മുത്വലാഖ്: പുനരാലോചന അനിവാര്യമായ വിധി
മുത്വലാഖ് നിരോധിച്ച സുപ്രിംകോടതി വിധി പുനരാലോചനക്ക് വിധേയമാക്കേണ്ടതാണ്. അഞ്ചംഗ ഭരണഘടനാബെഞ്ച് ഭൂരിപക്ഷവിധിയിലൂടെയാണ് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹര്‍ അധ്യക്ഷനായ ബെഞ്ചില്‍ അദ്ദേഹവും ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറും ഭൂരിപക്ഷവിധിയോട് വിയോജിച്ചു. മുത്വലാഖ് പ്രകാരമുള്ള വിവാഹമോചനങ്ങള്‍ ആറുമാസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നും അതിനകം കേന്ദ്രം വിവാഹമോചനത്തിന് പുതിയ നിയമമുണ്ടാക്കണമെന്നുമായിരുന്നു ഇവരുടെ വിധി. ബെഞ്ചിലെ മൂന്ന് ജഡ്ജിമാരുടെ ഭൂരിപക്ഷവിധിയാണ് നടപ്പാവുക. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്. ആര്‍.എഫ്. നരിമാന്‍, യു.യു. ലളിത് എന്നിവരാണ് ഈ വിധിയെഴുതിയത്. അതേ സമയം വ്യക്തി നിയമത്തിന് പരിരക്ഷ നല്‍കുന്നവിധത്തില്‍ എല്ലാ ജഡ്ജിമാരും ഏകോപിച്ചത് വിശ്വാസികള്‍ക്ക് ആശാവഹമാണ്.
ചരിത്രപരമായ വിധിയെന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചതെങ്കിലും മുസ്‌ലിം സ്ത്രീക്ക് ശരീഅത്ത് നിയമമനുസരിച്ച് വിവാഹമോചനത്തിന് അധികാരം നല്‍കുന്ന 1939ലെ ഫസ്ഖ് ആക്ട് പോലെയുള്ളവയുടെ ചരിത്രമറിയുന്നവര്‍ക്ക് ഈ പ്രസ്താവനയോട് യോജിക്കാന്‍ പ്രയാസമാണ്. ഏകസിവില്‍കോഡിലേക്ക് കേന്ദ്രസര്‍ക്കാര്‍ കൊളുത്തിയിട്ട ചൂണ്ട മാത്രമാണിത്.
ചര്‍ച്ചകള്‍ മുസ്‌ലിം വ്യക്തിനിയമത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നതിലെയും ചിലവ്യക്തികളില്‍ നിന്നു സംഭവിക്കുന്ന വീഴ്ചകള്‍ പര്‍വതീകരിക്കുന്നതിലെയും ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. മുസ്‌ലിം വ്യക്തിനിയമം മാത്രമല്ല ഇന്ത്യയില്‍ ഉള്ളത്. 1865ല്‍ ക്രൈസ്തവര്‍ക്ക് ഇന്ത്യന്‍ സക്‌സഷന്‍ ആക്ടും 1872ല്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ മാര്യേജ് ആക്ടും നിലവില്‍ വന്നു. 1865ലെ ഇന്ത്യന്‍ സക്‌സഷന്‍ ആക്ട് പരിഷ്‌കരിച്ചു നിലവില്‍ വന്നതാണ് ഇന്ത്യന്‍ സക്‌സഷന്‍ ആക്ട് 1925. 12ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട 'മിതാക്ഷര' എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഹിന്ദു കോഡ് ബില്ലില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് 1955ല്‍ ഹിന്ദു മാര്യേജ് ആക്ടും 1956ലെ ഹിന്ദു സക്‌സഷന്‍ ആക്ടും കൊണ്ടുവരുന്നത്. 1937ല്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും പിന്‍ബലത്തില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ (ശരീഅത്ത്) ആപ്ലികേഷന്‍ ആക്ട് നിര്‍മിക്കപ്പെടുമ്പോള്‍ അതു ഹിന്ദു വ്യക്തി നിയമങ്ങളെക്കാള്‍ പുരോഗമനപരം എന്നു വിലയിരുത്തപ്പെട്ടിരുന്നു.
