എം.എല്‍.എയുടെ പാര്‍ക്ക്; കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്നു
കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്ത് കോണ്‍ഗ്രസ് ഭരണസമിതി എല്‍.ഡി.എഫ് എം.എല്‍.എ പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്ക്കിന് അനുമതി നല്കിയതു സംബന്ധിച്ചു കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ തങ്ങള്‍ക്ക് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും പഞ്ചായത്ത് പ്രസിഡന്റും പറയുമ്പോള്‍ അനുമതി നല്‍കിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന നിലപാടിലാണ് ഡി.സി.സി നേതൃത്വം. അതേസമയം മുന്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയിലെ പ്രമുഖനുള്പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ക്കിലെ ജീവനക്കാരാണെന്നതും കോണ്‍ഗ്രസിനെ കുഴക്കുന്നുണ്ട്.
പാര്‍ക്കിന്റെ അനുമതി സംബന്ധിച്ചു കെ.പി.സി.സിയോ ഡി.സി.സിയോ തങ്ങളോട് വിശദീകരണം ഇതുവരെ ചോദിച്ചിട്ടില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് പറഞ്ഞു. തങ്ങള്‍ പാര്‍ക്ക് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ കൈകൊണ്ടത് നിയമപരമായി സ്വീകരിക്കാന്‍ കഴിയുന്ന നടപടികള്‍ മാത്രമാണ്. ഇക്കാര്യങ്ങളൊക്കെ കോണ്‍ഗ്രസ് മണ്ഡലം നേതൃത്വത്തെ അറിയിക്കുന്നുണ്ടായിരുന്നു.
കെ.പി.സി.സിയില്‍ നിന്നോ ഡി.സി.സിയില്‍ നിന്നോ ഒരു ഫോണ്‍ വിളിപോലുമുണ്ടായിട്ടില്ല. പ്രദേശത്തിന്റെ വികസനത്തിനു മുന്‍തൂക്കം നല്കുന്ന പദ്ധതികളാണ് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യു.ഡി.എഫ് മുന്നണി പഞ്ചായത്തില്‍ നടപ്പിലാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വാട്ടര്‍തീം പാര്‍ക്കിനുള്ള അനുമതി പഞ്ചായത്ത് റദ്ദാക്കുമെന്നാണ് കരുതുന്നതെന്നാണ് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് പറയുന്നത്. അനധികൃത പാര്‍ക്കിനെതിരേയുള്ള സമരവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."