ആലത്തൂര്‍ എസ്റ്റേറ്റ്; അവകാശവാദമുന്നയിച്ച് വിദേശ വനിത രംഗത്ത്
കാട്ടിക്കുളം: വിദേശ പൗരന്‍ യൂജിന്‍ ജുവര്‍ട്ട് വാനിംഗന്റെ ഉടമസ്ഥതയിലായിരുന്ന കാട്ടിക്കുളം ആലത്തൂര്‍ എസ്‌റ്റേറ്റ് സര്‍ക്കാരിലേക്ക് ഏറ്റെടുക്കാനുള്ള നടപടികള്‍ റവന്യു വകുപ്പ് അധികൃതര്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയതിനിടക്ക് എസ്‌റ്റേറ്റ് സംബന്ധിച്ച് അവകാവാദമുന്നയിച്ച് വിദേശ വനിത രംഗത്ത്.
ബ്രിട്ടനിലെ ഗ്ലാസ്‌കോയില്‍ താമസിക്കുന്ന മെറ്റില്‍ഡ എന്ന ടില്ലി ഗിഫോര്‍ഡാണ് വയനാട് ജില്ലാ ഭരണകൂടത്തിന് ഇതുസംബന്ധിച്ച് രേഖകള്‍ നല്‍കിയത്. തന്റെ വല്ല്യമ്മയുടെ ഏറ്റവും ഇളയ സഹോദരനാണ് യൂജിന്‍ ജുവര്‍ട്ട് വാനിംഗനെന്ന് മെറ്റില്‍ഡ അവകാശപ്പെടുന്നു.
2013 മാര്‍ച്ച് 11നാണ് വാനിംഗന്‍ മരണമടഞ്ഞത്. വിദേശ പൗരന് അനന്തരാവകാശികളില്ലെങ്കില്‍ അയാളുടെ കാലശേഷം വസ്തുവകകള്‍ സംസ്ഥാന സര്‍ക്കാരിലേക്ക് വന്നുചേരണമെന്നാണ് ഇന്ത്യന്‍ നിയമം. വാനിംഗന് മക്കളില്ലാത്തതിനാല്‍ എസ്ചീറ്റ് ആന്റ് ഫോര്‍ഫീച്ചര്‍ ആക്ട് പ്രകാരമാണ് ഈ എസ്‌റ്റേറ്റ് സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ടത്. ഇതിനുള്ള നടപടികള്‍ പുരോഗമിച്ചതിനിടക്കാണ് മെറ്റില്‍ഡയുടെ രംഗപ്രവേശം.
നിലവില്‍ ബംഗളൂരു സ്വദേശി മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ ആണ് ആലത്തൂര്‍ എസ്‌റ്റേറ്റ് കൈവശം വെക്കുന്നത്. വാനിംഗന്‍ ദാനാധാരപ്രകാരം ഈശ്വറിന്റെ മകന് ആലത്തൂര്‍ എസ്‌റ്റേറ്റ് നല്‍കിയെന്നാണ് രേഖയുള്ളത്. ഈശ്വറിന്റെ മകനെ ദത്തെടുത്തതായുള്ള പ്രമാണം ഒപ്പിട്ടത് 2007 മാര്‍ച്ച് മൂന്നിനാണ്. എന്നാല്‍ 2006 ഫെബ്രുവരി ഒന്നിന് ദാനാധാരത്തിലൂടെ ആലത്തൂര്‍ എസ്‌റ്റേറ്റ് മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ കൈവശപ്പെടുത്തിയിരുന്നു. ഇതിനിടെ തന്റെ അവസാന നാളുകളില്‍ ജുവര്‍ട്ട് വാനിംഗന്‍ സ്വത്ത് തട്ടിപ്പ് ആരോപണമുന്നയിച്ച് ഈശ്വറിനെതിരെ പരാതി നല്‍കിയിരുന്നു. ഇതോടെ എസ്‌റ്റേറ്റ് ഇടപാട് സംബന്ധിച്ച് ഉയര്‍ന്ന അവ്യക്തതകളും ദൂരുഹതകളും ഇനിയും കെട്ടടങ്ങിയിട്ടില്ല.
വാനിംഗനില്‍ നിന്ന് എസ്‌റ്റേറ്റ് മറ്റൊരാള്‍ തട്ടിയെടുത്തതായുള്ള ആരോപണം ശക്തമായതിനെ തുടര്‍ന്നുയര്‍ന്ന പൊതുജനസമ്മര്‍ദം മൂലമാണ് എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എസ്‌റ്റേറ്റ് ഏറ്റെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ അധികൃതര്‍ ഈശ്വറിന് നോട്ടീസ് നല്‍കിയിരുന്നു.
നിരവധി തവണ ഇതുസംബന്ധിച്ച ഹിയറിങുകളും കഴിഞ്ഞു. ഒടുവില്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഘട്ടം വന്നപ്പോഴാണ് മെറ്റില്‍ഡ തടസവാദം ഉന്നയിച്ചത്. ആലത്തൂര്‍ എസ്‌റ്റേറ്റ് സംബന്ധിച്ച് 1-12-2012ന് യൂജിന്‍ ജുവര്‍ട്ട് വാനിംഗന്‍ തന്റെ പേരില്‍ ഒരു എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നുവെന്നും അതിനാല്‍ എസ്‌റ്റേറ്റ് സര്‍ക്കാരിലേക്ക് ഏറ്റെടുക്കരുതെന്നുമാണ് മെറ്റില്‍ഡ ആവശ്യപ്പെടുന്നത്. ആലത്തൂര്‍ എസ്‌റ്റേറ്റിന് ഈശ്വറും മെറ്റില്‍ഡയും അവകാശം ഉന്നയിച്ചതോടെ എസ്‌റ്റേറ്റ് സംബന്ധിച്ച കൈമാറ്റ ഇടപാടുകള്‍ കൂടുതല്‍ ദൂരുഹതയുണര്‍ത്തിയിരിക്കുകയാണ്.
എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ സംബന്ധിച്ച വിചാരണകളും നടപടികളും ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തിലാണ് മെറ്റില്‍ഡ തടസവാദം ഉന്നയിച്ചതെന്നതിനാല്‍ ഇതു സംബന്ധിച്ച് നിയമോപദേശം തേടി ബന്ധപ്പെട്ട ഫയല്‍ അഡ്വക്കേറ്റ് ജനറലിന് (എ.ജി) അയച്ചിരിക്കുകയാണ് ജില്ലാ കലക്ടര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."