ഓക്‌സിജന്‍ തടസപ്പെട്ടു: ഛത്തിസ്ഗഡ് ആശുപത്രിയിലും നവജാത ശിശുക്കള്‍ മരിച്ചു
റായ്പൂര്‍: നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ ഓക്‌സിജന്‍ തടസപ്പെട്ടതിനെത്തുടര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ചു.
ഛത്തിസ്ഗഡിലെ റായ്പൂരിലെ ബി.ആര്‍ അംബേദ്കര്‍ ഗവ. ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
ഉത്തര്‍പ്രദേശില്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെത്തുടര്‍ന്ന് നവജാത ശിശുക്കളടക്കം മരിക്കാനിടയായ സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പാണ് ഇതേ രീതിയില്‍ രാജ്യത്ത് മറ്റൊരു അപകടം കൂടിയുണ്ടായത്. ആശുപത്രിയില്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഓക്‌സിജന്‍ വിതരണത്തില്‍ തടസം നേരിട്ടതാണ് നവജാത ശിശുക്കളുടെ മരണത്തിന് ഇടയാക്കിയതെന്ന് സംസ്ഥാന ഹെല്‍ത്ത് സര്‍വിസ് ഡയരക്ടര്‍ ആര്‍. പ്രസന്ന അറിയിച്ചു.
ഓക്‌സിജന്‍ വിതരണം ചെയ്യുന്ന വിഭാഗത്തിലെ ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്നാണ് വിവരം.
മുഖ്യമന്ത്രി രമണ്‍ സിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ സെക്രട്ടറിയും ഡയരക്ടറും ആശുപത്രിയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."