ആദിവാസികള്‍ക്കിടയിലെ ആത്മഹത്യ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആദിവാസി മഹാസഭ
തിരുവനന്തപുരം: ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ നടക്കുന്ന ആത്മഹത്യകളും വംശനാശവും അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കണമെന്ന് ആദിവാസി മഹാസഭ. പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാന്‍ ചില സ്ഥലങ്ങളില്‍ സ്ത്രീകള്‍ ഉള്‍പെടുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനന്‍ ത്രിവേണി പത്രസമ്മേളനത്തില്‍ പറഞ്ഞു.തലസ്ഥാനത്തും കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലും പട്ടിക വര്‍ഗക്കാര്‍ക്കിടയിലുണ്ടാകുന്ന ആത്മഹത്യയ്ക്ക് കാരണം പുറത്തുനിന്നുള്ള കടന്നുകയറ്റവും ചൂഷണവുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പലപ്പോഴും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാറുണ്ടെങ്കിലും അവയെല്ലാം ഫലം കാണാറില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കുമെങ്കിലും അവര്‍ അന്വേഷണം താഴേത്തട്ടിലേക്ക് കൈമാറുകയാണ് പതിവ്. ഇത്തരത്തിലുള്ള അന്വേഷണം കൊണ്ട് ആദിവാസികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ കഴിയില്ല. അതിനാല്‍ ആദിവാസികള്‍ക്കിടയിലെ ആത്മഹത്യയും ഭൂമി തട്ടിയെടുക്കലും ജുഡീഷ്യന്‍ കമ്മിഷന്‍ അന്വേഷിക്കണം.
ഭൂമാഫിയകളും പെണ്‍വാണിഭക്കാരും മദ്യപസംഘങ്ങളും പാട്ടക്കരാറുകാരും സെന്റില്‍മെന്റുകളിലെ സൈ്വര്യ ജീവിതം തകര്‍ക്കുകയാണ്. പുറമെ നിന്നെത്തി ആദിവാസി പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്ന പലരും ക്രിമിനല്‍ സ്വഭാവമുള്ളവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരക്കാര്‍ ഊരുകളില്‍ മദ്യവും മയക്കുമരുന്നും ഒഴുക്കുകയാണ്. ഇവര്‍ പുരുഷന്മാരെ മദ്യത്തിനടിമയാക്കി ഭൂമിയും മറ്റും സ്വന്തമാക്കുകയാണ്. ഈകാര്യങ്ങളെല്ലാം അന്വഷണ കമ്മിഷനെ നിയമിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്ന് ആദിവാസി മഹാസഭ ആവശ്യപ്പെട്ടു.
പലപ്പോഴും ആദിവാസികള്‍ നല്‍കുന്ന പരാതിയില്‍ കേസ് എടുക്കാന്‍ പൊലിസും മടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലിസിന്റെ ഈ നിലപാട് മൂലം നീതി നിഷേധിക്കപ്പെടുന്നത് ആദിവാസികള്‍ക്കാണ്. ഭൂരിഭാഗം സ്ത്രീകളും ചൂഷണം പുറത്ത് പറയാന്‍ മടിക്കുകയാണ്. പുറത്തു നിന്നുള്ള കടന്നുകയറ്റം നിയന്ത്രിക്കാന്‍ തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ സെറ്റില്‍മെന്റ് വന അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ജി. ഗോപിനാഥന്‍, ഗോപി പെരുന്തമണ്‍, ശാന്തകുമാര്‍, സനല്‍ കുമാര്‍ കെ.എസ്, അനുരാഗ് ജി.എസ്, സുമതി വില്ലുമല, ഓമന കുളത്തൂപ്പുഴ എന്നവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."