വിദ്യാര്‍ഥികളുടെ വിഹിതം ഗഡുക്കളായി അടക്കാന്‍ അനുവദിക്കണമെന്ന്
കല്‍പ്പറ്റ: വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതിയില്‍ വിദ്യാര്‍ഥികളുടെ വിഹിതം ഗഡുക്കളായി അടക്കാന്‍ അനുവദിക്കണമെന്ന് എജ്യക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
വയനാട്ടിലെ വായ്പാ കുടിശികയുള്ളവരില്‍ ഭൂരിഭാഗവും സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവരുടെ വായ്പ തിരിച്ചടവിന് ഇളവ് വരുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിര ശ്രദ്ധയുണ്ടാവണം. ജില്ലയിലെ മുഴുവന്‍ ഷെഡ്യൂള്‍ഡ്, കൊമേഴ്ഷ്യല്‍ ബാങ്കുകള്‍ക്കുമൊപ്പം സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പദ്ധതി സംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു.
ജില്ലയിലെ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരുടെയും നിത്യരോഗികളായവരുടെയും പാവപ്പെട്ട വിധവകളുടെയും വികലാംഗകരുടെയും മരണപ്പെട്ട വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസ വായ്പ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രേഖകളുമായി വിദ്യാര്‍ഥികള്‍ നേരിട്ടെത്തണമെന്ന നിബന്ധന ഒഴിവാക്കണമെന്നും സര്‍ട്ടിഫിക്കറ്റുകളില്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഒപ്പിടണമെന്ന നിര്‍ദേശത്തിന് പകരം ഗസറ്റഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഒപ്പിട്ടാല്‍ മതിയെന്നും നിര്‍ദേശം നല്കാന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."