ഇപ്പോള്‍ വിധിപ്രസ്താവനക്ക് ഹേതുവായ കേസിന്റെ ഉത്ഭവം 2015 ലാണ്. ഹിന്ദു അനന്തരാവകാശവുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കവേ 2015 ഒക്ടോബര്‍ 16ന് പുറപ്പെടുവിച്ച വിധി പ്രസ്താവമാണ് ഇപ്പോഴത്തെ മുത്വലാഖ് കേസിലേക്ക് നയിച്ചത്. ഹിന്ദു പിന്തുടര്‍ച്ചാവകാശ കേസുമായി ഒരു ബന്ധവുമില്ലാത്ത മുസ്ലിം വ്യക്തി നിയമം സംബന്ധിച്ച് സ്വമേധയാ പുതിയ കേസ് എടുത്ത് വിധി പ്രസ്താവത്തിന്റെ രണ്ടാം ഭാഗമായി ചേര്‍ത്തതിലൂടെ ജസ്റ്റിസ് ഗോയല്‍ ഒരു നീതിന്യായ കീഴ്‌വഴക്കത്തിന് കൂടി തുടക്കമിടുകയായിരുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ ശാബാനുകേസിന് ശേഷം പരാതിക്കാരാരും ഇല്ലാതെ തന്നെ മുസ്‌ലിം വ്യക്തി നിയമത്തെ വലിയൊരു നിയമയുദ്ധത്തിലേക്ക് കൊണ്ടുപോകുന്നതിലേക്കാണ് ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഈ വിധി വഴിയൊരുക്കിയത്.ആര്‍.എസ്.എസുമായി ബന്ധപ്പെട്ട അഭിഭാഷക സംഘടനയായ 'അഖില ഭാരതീയ അധിവക്ത പരിഷത്ത്' ജനറല്‍ സെക്രട്ടറിയായിരുന്നു എ.കെ ഗോയലെന്ന് കൂടി ചേര്‍ത്ത് വായിക്കുക. സൈറാബാനുവിന്റേതടക്കമുള്ള ഹരജികള്‍ സുപ്രിം കോടതിയിലെത്തിയത് പിന്നെയാണ്.
മുസ്‌ലിം വനിതകള്‍ അനുഭവിക്കുന്ന ലിംഗവിവേചനത്തിനെതിരേ സ്വമേധയാ പൊതുതാല്‍പര്യ ഹരജി രജിസ്റ്റര്‍ ചെയ്യാന്‍ ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു. 'ഇപ്പോള്‍ പരിഗണിച്ച അപ്പീലുകളുമായി ബന്ധമില്ലാത്തതാണെങ്കിലും ചില അഭിഭാഷകര്‍ ഉന്നയിച്ച ആശങ്കകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രധാന വിഷയത്തിലിടപെടുന്നതെന്ന' ആമുഖത്തോടെയാണ് വിധിയുടെ രണ്ടാം ഭാഗം തുടങ്ങിയത്. നിര്‍ബന്ധിത വിവാഹമോചനം, ഭാര്യ നിലവിലിരിക്കെ ഭര്‍ത്താവിന്റെ രണ്ടാം വിവാഹം എന്നിവയില്‍ മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപവല്‍ക്കരിക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ ആര്‍ ദവെ, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. ഇത്തരത്തില്‍ മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗ വിവേചനം ഭരണഘടനയുടെ 14, 15, 21 അനുഛേദങ്ങള്‍ ഉറപ്പുവരുത്തുന്ന മൗലികാവകാശങ്ങളുടെ ലംഘനമായി പരിഗണിക്കണോ എന്ന് സുപ്രിംകോടതി മോദി സര്‍ക്കാരിനോട് അഭിപ്രായം തേടുകയും ചെയ്തു. പിന്നീട് എ.ജിയെ കേസില്‍ സ്വമേധയാ കക്ഷി ചേര്‍ക്കുകയും ചെയ്തു.
