നാടിനെ അറിയാം
പ്രകൃതിയില്‍ നിന്ന് മനുഷ്യന്‍ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും കൈമാറി വന്ന അറിവുകള്‍ അമൂല്യമാണ്. ഇവയില്‍ പലതും വാമൊഴികളായി സിദ്ധിച്ചവയാണ്. തലമുറകള്‍ കൈമാറിക്കിട്ടിയ പല നാട്ടറിവുകളും സ്വരൂക്കൂട്ടി രേഖപ്പെടുത്തി വയ്ക്കാന്‍ പലരംഗത്തും ഇന്നു ശ്രമങ്ങള്‍ നടക്കുന്നു. പൂര്‍വികര്‍ പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് കണ്ടെത്തിയ സത്യങ്ങള്‍ മൂടിവയ്‌ക്കേണ്ടവയല്ല, എല്ലാവരിലുമെത്തിക്കുകയാണു വേണ്ടത്. കടങ്കഥകളിലൂടെ, ചൊല്ലുകളിലൂടെ, ശൈലികളിലൂടെയെല്ലാം ഈ അറിവുകള്‍ നമുക്കു മുന്നില്‍ തുറന്നിടുന്നു.
എന്താണ് നാട്ടറിവ്
ഫോക്‌ലോര്‍ എന്ന വിജ്ഞാന ശാഖയുടെ ഉപവിഷയമെന്ന നിലയിലാണ് നാട്ടറിവിനെ കണക്കാക്കുന്നത്. മാനവരാശി സഹസ്രാബ്ദങ്ങള്‍ കൊണ്ട് അനുഭവങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും നേടിയ അറിവാണിത്.
പാരമ്പര്യത്തിന്റെ ഭാഗമായി സമൂഹം ജീവിതത്തിലുടനീളം നിലനിര്‍ത്തിപ്പോരുന്നതോ പരിഷ്‌കരിക്കുന്നതോ ആയ സാംസ്‌കാരിക രൂപങ്ങളുടെ ആകെത്തുകയാണ് നാട്ടറിവ്. ഇതു തലമുറകളിലൂടെ കൈമാറി വരുന്നു.
നാടോടിജീവിതം, നാടന്‍കലകള്‍, ജനകല, നാട്ടുവഴക്കം എന്നിങ്ങനെ പല പേരുകളും ഫോക്‌ലോര്‍ എന്ന ഇംഗ്ലീഷ് പദത്തിന് സമാനമായി മലയാളത്തില്‍ ഉപയോഗിക്കാറുണ്ട്. കേരളത്തില്‍ നാടന്‍കലകളുടെ വികസനത്തിനും സംരക്ഷണത്തിനും കണ്ണൂരിലെ ചിറക്കലില്‍ അക്കാദമി സ്ഥാപിച്ചപ്പോള്‍ 'കേരള നാടന്‍കലാ അക്കാദമി' എന്ന പേര് നിര്‍ദേശിച്ചിരുന്നുവെങ്കിലും 'കേരള ഫോക് ലോര്‍ അക്കാദമി' എന്ന പേരിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ്. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന ഈ നാട്ടുവഴക്കം അനുഭവങ്ങളിലൂടെയാണ് പഴമക്കാര്‍ സ്വായത്തമാക്കിയത്.
നാട്ടറിവില്‍ ഉള്‍പ്പെടുന്നത്
ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങള്‍, ചൊല്ലിപ്പതിഞ്ഞ വാങ്മയരൂപങ്ങള്‍, മഴയറിവുകള്‍, കൃഷിയറിവുകള്‍ തുടങ്ങി നമ്മുടെ സാംസ്‌കാരിക സമ്പത്ത് മുഴുവന്‍ നാട്ടറിവില്‍പ്പെടുന്നു. ഐതിഹ്യങ്ങളും നാടന്‍പാട്ടുകളും വാമൊഴി ചരിത്രവും നാടോടിക്കഥകളും നാടന്‍ഭക്ഷണവും നാട്ടു ചികിത്സയുമെല്ലാം നാട്ടറിവാണ്. ആധുനിക സാഹിത്യവും കലാരൂപങ്ങളും ചികിത്സാരീതികളുമെല്ലാം വികസിച്ചത് നാട്ടറിവില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ്.
