യുദ്ധക്കപ്പലപകടം: നാവിക കമാന്‍ഡറെ പിരിച്ചുവിട്ടു
വാഷിങ്ടണ്‍: രണ്ടു തവണ യുദ്ധക്കപ്പലില്‍ മറ്റു കപ്പല്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് യു.എസ് നാവിക കമാന്‍ഡറെ പിരിച്ചുവിട്ടു.
സെവന്ത് ഫഌറ്റ് കമാന്‍ഡര്‍ വൈസ് അഡ്്മിറല് ജോസഫ് ഓകോയിനെതിരേയാണ് നടപടി. ഏഷ്യന്‍ മേഖലയിലെ ചുമതലയാണ് സെവന്ത് ഫഌറ്റിനുള്ളത്. അപകടത്തില്‍ കപ്പലിന് കാര്യമായ കേടുപാട് സംഭവിച്ചു. രണ്ടു മാസം മുന്‍പും സെവന്ത് ഫഌറ്റിന്റെ യുദ്ധക്കപ്പലില്‍ മറ്റൊരു കപ്പല്‍ ഇടിച്ച് നാവികര്‍ കൊല്ലപ്പെട്ടിരുന്നു. യു.എസ്.എസ് ഫിറ്റ്സ്ജെറാള്‍ഡാണ് അന്ന് ചരക്കുകപ്പലുമായി ഇടിച്ചത്. ജപ്പാന് കടലിലെ യോകോസുക കടലിലായിരുന്നു ഇത്.
കഴിഞ്ഞ ദിവസം സിംഗപ്പൂരിനടുത്ത് യു.എസ്.എസ് ജോണ്‍ എസ് മക് ചെയിനുമായി ലൈബീരിയന്‍ എണ്ണക്കപ്പല്‍ കൂട്ടിയിടിച്ച് 10 സൈനികരെ കാണാതായിരുന്നു.
സിംഗപ്പൂര്‍ തുറമുഖത്ത് നങ്കൂരമിട്ട കപ്പലില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തു. മലേഷ്യന്‍ നാവികസേനയും കടലില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. ഇവ ഡി.എന്‍.എ പരിശോധന നടത്തി ആരുടേതെന്ന് സ്ഥിരീകരിക്കും. ഈ വര്‍ഷം നടക്കുന്ന നാലാമത്തെ യുദ്ധക്കപ്പല്‍ അപകടമാണിത്.
വൈസ് അഡ്മിറല്‍ ഓകോയിനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടെന്നും കമാന്ഡിങ്ങിനുള്ള കഴിവ് അദ്ദേഹത്തിനു നഷ്ടമായെന്നും യു.എസ് നാവിക സേന പ്രസ്താവനയില്‍ വ്യക്തമാക്കി. ഏതാനും ആഴ്ചകളാണ് ഇദ്ദേഹത്തിന് വിരമിക്കാന്‍ ബാക്കിയുള്ളത്.
യു.എസ് നേവി സെവന്ത് ഫഌറ്റ് ?
ജപ്പാനിലെ യോകോസുക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എസ് നാവിക സേനാവിഭാഗം. അമേരിക്കയുടെ ഏറ്റവും വലിയ നാവിക ഫഌറ്റ്.
50 മുതല്‍ 70 വരെ കപ്പലുകളും മുങ്ങിക്കപ്പലുകളുമാണ് സെവന്ത് ഫഌറ്റിലുള്ളത്. പിരിച്ചുവിടപ്പെട്ട വൈസ് അഡ്്മിറല് ഓകോയിന് 2015 മുതല്‍ കമാന്‍ഡര്‍ പദവിയിലുണ്ട്. സെവന്ത് ഫഌറ്റിന്റെ കപ്പലുകള്‍ അതതു സ്ഥലങ്ങളില്‍ 24 മണിക്കൂര്‍ നേരത്തേക്ക് നങ്കൂരമിടാന്‍ കഴിഞ്ഞ ദിവസം നാവികസേന ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."