എം.എസ്.എഫ് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
കോഴിക്കോട്: സ്വാശ്രയ കൊള്ളക്കെതിരേ എം.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രവര്‍ത്തകര്‍ക്കുനേരെ പൊലിസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. എരഞ്ഞിപ്പാലത്തുനിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കലക്ടറേറ്റ് കവാടത്തില്‍ തീര്‍ത്ത ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലിസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്നു പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡും പ്രയോഗിച്ചു. മൂന്നു തവണയാണ് ഗ്രനേഡ് പ്രയോഗിച്ചത്.
അരമണിക്കൂറോളം കലക്ടറേറ്റ് പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. ബാരിക്കേഡിന് മുകളിലൂടെ കലക്ടറേറ്റിനുള്ളിലേക്കു കടക്കാന്‍ ശ്രമിച്ച രണ്ടു എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. നവാസ് ഇല്ലത്ത്, അല്‍ത്താഫ് വെള്ളയില്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ച 1.75 ലക്ഷമെന്ന മെഡിക്കല്‍ ഫീസ് 11 ലക്ഷമാക്കി പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കുന്ന പിണറായി സര്‍ക്കാര്‍ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും കേരളം ഭരിക്കാനറിയാത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും മിസ്ഹബ് പറഞ്ഞു. എം.എ റസാഖ് മാസ്റ്റര്‍, ഷരീഫ് വടക്കയില്‍, നിഷാദ് കെ. സലിം, ആശിഖ് ചെലവൂര്‍ നേതൃത്വം നല്കി. ജില്ലാ സെക്രട്ടറി ലത്തീഫ് തുറയൂര്‍ സ്വാഗതവും അഫ്നാസ് ചോറോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."