ആദിവാസികളുടെ അനുഭവജ്ഞാനത്തെയും അറിവിനെയും ഉപയോഗപ്പെടുത്തി പല ആധുനിക മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ പല ചലച്ചിത്ര ഗാനങ്ങളുടെയും സംഗീതത്തിന്റെയും വേരുകള്‍ നാടന്‍പാട്ടുകളിലാണ്. വിദ്യാലയങ്ങളും പാഠപുസ്തകങ്ങളോ ആയിരുന്നില്ല അവര്‍ക്ക് അറിവ് പ്രധാനം ചെയ്തത്. കൃഷിയില്‍, ആരോഗ്യസംരക്ഷണത്തില്‍, കലാ സാഹിത്യ മേഖലയില്‍, നാട്ടുനിര്‍മിതികളില്‍ തുടങ്ങി ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും പരമ്പരാഗതമായി ആര്‍ജിച്ച അറിവിന്റെ അക്ഷയഖനികള്‍ കാണാം.
നാട്ടുവൈദ്യം
കര്‍ക്കിടകക്കഞ്ഞിയും മരുന്നുകഞ്ഞിയും സുപരിചിതമായ വാക്കുകളാണ്. നാട്ടുവൈദ്യവും നാടന്‍ചികിത്സയും ഇന്നും ഗ്രാമീണമേഖലയില്‍ സജീവമാണ്. കര്‍ക്കിടക ചികിത്സയും മരുന്നുകഞ്ഞിയുമെല്ലാം പൂര്‍വികരുടെ ആരോഗ്യരക്ഷകളായിരുന്നു. ഇന്നവയെല്ലാം പരസ്യവിപണിയിലെത്തിക്കഴിഞ്ഞു. നാട്ടറിവിലൂടെ ആര്‍ജിച്ച ഒരു ഭക്ഷ്യസംസ്‌കാരം തന്നെ കേരളീയര്‍ക്കുണ്ടായിരുന്നു. പരിസരങ്ങളില്‍ നിന്നു ശേഖരിക്കുന്ന പച്ചമരുന്നുകളാണ് നാട്ടുവൈദ്യത്തിലെ പ്രധാന ചേരുവകള്‍. നാട്ടുവൈദ്യന്മാര്‍ ലക്ഷണങ്ങളിലൂടെ രോഗം കണ്ടെത്തുന്നു. ഇവര്‍ മര്‍മചികിത്സയിലും ഏറെ സമര്‍ഥരായിരുന്നു.
വാതത്തിന് കുറുന്തോട്ടി, വായ്പുണ്ണിന് കരിനെച്ചി, ബാലചികിത്സയ്ക്ക് ബ്രഹ്മി, പനീര്‍ക്കൂര്‍ക്ക എന്നിവ നാട്ടുവൈദ്യന്മാരുടെ പ്രധാന ചികിത്സാവിധികളാണ്. മുറിവില്‍ മഞ്ഞളും വേപ്പിലയും അരച്ചിടുന്നതും മോരുകാച്ചി വയറിന്റെ കേടകറ്റലുമെല്ലാം ഇന്നും പലരും പ്രയോഗിക്കുന്നു. എന്നാല്‍ നാട്ടുവൈദ്യത്തിലെ പ്രധാന ഇനമായിരുന്ന അമ്മൂമ്മവൈദ്യം ഇല്ലാതായിരിക്കുന്നു. മരുന്നില്ലാത്ത ചെടിയില്ല എന്നാണല്ലോ പഴഞ്ചൊല്ല്.
ആടലോടകം, കല്ലുരുക്കി, ചുണ്ടങ്ങ, തഴുതാമ, വയല്‍ച്ചുളി.. എന്നിങ്ങനെയുള്ള പച്ചമരുന്നുകള്‍ ഏറെ ഔഷധഗുണമുള്ളതാണ്. ഒട്ടേറെ ഔഷധഗുണമുള്ള ഔഷധസസ്യമാണ് തുളസി. തുളസിയുടെ വിവിധ ഇനങ്ങളെപ്പറ്റിയും ഗുണമേന്മയെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുന്നതിന് പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാം.
