ലാവ്‌ലിനില്‍ വിജയനായി പിണറായി
തിരുവനന്തപുരം: 2013 നവംബര്‍ അഞ്ചിന് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്നു ഒഴിവാക്കിക്കൊണ്ടുള്ള തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയുടെ വിധി വന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയന്‍ എ.കെ.ജി സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അഞ്ചു കാര്യങ്ങള്‍ ഉദ്ധരിച്ചായിരുന്നു സംസാരിച്ചത്. ലാവ്‌ലിന്‍ കേസില്‍ കുടുക്കി തന്നെ വേട്ടയാടിയപ്പോള്‍ വഴിയില്‍ വീഴാതെ പോയതിനു കാരണം അരുതാത്തതൊന്നും ചെയ്തിട്ടില്ലെന്ന ബോധ്യം, തന്നെയും തന്റെ പാര്‍ട്ടിയെയും വിശ്വസിക്കുകയും സ്‌നേഹിക്കുകയും എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നില്‍ക്കുകയും ചെയ്ത ജനലക്ഷങ്ങളുടെ പിന്തുണ, കമ്മ്യൂണിസ്റ്റുകാരനായാല്‍ മുന്നിലെ പാത പൂക്കള്‍ വിരിച്ചതല്ലായെന്ന തിരിച്ചറിവ്, തന്നെ തിരിച്ചറിയുകയും തന്നോടൊപ്പം നില്‍ക്കുകയും ചെയ്ത പ്രസ്ഥാനം, ഏതൊക്കെ പ്രതിസന്ധി നേരിട്ടാലും സത്യം ജയിക്കുമെന്ന വിശ്വാസം ഇതെല്ലാമാണെന്നായിരുന്നു പറഞ്ഞത്.
മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടതുള്ളൂവെന്ന ചൊല്ലില്‍ പിണറായി വിജയന്‍ എന്നും വിശ്വസിച്ചിരുന്നു. ലാവ്‌ലിന്‍ കേസില്‍നിന്നു കുറ്റവിമുക്തമായതോടെ പാര്‍ലമെന്ററി പ്രവേശനം എളുപ്പമായി. അങ്ങനെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പാര്‍ട്ടി അനുമതി നല്‍കി. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തലേ ദിവസം വീണ്ടും ലാവ്‌ലിന്‍ ഭൂതത്തെ കുടം തുറന്ന് വിട്ടു. വീണ്ടും ലാവ്‌ലിന്‍ ഭൂതത്തില്‍നിന്നു പിണറായി വിജയനെ കുറ്റ വിമുക്തനാക്കി ഹൈക്കോടതി വിധി പ്രസ്താവിച്ചതോടെ മുമ്പത്തേക്കാളും കരുത്തനായി അധികാരത്തലപ്പത്ത് അടിയുറക്കുന്നു.
മത്സരിക്കാനിറങ്ങിയപ്പോള്‍ ജനങ്ങള്‍ അര്‍പ്പിച്ച പിന്തുണ ജനങ്ങള്‍ തന്നെ വിശ്വസിക്കുന്നുവെന്നതാണ്. അതാണ് ശക്തമായ ജനകീയ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്. ജുഡിഷ്വറിയും തന്റെ വിശ്വാസ്യത അരക്കിട്ടുറപ്പിച്ചു. ഇത് കേരളത്തിന്റെ വികസന കാര്യത്തില്‍ കൂടുതല്‍ ശക്തിപകരാന്‍ സഹായിക്കുമെന്നായിരുന്നു പിണറായി വിജയന്റെ ഇന്നലത്തെ പ്രതികരണം.
സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി സി.എ.ജി ഒരു വിശദീകരണം ചോദിച്ചത് മുന്‍നിര്‍ത്തിയായിരുന്നു പിണറായി വിജയനെതിരേ അഴിമതിയാരോപണത്തിന് തുടക്കമിട്ടത്. സി.എ.ജി റിപ്പോര്‍ട്ടില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടായാല്‍ അത് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടുകയാണ് സാധാരണ ചെയ്യുക. എന്നാല്‍, സി.എ.ജിയുടെ അന്തിമ റിപ്പോര്‍ട്ടിന് കാത്തിരിക്കാതെ നേരിട്ടുതന്നെ വിജിലന്‍സ് അന്വേഷണമായി. അന്വേഷണത്തില്‍ പിണറായി വിജയനെതിരേ തെളിവുകള്‍ ഇല്ലായിരുന്നുവെന്നായിരുന്നു അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ റിപ്പോര്‍ട്ടെഴുതിയത്. ഇതേ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ഉപേന്ദ്രവര്‍മയെ വിജിലന്‍സ് ഡയറക്ടര്‍സ്ഥാനത്തുനിന്ന് പുറത്താക്കി. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഫ്രീസറിലേക്കുമാറ്റി. 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മിഷന്‍ പ്രഖ്യാപിച്ച് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കേസ് സി.ബി.ഐക്ക് വിട്ടു.
