വിജയം തുടരാന്‍ ഇന്ത്യ; തിരിച്ചുവരാന്‍ ലങ്ക
പല്ലെകീല്‍: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിന പോരാട്ടം ഇന്ന് നടക്കും. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര തൂത്തുവാരി ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങി ആധികാരിക വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. സുവര്‍ണ താരങ്ങളുടെ പടിയിറക്കത്തിന് ശേഷം മികവ് നഷ്ടപ്പെട്ട ലങ്ക നഷ്ടമായ പ്രതാപം തിരിച്ചുപിടിക്കാന്‍ കഴിയാതെ പെടാപ്പാട് പെടുന്നതാണ് കുറച്ച് കാലമായി കാണുന്നത്. ഇന്ത്യക്കെതിരേയും അവര്‍ക്ക് മികച്ച പോരാട്ടം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ഇന്നത്തെ പോരാട്ടം വിജയിച്ച് പരമ്പരയിലെ ആയുസ് നീട്ടിയെടുത്ത് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ആതിഥേയര്‍.
ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ടീം ബസിന് നേരേ ലങ്കന്‍ ക്രിക്കറ്റ് പ്രേമികളായ ചിലര്‍ കല്ലെറിഞ്ഞതടക്കമുള്ള നാണക്കേട് വേറെയും അവരെ വേട്ടയാടുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണാനുള്ള അതി സമ്മര്‍ദ്ദവും പേറിയാണ് ലങ്കന്‍ ടീം ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.
ബാറ്റിങും ബൗളിങും സന്തുലിതമായി നില്‍ക്കുന്നതിനാല്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ കളിച്ച ടീമിനെ നിലനിര്‍ത്തും. ശ്രീലങ്ക ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങിയ സന്‍ഡാകനെ ഒഴിവാക്കി അഖില ധനഞ്ജയയെ പകരമിറക്കും. തിസര പെരേരയുടെ മികവില്ലായ്മ ലങ്കയ്ക്ക് തലവേദനയായി നില്‍ക്കുന്നുണ്ട്. താരത്തേയും ഇന്ന് മാറ്റി നിര്‍ത്താന്‍ സാധ്യതയുണ്ട്. പകരം മിലിന്ദ സിരിവര്‍ദനനെയാകും ഇറങ്ങുക.
ഇന്ത്യ: കോഹ്‌ലി (ക്യാപ്റ്റന്‍), ധവാന്‍, രോഹിത്, കെ.എല്‍ രാഹുല്‍, ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്‌റ.
ശ്രീലങ്ക: ഉപുല്‍ തരംഗ (ക്യാപ്റ്റന്‍), ധനുഷ ഗുണതിലക, കുശാല്‍ മെന്‍ഡിസ്, ആഞ്ജലോ മാത്യൂസ്, ചമര കപുഗെദര, മിലിന്ദ സിരിവര്‍ദനന്‍, ഹസരംഗ, അഖില ധനഞ്ജയ, ലസിത് മലിംഗ, വിശ്വ ഫെര്‍ണാണ്ടോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."