ബഹളം, സമരം, പിന്നെ ഭാഗികസഹകരണവും
സഭ പ്രക്ഷുബ്ധമാക്കാന്‍ പ്രതിപക്ഷത്തിനു കിട്ടിയ നല്ലൊരായുധമായിരുന്നു ബാലാവകാശ കമ്മിഷന്‍ നിയമന വിഷയത്തിലെ ഹൈക്കോടതി ഉത്തരവ്. അതു ഫലപ്രദമായി ഉപയോഗിക്കണമെന്ന ആഗ്രഹത്തോടൊപ്പം സഹകരണസംഘ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന ആഗ്രഹവും അവര്‍ക്കുണ്ടായി. അങ്ങനെ വന്നപ്പോള്‍ കണ്ടെത്തിയ മാര്‍ഗമാണു പകുതി സഹകരണവും പകുതി നിസ്സഹകരണവും.
ശൂന്യവേളയില്‍ ബാലാവകാശ കമ്മിഷന്‍ വിഷയത്തില്‍ അടിയന്തരപ്രമേയം കൊണ്ടുവന്ന അവര്‍ മന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ടു നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു സഭ സ്തംഭിപ്പിച്ചു. ഇതോടെ, സബ്മിഷന്‍ ഒഴിവാക്കി ബില്ലുകളുടെ പരിഗണനയിലേയ്ക്കു കടക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. ആദ്യം പരിഗണനയ്ക്കു വന്നതു സഹകരണസംഘ ഭേദഗതിബില്ലായിരുന്നു. അതിന്റെ ചര്‍ച്ചയില്‍ പ്രതിപക്ഷം വളരെ സജീവമായി പങ്കെടുത്തു.
എന്നാല്‍, മെഡിക്കല്‍ വിദ്യാഭ്യാസബില്‍ പരിഗണനയ്‌ക്കെടുത്തതോടെ തീര്‍ന്നു പ്രതിപക്ഷ സഹകരണം. ചര്‍ച്ച ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു ബില്‍ കീറിയെറിഞ്ഞു ഹാളിനു പുറത്ത് എം.എല്‍.എമാരുടെ സത്യഗ്രഹം പ്രഖ്യാപിച്ചു മുദ്രാവാക്യം വിളികളോടെ അവര്‍ പുറത്തുകടന്നു. അവിടെ അഞ്ച് എം.എല്‍.എമാര്‍ സത്യഗ്രഹം തുടങ്ങി. തുടര്‍ന്നു മീഡിയ റൂമില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫിലെ മറ്റു കക്ഷിനേതാക്കളും ചേര്‍ന്നു വാര്‍ത്താസമ്മേളനം. തൊട്ടുപിറകെ അതിനു മറുപടി പറയാന്‍ മന്ത്രി ശൈലജയുടെ വാര്‍ത്താസമ്മേളനം. എല്ലാംകൂടി ചേര്‍ന്നപ്പോള്‍ ഇന്നലത്തെ സഭാനടപടികള്‍ സംഭവബഹുലം.
സഹകരണരംഗത്തെ സര്‍ക്കാര്‍നയത്തെ എതിര്‍ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അതുമായി ബന്ധപ്പെട്ട ബില്ലിന്റെ ചര്‍ച്ചയില്‍ പ്രതിപക്ഷ സഹകരണം. അത് അവര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. സഹകരണസംഘം പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഒരാള്‍ തുടര്‍ച്ചയായി രണ്ടിലധികം തവണ ഇരിക്കാന്‍ പാടില്ലെന്ന ബില്ലിലെ വ്യവസ്ഥയോടായിരുന്നു പ്രതിപക്ഷത്തിന് ഏറ്റവുമധികം എതിര്‍പ്പ്.
ഒരാള്‍ രണ്ടിലധികം തവണ തുടര്‍ച്ചയായി പാര്‍ട്ടി സെക്രട്ടറിയോ നിയമസഭാ പാര്‍ലമെന്റ് അംഗമോ ആകരുതെന്ന സി.പി.എമ്മിന്റെ സംഘടനാവ്യവസ്ഥ സഹകരണമേഖലയില്‍ അടിച്ചേല്‍പിക്കാനാണു ശ്രമിക്കുന്നതെന്നായി എല്‍ദോസ് കുന്നപ്പള്ളി. സീതാറാം യെച്ചൂരിക്ക് ഏര്‍പെടുത്തിയ വിലക്ക് സഹകാരികള്‍ക്കു ബാധകമാക്കരുതെന്നും എല്‍ദോസ്.