പിന്നീട് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയിട്ടും യു.ഡി.എഫ് സര്‍ക്കാര്‍ കേസുമായ മുന്നോട്ടു നീങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് സി.ബി.ഐ ഹൈക്കോടതിയില്‍ നല്‍കിയിരുന്ന അപ്പീലില്‍ സര്‍ക്കാര്‍ കക്ഷി ചേര്‍ന്നു. തെരഞ്ഞെടുപ്പിന് ആയുധമാക്കാനായിരുന്നു അത്. എന്നാല്‍, ജനകീയ പിന്തുണയോടെ പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയിലെത്തി.
രണ്ടു പതിറ്റാണ്ടിലധികമായി ലാവ്‌ലിന്‍ ഭൂതം പിണറായി വിജയനെ വേട്ടയാടക്കാണ്ടിരിക്കുന്നു. ഇതില്‍ നിഗൂഢ ശക്തികള്‍ പ്രവര്‍ത്തിച്ചുവെന്നും അവര്‍ക്ക് നിരാശയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്.
ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് കോടിയേരി
തിരുവനന്തപുരം: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വസ്തുനിഷ്ടാപരമായ വിലയിരുത്തലാണ് കോടതി നടത്തിയിരിക്കുന്നത്.
പിണറായി വിജയനെ പ്രതിചേര്‍ത്തത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന ആരോപണം കോടതിയും ശരിവച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.
2005ല്‍ യു.ഡി.എഫ് സര്‍ക്കാരാണ് കേസില്‍ പിണറായി വിജയനെ പ്രതിചേര്‍ക്കുകയും കുറ്റപത്രം നല്‍കുകയും ചെയ്തത്. വിജിലന്‍സിന്റെ പരിശോധനയിലും കുറ്റവിമുക്തനായ നേതാവാണ് പിണറായി വിജയന്‍.
കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരിന്റെയും കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും താല്‍പര്യത്തിലാണ് സി.ബി.ഐ പിണറായി വിജയനെ കേസില്‍ പ്രതിചേര്‍ത്തത്. കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ തകര്‍ക്കുന്നതാണ് കണ്ടുവരുന്നത്. ഇതിന് നേരിട്ട കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുഴിച്ചുമൂടപ്പെട്ട ലാവ്‌ലിന്‍ കേസ് വീണ്ടും സജീവമാക്കി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കുഴിച്ചുമൂടപ്പെട്ട ലാവ്‌ലിന്‍ കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയിലൂടെ വീണ്ടും സജീവമായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിചാരണ കോടതി വെറുതെവിട്ട പ്രതികളുടെ വിചാരണ ആവശ്യപ്പെട്ടാണ് ഡിവിഷന്‍ ബെഞ്ചിനെ സി.ബി.ഐ സമീപിച്ചത്. പ്രതികളില്‍ മൂന്നു പേരുടെ വിചാരണ നടത്താന്‍ അനുവാദം നല്‍കിയതോടെ ലാവ്‌ലിനില്‍ അഴിമതി നടന്നിട്ടുണ്ടെന്ന സംശയം കോടതിക്കും ബോധ്യമായിട്ടുണ്ട്. പിണറായി വിജയനെ കേസില്‍നിന്ന് ഒഴിവാക്കിയെന്നതില്‍ അദ്ദേഹത്തിന് സന്തോഷിക്കാന്‍ വകയൊന്നുമില്ല. കീഴ്‌ക്കോടതികള്‍ കുറ്റവിമുക്തരാക്കിയ ജയലളിതയ്ക്കും ലാലു പ്രസാദ് യാദവിനും സുപ്രിംകോടതിയില്‍നിന്ന് എന്താണ് നേരിടേണ്ടി വന്നതെന്ന് മനസിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മധുരവുമായി പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫിസും
തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടിലധികം നീണ്ടു നിന്ന ഗ്രഹണം ഒഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു ഇന്നലെ മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ ഓഫിസും വസതിയായ ക്ലിഫ് ഹൗസും, സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസും.
ഇന്നലെ രാവിലെ പതിനൊന്നോടെ ലാവ്‌ലിന്‍ കേസില്‍ വിധിയുണ്ടാകുമെന്ന് ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ് നല്‍കിയതോടെ ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ വിധി പ്രസ്താവം ചാനലുകളിലൂടെ കേള്‍ക്കാന്‍ എ.കെ.ജി സെന്ററില്‍ തന്നെ തങ്ങി.
