ശശികല ജയിലില്‍ നിന്ന് എം.എല്‍.എയെ കാണാന്‍ പോയതായി മുന്‍ ജയില്‍ ഡി.ഐ.ജി
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനകേസുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജന. സെക്രട്ടറി വി.കെ ശശികലക്കെതിരേ ശക്തമായ ആരോപണവുമായി വീണ്ടും മുന്‍ ജയില്‍ ഡി.ഐ.ജി ഡി. രൂപ.
തടവില്‍ കഴിയുന്നതിനിടയില്‍ ജയിലിന് സമീപമുള്ള ഹൊസൂര്‍ എം.എല്‍.എയുടെ വസതി ശശികല സന്ദര്‍ശിച്ചിരുന്നതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇന്നലെ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് നല്കിയ മൊഴിയില്‍ രൂപ വ്യക്തമാക്കി.
ജയിലില്‍ ശശികല ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് ജയില്‍ സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടില്‍ രൂപ ആരോപിച്ചിരുന്നു.
ജയിലില്‍ നിന്ന് ശശികലയും ബന്ധു ഇളവരശിയും സാധാരണ വേഷം ധരിച്ച് പുറത്ത് പോയതും തിരികെ വരുന്നതുമെല്ലാം പ്രധാന ഗേറ്റില്‍ സ്ഥാപിച്ച കാമറയില്‍ പതിഞ്ഞിരുന്നു. കാമറയിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഇവര്‍ പുറത്തുപോയ കാര്യം കഴിഞ്ഞ ദിവസം രൂപ അഴിമതി വിരുദ്ധ സേനക്ക് നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെയാണ് ഇവര്‍ എം.എല്‍.എയെ സന്ദര്‍ശിച്ചതായ വിവരവും രൂപ വെളിപ്പെടുത്തിയത്.
ശശികലക്ക് ജയിലില്‍ വി.ഐ.പി പരിഗണനയാണെന്നും സന്ദര്‍ശകരെ കാണാനുള്ള സൗകര്യം, പ്രത്യേക അടുക്കള തുടങ്ങിയവയെല്ലാം ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും കാണിച്ച് രൂപ നേരത്തെ സംസ്ഥാന ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിനു പിന്നാലെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."