പഴഞ്ചൊല്ലുകള്‍
നാട്ടറിവുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി പഴഞ്ചൊല്ലുകളും വാമൊഴികളും ഇന്നു സംസ്‌കാരത്തിന്റെ ഭാഗമായിട്ടുണ്ട്. 'വിത്തായാല്‍ മടിയില്‍ വയ്ക്കാം, മരമായാലോ? എന്ന് മുതിര്‍ന്നവര്‍ പലപ്പോഴും ചോദിക്കുന്നതാണ്. ചെറുപ്പത്തിലെ ഉപദേശങ്ങള്‍ പ്രായമാകുമ്പോഴും തുടരുന്നതിലെ നിരര്‍ഥകതയെ ഇത് സൂചിപ്പിക്കുന്നു. ഒരു മരം കാവാവില്ല എന്നു പറഞ്ഞാല്‍ ഐക്യവും കൂട്ടായ്മയുമാണ് ശക്തി എന്നാണ് അര്‍ഥമാക്കുന്നത്.
പാമ്പ് ചെന്ന് കൊത്താറില്ല എന്ന ചൊല്ല്, ആ ജീവിയുടെ സ്വഭാവം നാട്ടറിവിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഇനിയും ഏറെ ചൊല്ലുകള്‍ നാട്ടറിവിലൂടെ കണ്ടെത്താനാകും.
എഴുത്തിന്റെ വഴിയില്‍ മാന്ത്രികരചനകള്‍ നടത്തിയ ഗബ്രിയേല്‍ മാര്‍ക്വസിന്റെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' എന്ന വിഖ്യാത കൃതിയില്‍ നിന്ന്
ഇരുപത് ഇഷ്ടിക കെട്ടിടങ്ങളുള്ള ഗ്രാമമായിരുന്നു മക്കണ്ടോ. ലോകത്തിനു ചെറുപ്പമായിരുന്നതിനാല്‍ പല വസ്തുക്കള്‍ക്കും പേരുണ്ടായിരുന്നില്ല. എല്ലാ വര്‍ഷവും മാര്‍ച്ചു മാസത്തില്‍, കീറ വസ്ത്രങ്ങള്‍ അണിഞ്ഞ ഒരു ജിപ്‌സി കുടുംബം ആ ഗ്രാമത്തിനടുത്ത് താമസിച്ചു. കുഴല്‍വിളിയോടും വാദ്യമേളത്തോടുംകൂടി പുതിയ കണ്ടുപിടിത്തങ്ങള്‍ അവര്‍ അവതരിപ്പിച്ചു.
ആദ്യം അവര്‍ കാന്തം കൊണ്ടുവന്നു. അയാള്‍ രണ്ടു വലിയ ലോഹക്കഷ്ണങ്ങളും വലിച്ചിഴച്ചു വീടുതോറും നടന്നു. കലവും പാത്രങ്ങളും കൊടിലും തീയെടുക്കുന്ന കോരികളും അവയുടെ സ്ഥാനത്തുനിന്നു മറിഞ്ഞുവീഴുന്നതും ആണിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉത്തരങ്ങള്‍ കുലുങ്ങി ശബ്ദിക്കുന്നതും സ്‌ക്രൂ ആണികളുടെ പിരി ഇളകുന്നതും അവയെല്ലാം ശബ്ദകോലാഹലങ്ങളോടെ ജിപ്‌സിയുടെ അത്ഭുത ലോഹദണ്ഡിന്റെ പിറകെ കൂടുന്നതും കണ്ടു. മക്കണ്ടോ വാസികള്‍ അത്ഭുതപ്പെട്ടു. 'വസ്തുക്കള്‍ക്ക് അവയുടേതായ ജീവനുണ്ട്'. ജിപ്‌സി കര്‍ക്കശ സ്വരത്തില്‍ പ്രഖ്യാപിച്ചു. 'അവയുടെആത്മാക്കളെ ഉണര്‍ത്തുകയേ വേണ്ടൂ'.