ഇപ്പോള്‍ പുറത്ത് വന്ന വിധി സാങ്കേതികമായി ഭൂരിപക്ഷ വിധി എന്ന് പറയാവതാണെങ്കിലും ആഴത്തിലിറങ്ങിയുള്ള ചര്‍ച്ചയില്‍ ഭൂരിപക്ഷ വിധിയാണോ എന്ന് പരിശോധിക്കേണ്ടി വരും. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറും ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറും മുത്വലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് പറഞ്ഞത്. ജസ്റ്റിസ് കുര്യന്‍ ജോസഫ് ഖുര്‍ആന്‍ വിരുദ്ധമാണെന്നാണ് പറഞ്ഞത്. ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍, യു.യു. ലളിത് എന്നിവര്‍ ഭരണഘടനാ വിരുദ്ധമെന്നും പറഞ്ഞു. അപ്പോള്‍ തത്വത്തില്‍ ഭൂരിപക്ഷവിധിയായി ഇതിനെ പരിഗണിക്കാവതല്ലെന്നാണ് നിമവിശാരദന്മാരുടെ പക്ഷം.
ഇന്ത്യയിലെ നിയമവിദഗ്ധരില്‍ അതിശ്രേഷ്ഠരായ ജഡ്ജിമാരുടെ ഇടയില്‍ പോലും ഏകീകൃത വിധിക്ക് സാധ്യമല്ലാത്ത വിധം സങ്കീര്‍ണമായ വിഷയമാണ് മതപരമായി ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള ഒരു വിഭാഗത്തിന് മേല്‍ അടിച്ചേല്‍പിക്കുന്നത് എന്നത് ഗൗരവമായി കാണേണ്ടതാണ്. ഖുര്‍ആന്‍ മാത്രം ബാഹ്യാര്‍ഥപ്രകാരം വിശകലനം ചെയ്ത് തീര്‍പ്പ് കല്‍പിച്ച നടപടി ശരിയാണോ എന്ന് പരിശോധിക്കപ്പെടണം.മുത്വലാഖിന് നിയമസാധുത നല്‍കിയ സംഭവം പ്രവാചക ചരിത്രത്തില്‍ കാണാവുന്നതാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണം ഖുര്‍ആന്‍,ഹദീസ്,ഇജ്മാഅ്,ഖിയാസ് എന്നിവയാണ്. ഇക്കാര്യം വ്യക്തിനിയമത്തില്‍ വ്യക്തവുമാണ്. അതിനാലാണ് ഫതാവാ ആലംഗീരി, മിന്‍ഹാജ് എന്നിവയുടെ അടിസ്ഥാനത്തില്‍ നിയമക്രോഡീകരണം നടന്നത്.
മുത്വലാഖ് മതത്തിന്റെ അവിഭാജ്യഘടകമല്ലെങ്കിലും നിലനില്‍ക്കുന്നതും നടപ്പിലാക്കുന്നതില്‍ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. ഒരാളില്‍ നിന്നും അത് സംഭവിച്ചാല്‍ അത് ത്വലാഖാകും. (ഒരു കെട്ടിടത്തിന്റെ മുകളില്‍ കയാറാന്‍ കോണിപ്പടി മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിയമം. പക്ഷെ ഒരാള്‍ ചുമരില്‍ പറ്റിപ്പിടിച്ച് കയറി മുകളിലെത്തിയാല്‍ അയാളുള്ളത് കെട്ടിടത്തിന് മുകളിലല്ലെന്ന് പറയാനൊക്കില്ലല്ലോ? )
വിവാഹമോചനം പോലുള്ള സാമൂഹിക പ്രശ്‌നങ്ങളില്‍ നിയമനിര്‍മാണം നടത്തി അടിച്ചേല്‍പിക്കുന്നത് പ്രശ്‌നപരിഹാരമല്ല. കൃത്യമായ ബോധവല്‍ക്കരണമാണ് അഭികാമ്യം. ഇതിന് ഉദാഹരമാണ് മലപ്പുറത്ത് വിവാഹമോചിതരുടെ എണ്ണം വളരെ കുറവാണെന്ന കണക്ക് ഇതിനോട് ചേര്‍ത്ത് വായിക്കണം. വിവാഹമോചിരായവര്‍ ഒന്നിച്ച് ജീവിക്കല്‍ വിശ്വാസപ്രകാരം മതവിരുദ്ധമാണ്. വിശ്വാസപ്രകാരം നിഷിദ്ധമായ കാര്യത്തിന് പ്രേരിപ്പിക്കല്‍ മൗലികാവകാശ ലംഘനമാണ്. അതിനാല്‍ മുത്വലാഖ് സംബന്ധമായ ഇപ്പോള്‍ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."