സുരേഷ് പ്രഭുവിന്റെ കാലത്തെ പ്രധാന ട്രെയിന്‍ അപകടങ്ങള്‍
ന്യൂഡല്‍ഹി: സുരേഷ് പ്രഭു റെയില്‍വേ മന്ത്രിയായി അധികാരമേറ്റതിനുശേഷം രാജ്യത്തെ ഞെട്ടിച്ചുകൊണ്ടുണ്ടായത് എട്ട് ട്രെയിന്‍ അപകടങ്ങളാണ്. 391 ആളുകള്‍ക്കാണ് ഈ അപകടങ്ങളില്‍ ജീവഹാനി നേരിട്ടത്.
അനേകല്‍ ട്രെയിന്‍ അപകടം
2015 ഫെബ്രുവരി മൂന്ന് രാവിലെ 7.30ന് ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ ബംഗളൂരുവിനടുത്ത അനേകലില്‍ വച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ മരിക്കുകയും 150 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ജനത എക്‌സ്പ്രസ് അപകടം
2015 മാര്‍ച്ച് 20ന് രാവിലെ 9 നാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ 150പേരുടെ മരണത്തിനിടയാക്കിയ ഡെറാഡൂണ്‍-വാരണാസി ജനത എക്‌സ്പ്രസ് ട്രെയിന്‍ അപകടമുണ്ടായത്. സംഭവ സ്ഥലത്ത് 58പേരും ചികിത്സക്കിടയില്‍ 92 പേരും അടക്കം 150 പേരാണ് മരിച്ചത്.
അപകടം നടക്കുമ്പോള്‍ ട്രെയിനില്‍ 400 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബ്രെയ്ക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമായത്.
കൗസാംബി ട്രെയിന്‍ അപകടം
ഉത്തര്‍പ്രദേശിലെ കൗസാംബിയില്‍ വച്ച് 2015 മെയ് 25നാണ് റൂര്‍ഖേല-ജമ്മുതാവി മുരി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
മധ്യപ്രദേശിലെ ഇരട്ട അപകടം
മധ്യപ്രദേശില്‍ 2015 ഓഗസ്റ്റ് നാലിനാണ് രണ്ട് ട്രെയിനുകള്‍ പാളം തെറ്റിയത്. കാമയാനി എക്‌സ്പ്രസും ജനതാ എക്‌സ്പ്രസുമാണ് പാളം തെറ്റിയത്.
യു.പിയിലെ വാരണാസിയിലേക്ക് പോകുന്നതിനിടയിലാണ് കാമയാനി എക്‌സിപ്രസ് പാളം തെറ്റിയത്.
ഇതിനു പിന്നാലെയാണ് ജനതാ എക്‌സ്പ്രസും പാളം തെറ്റിയത്. 31 പേര്‍ മരിക്കുകയും 100 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത അപകടമായിരുന്നു ഇത്. കാമയാനി എക്‌സ്പ്രസിന്റെ ആറ് കോച്ചുകളും ജനത എക്‌സ്പ്രസിന്റെ നാല് കോച്ചുകളുമാണ് പാളം തെറ്റിയത്.
തുരന്തോ എക്‌സ്പ്രസ് ട്രെയിന്‍ അപകടം
കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ വച്ചാണ് സെക്കന്തരാബാദ് ജങ്ഷന്‍-മുംബൈ ലോക്മാന്യതിലക് തുരന്തോ എക്‌സ്പ്രസ് പാളം തെറ്റിയത്.
2015 സെപ്റ്റംബര്‍ 12നായിരുന്നു അപകടം.
രണ്ടുപേര്‍ക്ക് ജീവഹാനി നേരിടുകയും ഏഴുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കല്‍ക്ക-ഷിംല അപകടം
ഹരിയാനയിലെ കല്‍ക്കയില്‍ നിന്ന് ഹിമാചല്‍പ്രദേശിലെ ഷിംലയിലേക്ക് പോവുകയായിരുന്ന ഷിവാലിക് ക്വീന്‍ എന്ന ട്രെയിന്‍ അപകടത്തില്‍പ്പെട്ടത് 2015 സെപ്റ്റംബര്‍ 12നായിരുന്നു.
36 ബ്രിട്ടീഷ് വിനോദ സഞ്ചാരികളും നാല് ടൂര്‍ ഗൈഡുകളുമായി പോയ ട്രെയിന്‍ പാളം തെറ്റി രണ്ട് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് അപകടം
സുരേഷ് പ്രഭുവിന്റെ കാലത്തെ ഏറ്റവും വലിയ അപകടമായിരുന്നു ഇത്. 2016 നവംബര്‍ 20ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വച്ച് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 150 യാത്രക്കാരാണ് മരിച്ചത്.
150 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാന്‍പൂരിനടുത്ത പുഖ്‌രായന്‍ സ്റ്റേഷനുടുത്തുവച്ചായിരുന്നു അപകടം.
ഹിരാക്കണ്ഡ് എക്‌സ്പ്രസ് അപകടം
ജഗ്ദാല്‍പൂര്‍-ഭുവനേശ്വര്‍ എക്‌സ്പ്രസിന്റെ ഒന്‍പത് കോച്ചുകള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 41 പേര്‍ മരിക്കുകയും 68 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ജനുവരിയില്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുവച്ചായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."