എ.കെ.ജി ഹോസ്പിറ്റല്‍, പരിയാരം മെഡിക്കല്‍ കോളജ് മോഡലില്‍ സഹകരണസംഘങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കമാണു ബില്ലിലുള്ളതെന്നു വി.ഡി സതീശന്റെ ആരോപണം. നിയമസഭയിലും പാര്‍ലമെന്റിലും ഇല്ലാത്ത നിയമം എന്തിനു സഹകാരികള്‍ക്കു മാത്രം ബാധകമാക്കുന്നതെന്നും സതീശന്‍. പിണറായി വിജയന്‍ സഹകരണമന്ത്രിയായപ്പോള്‍ സഹകരണമേഖലയില്‍ കൊണ്ടുവന്ന ആക്ടീവ് മെമ്പര്‍ വ്യവസ്ഥ അദ്ദേഹം മുഖ്യമന്ത്രിയായപ്പോള്‍ എടുത്തുകളയുന്നത് എന്തിനാണെന്നു പി.കെ ബഷീറിന്റെ ചോദ്യം. സഹകരണമേഖലയില്‍ ഇടതുപക്ഷത്തിനു വ്യക്തമായ നയമില്ലാത്തതുകൊണ്ടാണ് അതെന്നു സതീശന്റെ കമന്റ്.
സഹകരണചര്‍ച്ച കത്തിക്കയറിയപ്പോള്‍, യു.ഡി.എഫിന്റെ നിയന്ത്രണത്തിലുള്ള മില്‍മ സൊസൈറ്റി തമിഴ്‌നാട്ടില്‍നിന്നു പാല്‍പ്പൊടി കൊണ്ടുവന്നു കലക്കി വില്‍ക്കുകയല്ലേയെന്ന് ഇ.പി ജയരാജന്റെ ചോദ്യം. ജനങ്ങള്‍ക്കിടയില്‍ വലിയ വിശ്വാസ്യത നേടിയ മില്‍മയെക്കുറിച്ചുള്ള ഇത്തരം ആരോപണങ്ങള്‍ ആ സ്ഥാപനത്തെ തകര്‍ക്കുമെന്നും അതുകൊണ്ടു ജയരാജന്റെ പരാമര്‍ശം സഭാരേഖകളില്‍നിന്നു നീക്കംചെയ്യണമെന്നും സതീശന്‍.
ഇതു താന്‍ പറയുന്നതല്ലെന്നും മില്‍മ മുമ്പു ഹൈക്കോടതിക്കു നല്‍കിയ ഒരു മറുപടിയില്‍ പറഞ്ഞതാണെന്നും ജയരാജന്‍.
ഏതായാലും ബില്‍ ചര്‍ച്ചയില്‍ പ്രതിപക്ഷം സഹകരിച്ചതിനു ഫലമുണ്ടായി. സഹകരണസംഘങ്ങളുടെ തലപ്പത്ത് ഒരാള്‍ രണ്ടുതവണയിലധികം ഇരിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ഒഴിവാക്കിക്കൊണ്ടാണു ബില്‍ പാസായത്.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ആളുകള്‍ തുടര്‍ച്ചയായി ഈ സ്ഥാനങ്ങളില്‍ ഒരുപാടു കാലം ഇരിക്കുന്നത് അഴിമതിക്കു വഴിയൊരുക്കുമെന്നും അതുകൊണ്ടു നിയമമില്ലെങ്കിലും ആരെയും കൂടുതല്‍ കാലം ഇരുത്താതിരിക്കാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും ശ്രദ്ധിക്കണമെന്നും ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഭ്യര്‍ഥന.
പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായതിനാല്‍ മെഡിക്കല്‍ വിദ്യാഭ്യാസബില്ലിന്മേലുള്ള ചര്‍ച്ച ചൂടുപിടിച്ചില്ല. ഭരണപക്ഷ അംഗങ്ങള്‍ മാത്രം പങ്കെടുത്ത ചര്‍ച്ചയില്‍ നിറഞ്ഞുനിന്നതു സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ മാനേജ്‌മെന്റുകളെ സഹായിച്ചുപോരുന്നതു യു.ഡി.എഫാണെന്ന ആരോപണം മാത്രം. തര്‍ക്കങ്ങളില്ലാത്തതിനാല്‍ ചര്‍ച്ച വേഗത്തില്‍ തീര്‍ത്തു ബില്‍ പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."