1.45ന് വിധി വരുമെന്ന അറിയിപ്പ് വന്നതോടെ കൂടുതല്‍ നേതാക്കള്‍ എ.കെ.ജി സെന്ററിലേക്ക് എത്തി. ക്ലിഫ് ഹൗസും ശ്രദ്ധാകേന്ദ്രമായി മാറി. നിയമസഭയിലായിരുന്ന മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിന് ക്ലിഫ് ഹൗസില്‍ എത്തിയശേഷം പിന്നീട് മടങ്ങിയില്ല. അതിനിടെ ചില നേതാക്കള്‍ പിണറായി വിജയനെ സന്ദര്‍ശിച്ചു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും അതിനിടെ ക്ലിഫ് ഹൗസില്‍ എത്തി. ഡി.ജി.പിയും മുഖ്യമന്ത്രിയും ചര്‍ച്ച നടത്തുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയമായി ഏറെ നിര്‍ണായകമായ വിധിയുടെ ആകാംക്ഷയിലായിരുന്നു ക്ലിഫ് ഹൗസ്. അവിടത്തെ ഓരോ നിമിഷങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളുടെ വലിയ പട തന്നെ ക്ലിഫ് ഹൗസിലെത്തി.
ഈ സമയത്തും നിയമസഭ നടക്കുന്നതിനാല്‍ മന്ത്രിമാരും എം.എല്‍.എമാരും പ്രതിപക്ഷനേതാവുമുള്‍പ്പെടെ സഭയിലുണ്ടായിരുന്നു.അവരും ഇടക്കിടെ സഭാതലത്തില്‍നിന്ന് പുറത്തിറങ്ങി ചാനലുകളിലെ വാര്‍ത്ത ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രണ്ടേകാലോടെ കേസിലെ ഒന്‍പതാം പ്രതിയായിരുന്ന പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന് വിധി ചാനലുകളിലൂടെ വന്നതോടെ എ.കെ.ജി സെന്ററിലേയും ക്ലിഫ് ഹൗസിലേയും ആകാംക്ഷ ആഹ്ലാദ പ്രകടനങ്ങളിലേക്ക് വഴിമാറി.
കൈയടിയോടെയാണ് വിധി ഇരു സ്ഥലങ്ങളിലേയും പാര്‍ട്ടിപ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പിന്നീട് എ.കെ.ജി സെന്ററില്‍ കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു.
അവിടെയെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും മധുരം നല്‍കിയാണ് സ്വീകരിച്ചത്. മൂന്നര മണിയോടെ മുഖ്യമന്ത്രിയും വാര്‍ത്ത സമ്മേളനം വിളിച്ചു.
അവിടെയെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫിസ് മധുരം നല്‍കി. രണ്ടു മണിക്കൂര്‍ നേരം ആകാംക്ഷയുടെ മുള്‍മുനയില്‍നിന്ന മുഖ്യമന്ത്രിയുടെ ഓഫിസ് വിധി വന്നതിനു ശേഷം സന്തോഷത്തിലായി. ചിലര്‍ പരസ്പരം കെട്ടിപ്പുണര്‍ന്നു.
രണ്ടു പതിറ്റാണ്ടിലധികം ഇടത്, വലത് മുന്നണികള്‍ പോരടിച്ച ലാവ്‌ലിന്‍
തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടിലധികം ഇടതും വലതും കക്ഷികള്‍ തലങ്ങും വിലങ്ങും വെട്ടാന്‍ ഉപയോഗിച്ച ആയുധമാണ് ലാവ്‌ലിന്‍. കരാറും തുടര്‍ന്നുവന്ന അഴിമതി ആരോപണങ്ങളും കോടതി നടപടികളുമായി 21 വര്‍ഷമായി കേരള രാഷ്ട്രീയത്തില്‍ ലാവ്‌ലിന്‍ ചര്‍ച്ചാ വിഷയമാണ്. പിണറായി വിജയനെതിരേയും പാര്‍ട്ടിയിലെ ഔദ്യോഗിക ചേരിക്കെതിരേയും ഇടയ്ക്കിടെ തൊടുക്കാനായി വി.എസ് അച്യുതാനന്ദന്‍ അതിനെ ആവനാഴിയില്‍ കരുതി വച്ചു. ഇടയ്ക്കിടെ മാധ്യമങ്ങളെ കാണുമ്പോള്‍ ലാവ്‌ലിന്‍ വി.എസ് പ്രധാന ആയുധമാക്കി.
