കരിപ്പൂര്‍ വിമാനത്താവളം റണ്‍വേ വികസിപ്പിക്കുന്നതില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പിന്മാറുന്നു
കൊണ്ടോട്ടി: കരിപ്പൂരില്‍ ഭൂമി ഏറ്റെടുത്ത് നിലവിലുള്ള റണ്‍വേ വികസിപ്പിക്കുന്നതില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പിന്മാറുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടി നീളുന്നതും റണ്‍വേ വികസനത്തിന് വേണ്ടിവരുന്ന ഭീമമായ ചെലവും കണക്കിലെടുത്താണിത്. 80 അടിയോളം ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തി റണ്‍വേയുടെ നീളം കൂട്ടാന്‍ കോടികളുടെ ചെലവാണ് അതോറിറ്റിക്കുണ്ടാവുക. ഇതിനു പുറമെ പാരിസ്ഥിതിക ആഘാത പഠനവും തിരിച്ചടിയാവും. ഇതോടെയാണ് നീളം കൂട്ടുന്നത് നിര്‍ത്തി റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)വര്‍ധിപ്പിച്ച് ബോയിങ് 777-200 വിമാനങ്ങള്‍ക്ക് പറന്നിറങ്ങാനുള്ള സൗകര്യം ഒരുക്കുന്നത്. എന്നാല്‍ മറ്റു പ്രവൃത്തികള്‍ക്കായി 168 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ അതോറിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനസാന്ദ്രത കുറഞ്ഞ പ്രദേശമാകും ഇതോടെ ഏറ്റെടുക്കേണ്ടി വരിക. നിലവിലുള്ള 9000 അടിയില്‍ നിന്ന് റണ്‍വേ നീളം 13000 ആക്കി വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കായി 468 ഏക്കര്‍ ഏറ്റെടുക്കാനായിരുന്നു നേരത്തേയുള്ള പദ്ധതി.
1996-ല്‍ കരിപ്പൂരില്‍ റണ്‍വേ നീളം ആറായിരത്തില്‍ നിന്ന്് ഒമ്പതിനായിരം അടിയായി വര്‍ധിപ്പിച്ചത് ആറ് വര്‍ഷത്തിലേറെ സമയം എടുത്താണ്. സമീപത്തെ വലിയ കുന്നുകളെല്ലാം ഇടിച്ച് നിരത്തിയാണ് അന്ന് റണ്‍വേ നീളം കൂട്ടിയത്. നിലവിലെ റണ്‍വേ നീളം കൂട്ടുന്നതിന് വേണ്ടി മാത്രം 55 മില്യന്‍ ക്യുബിക് മീറ്റര്‍ മണ്ണ് വേണമെന്നാണ് അതോറിറ്റിയുടെ കണക്ക്. പ്രദേശത്തെ ഇപ്പോഴത്തെ ജനസാന്ദ്രതയും വാഹനപ്പെരുപ്പവും കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ള റോഡുകള്‍ വഴി പുതിയ പ്രവൃത്തികള്‍ക്ക് മണ്ണ് എത്തിക്കാനാവില്ല. മണിക്കൂറില്‍ 100 വാഹനങ്ങള്‍ മണ്ണുമായി വരാനായി റോഡ് സ്ഥാപിക്കണം. ഇതോടെ ചെലവ് 80,000 കോടിയോളം വരുമെന്നാണ് വിലയിരുത്തല്‍. ഇത് അസാധ്യമാണെന്ന് കണ്ടത്തിയതോടെയാണ് ജംബോ ഒഴികെയുളള വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ഡി.ജി.സി.എയോട് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടത്. ഉപാധികളോടെ അനുവദിക്കാമെന്ന മറുപടിയും ലഭിച്ചിട്ടുണ്ട്.
9383 അടി (2860 മീറ്റര്‍) നീളത്തിലാണ് കരിപ്പൂരില്‍ റണ്‍വേ നിലവിലുള്ളത്. എന്നാല്‍ ലഖ്‌നൗ(2800 മീറ്റര്‍ നീളം), ഭോപ്പാല്‍(2750), ഇന്‍ഡോര്‍(2750),വാരണസി(2745),റാഞ്ചി(2713)എന്നിങ്ങനെയാണുള്ളത്. ഇവയില്‍ മിക്കതിലും ഹജ്ജ് വിമാനങ്ങളടക്കം സര്‍വിസ് നടത്തുന്നുണ്ട്. കരിപ്പൂരില്‍ റണ്‍വേ ആവശ്യത്തിനുണ്ടായിട്ടും സാങ്കേതികത്വം പറഞ്ഞ് ഡി.ജി.സി.എ അനുമതി നല്‍കാതിരിക്കുകയായിരുന്നു.
റണ്‍വേയുടെ അറ്റത്തായി വിമാനങ്ങള്‍ തെന്നിനീങ്ങിയാല്‍ പിടിച്ചുനിര്‍ത്താനുള്ള ചതുപ്പുപോലുള്ള ഭാഗമായ റിസയുടെ വിസ്തീര്‍ണം വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് വരികയാണ്. 30 ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് ഇത് പൂര്‍ത്തിയാക്കുന്നത്. റണ്‍വേ റീ-കാര്‍പ്പറ്റിങ് പൂര്‍ത്തിയായ കരിപ്പൂരില്‍ 300,350 യാത്രക്കാരെ ഉള്‍ക്കൊളളുന്ന എ-330 ടൈപ്പ് വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുളള പ്രാപ്തിയുണ്ടെന്ന് നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് ഇത്തരം വിമാനങ്ങള്‍ക്ക് ഡി.ജി.സി.എ ഉപാധികളോടെ അനുമതി നല്‍കാനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."