാരികളും ഇവര്‍ക്ക് കൂട്ടുണ്ടെന്നാണ് യാത്രക്കാരുടെ ആരോപണം.
എ.സി എന്ന് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് പ്രവര്‍ത്തിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും അധികൃതര്‍ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അല്ലാത്ത പക്ഷം എ.സി എയര്‍ ബസ് എന്ന ബോര്‍ഡ് എടുത്തു മാറ്റുവാന്‍ ആവശ്യമായ നടപടി എടുക്കണമെന്നും യാത്രക്കാര്‍ വഞ്ചിക്കപ്പെടുന്നത് ഒഴിവാക്കണമെന്നും നാട്ടുകാരും ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."