യു.ഡി.എഫാകട്ടെ ലാവ്‌ലിനില്‍നിന്ന് മറ്റൊരു മുന്‍ മന്ത്രിയായ ജി. കാര്‍ത്തികേയനെ കരുതലോടെ കാക്കാനും ശ്രമിച്ചുകൊണ്ടിരുന്നു.
നാള്‍ വഴി
1995ല്‍ കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കണ്‍സള്‍ട്ടന്റായി കനേഡിയന്‍ കമ്പനി എസ്.എന്‍.സി ലാവ്‌ലിനും വൈദ്യുതി ബോര്‍ഡുമായി അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ധാരണാപ്പത്രം ഒപ്പിടുന്നു.
1996 ഫെബ്രുവരി24ന് സാങ്കേതിക സഹായത്തിനും പദ്ധതിയുടെ നിര്‍മാണ മേല്‍നോട്ടത്തിനും ലാവ്‌ലിന്‍ കമ്പനിയുമായി കണ്‍സള്‍ട്ടന്റായി കരാറിലായി. അന്ന് ജി. കാര്‍ത്തികേയനായിരുന്നു വൈദ്യുതി മന്ത്രി.
1997ല്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായി ചുമതലയേല്‍ക്കുന്നു. ഉന്നത സംഘം കാനഡയിലെത്തി കണ്‍സള്‍ട്ടന്‍സി കരാര്‍, ഉപകരണങ്ങള്‍ വാങ്ങാനുള്ള സപ്ലൈ കരാറാക്കി മാറ്റി.
1998 ജനുവരി: 130 കോടി രൂപയുടെ വിദേശ സഹായത്തോടെ അന്തിമ കരാറിന് വൈദ്യുതി ബോര്‍ഡ് അംഗീകാരം നല്‍കി
1998 മാര്‍ച്ച്: മന്ത്രിസഭാ യോഗം കരാര്‍ അംഗീകരിച്ചു. കാന്‍സര്‍ ആശുപത്രിക്ക് 98.30 കോടി രൂപ ലാവ്‌ലിന്‍ നല്‍കുമെന്ന് കരാര്‍. എന്നാല്‍, കാന്‍സര്‍ ആശുപത്രിക്ക് 8.98 കോടി രൂപ മാത്രം ലഭിച്ചു.
1998 ജൂലൈ 6: ലാവ്‌ലിന്‍ കമ്പനിയുമായി അന്തിമ കരാര്‍ ഒപ്പിട്ടു.
2001 ജൂണ്‍: പദ്ധതിയില്‍ അഴിമതിയുണ്ടെന്ന ആദ്യ ആരോപണം ഉയരുന്നു. 36 യു.ഡി.എഫ് എം.എല്‍.എമാര്‍ അന്വേഷണം ആവശ്യപ്പെട്ടു.
2002 ജനുവരി 11: ലാവ്‌ലിന്‍ കരാറിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് നിയമസഭ സബ്ജക്റ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.
2003 മാര്‍ച്ച്: എ.കെ ആന്റണി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.
2005 ജൂലൈ 9: ലാവ്‌ലിന്‍ ഇടപാട്: 374 കോടി പാഴായെന്ന് സി.എ.ജി റിപ്പോര്‍ട്ട് പുറത്തു വരുന്നു.
2005 ജൂലൈ 19: ലാവ്‌ലിനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന വി.എസിന്റെ ആവശ്യം ആര്യാടന്‍ മുഹമ്മദ് അംഗീകരിച്ചു.
2006 മാര്‍ച്ച്: ലാവ്‌ലിന്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചു.
2009 ജനുവരി: പിണറായി വിജയന്‍ പ്രതിയാണെന്നും വിചാരണക്ക് അനുമതി നല്‍കണമെന്നും സി.ബി.ഐ ആവശ്യപ്പെടുന്നു.
2013 ജൂണ്‍ 18: പിണറായി വിജയനെതിരായ വിചാരണ ഉടന്‍ ആരംഭിക്കണമെന്ന് ഹൈക്കോടതി. വിടുതല്‍ ഹരജികള്‍ ആദ്യം പരിഗണിക്കാനുത്തരവ്
2013 നവംബര്‍ 5: പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴു പ്രതികളെ പ്രതിപ്പട്ടികയില്‍നിന്ന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഒഴിവാക്കി.
2014 ജനുവരി 31: സി.ബി.ഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
2017 ഓഗസ്റ്റ് 23: പിണറായി വിജയനെ കുറ്റവിമുക്തനാക്കി. മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."