മഴയറിവുകള്‍
സന്ധ്യാസയമത്ത് പ്രകൃതി ഒരു പ്രത്യേക വര്‍ണത്തോടെ (മഴക്കാറുകള്‍ കൊണ്ട്) കാണപ്പെട്ടാല്‍ രാത്രിയില്‍ മഴയുണ്ടാകുമെന്ന് മുതിര്‍ന്നവര്‍ പറയും. പുഷ്‌കരമൂലം (മഴച്ചെടി) എന്ന ചെടി പൂക്കുന്നതും മഴയുടെ ലക്ഷണമാണ്. കറുത്ത ചെറിയ ഈയാമ്പാറ്റകള്‍ ഉയരത്തില്‍ പറന്നുപൊങ്ങിയാല്‍ മഴപെയ്യും. വെളുത്തവയാണെങ്കില്‍ മഴയ്ക്ക് സാധ്യത കുറവാണ്.
തുമ്പികള്‍ കൂട്ടത്തോടെ താഴ്ന്നുപറക്കുക, തവളകള്‍ കൂട്ടമായി ശബ്ദിക്കുക, മഴവില്ല് ഉദിക്കുക, ഉറുമ്പുകള്‍ മുട്ടകളുമായി ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു നീങ്ങുക ഇതെല്ലാം ആസന്നമായ മഴയുടെ ലക്ഷണങ്ങളായി കാണുന്നു. കര്‍ക്കിടക മാസത്തില്‍ പരല്‍മീനുകള്‍ പെരുകുമെന്നും വൃശ്ചികത്തില്‍ പാമ്പുവര്‍ഗത്തെ ധാരാളം കാണുമെന്നും നാട്ടറിവുകളില്‍ പറയുന്നത് ഇവയുടെ പ്രജനനകാലത്തെ അടിസ്ഥാനമാക്കിയാവണം.
കൃഷിയറിവുകള്‍
വിത്തുതേങ്ങ ഒരാഴ്ചയോളം വെള്ളത്തില്‍ കുതിര്‍ത്തശേഷം പാകിയാല്‍ വേഗത്തില്‍ മുളപൊട്ടും. ചേന, ചേമ്പ്, മരച്ചീനി എന്നിവ നടുമ്പോള്‍ ചുറ്റും വേലിപോലെ മഞ്ഞള്‍ നട്ടാല്‍ എലിശല്യം കുറയും. ഗോമൂത്രത്തില്‍ വേപ്പില അരച്ചുചേര്‍ത്ത് ചീരയില്‍ തളിച്ചാല്‍ കീടങ്ങള്‍ ഉണ്ടാകില്ല, ചീര സമൃദ്ധമായി വളരും. വാഴനട്ട് അഞ്ചുമാസം കഴിഞ്ഞ് വളമിടുന്നതില്‍ യാതൊരു കാര്യവുമില്ല.
കടലറിവുകള്‍
1) കടല്‍ച്ചെളി ഇളകിയാല്‍
കടലില്‍ പോകുന്ന മുതിര്‍ന്ന തലമുറയില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കടലിന്റെ സ്വഭാവവും കാലാവസ്ഥയും മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. പഞ്ഞിക്കഷ്ണങ്ങള്‍പോലെ സമുദ്രഭാഗത്തു നിന്നു കോടനൂല്‍ പറന്നിറങ്ങുന്നത് കൊടുങ്കാറ്റിന്റെ സൂചനയായി അവര്‍ കണ്ടിരുന്നു. കടല്‍ചളി ഇളകിയാല്‍ ചാകര ഉറപ്പാണ്.
2)പാരുകള്‍
മത്സ്യങ്ങള്‍ സുരക്ഷിതമായിരിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളാണ് പാരുകള്‍. മുട്ടകള്‍ വിരിയിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമുള്ള ഇടമായാണ് മത്സ്യങ്ങള്‍ പാരുകളെ തിരഞ്ഞെടുക്കുന്നത്. പ്രകൃതിദത്തമായ പാരുകള്‍ക്കൊപ്പം മത്സ്യബന്ധനം ലക്ഷ്യമാക്കി മനുഷ്യനിര്‍മിതമായ കൃത്രിമപ്പാരുകളും ഇപ്പോള്‍ നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."