ചികില്‍സയും പരിചരണവും താഴെ തട്ടിലേക്ക് ബ്ലോക്ക് തലത്തില്‍ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍
കൊണ്ടോട്ടി: ആരോഗ്യ വകുപ്പ് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍ സ്ഥാപിച്ച് ആരോഗ്യ പരിചരണം താഴെ തട്ടിലേക്ക് വ്യാപിപ്പിക്കുന്നു. സര്‍ക്കാര്‍ പുതുതായി ആരംഭിച്ച ആര്‍ദ്രം പദ്ധതിയുടെ ചുവട് പിടിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. ഇതിനു പുറമെയാണ് ഓരോ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലും ഓരോ കുടംബാരോഗ്യ ഉപകേന്ദ്രങ്ങള്‍ പുതുതായി സ്ഥാപിക്കുന്നത്. ഇവിടെ മൂന്ന് ഡോക്ടര്‍, മൂന്ന് സ്റ്റാഫ് നഴ്‌സ് ഒരു ലാബ് ജീവനക്കാരനടക്കം സേവനം ലഭ്യമാകും.
സംസ്ഥാനത്ത് ഉപയോഗ ശൂന്യമായ സര്‍ക്കാര്‍ കെട്ടിടങ്ങളും, സ്‌കൂള്‍ ക്ലാസ് മുറികളും പ്രയോജനപ്പെടുത്തിയാണ് കുടംബാരോഗ്യ ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക. ആഴ്ചകളില്‍ എല്ലാദിവസവും പ്രത്യേകം തരംതിരിച്ചുളള പരിശോധനകളും ചികില്‍സകളുമാണ് ഇവിടെയുണ്ടാവുക. ആരോഗ്യ സംരക്ഷണം, പ്രതിരോധം, ചികില്‍സ, പുനരധിവാസം, സാന്ത്വന പരിചരണം എന്നിവ ഉള്‍പ്പെടുത്തിയാണ് ചികില്‍സ. ഉപകേന്ദ്രങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ സ്ഥാപനത്തില്‍ വച്ചും, വീടുകളിലെത്തിയും രോഗികള്‍ക്ക് നല്‍കും. ചികില്‍സ, കൗണ്‍സിലിങ്,ആരോഗ്യ വിദ്യാഭ്യാസം, പ്രതിരോധ കുത്തിവയ്പുകള്‍, മെഡിക്കല്‍-ലീഗല്‍, ഫാര്‍മസി, ലബോറട്ടറി തുടങ്ങിയ സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഉപകേന്ദ്രത്തിന് പുറത്ത് ചികില്‍സയും പരിചരണവും ലഭ്യമാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ആരോഗ്യപരിചരണം നല്‍കുന്ന സ്ഥാപനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍.
കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍, കൗമാരക്കാര്‍ എന്നിവര്‍ക്കുളള പരിചരണമാണ് ഉപകേന്ദ്രങ്ങള്‍ വഴി പ്രധാനമായും ലക്ഷ്യമിടുന്നത്. കുട്ടികളുടെ വളര്‍ച്ച നിരീക്ഷണ സംവിധാനം, ഗാര്‍ഹിക-ലൈംഗിക പീഡനം തടയല്‍ തുടങ്ങിയവ ഉപകേന്ദ്രങ്ങള്‍ വഴി സാധ്യമാക്കും. എല്ലാ ബുധനാഴ്ചകളിലും സ്‌കൂള്‍ കുട്ടികളുടെ പ്രശ്‌നങ്ങളും രോഗങ്ങളും കണ്ടെത്തുന്നതിന് മാത്രമായി കുട്ടികളുടെ ക്ലിനിക്കാണ് ഉപകേന്ദ്രത്തിലുണ്ടാവുക. സ്‌കൂളുകളില്‍ നടക്കുന്ന കൗണ്‍സിലിങിലൂടെയാണ് നിലവില്‍ കുട്ടികള്‍ക്കെതിരെയുളള ലൈംഗിക ആക്രമണങ്ങളടക്കം കണ്ടെത്താനാവുന്നത്. ആഴ്ചയില്‍ ഒരു ദിവസം കുട്ടികള്‍ക്കായി മാത്രം ക്ലിനിക്കുണ്ടാവുന്നത് വഴി ആക്രമങ്ങള്‍ തടയാനാകുമെന്നാണ് പ്രതീക്ഷ. ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവര്‍ക്കും പ്രത്യേക ഒ.പികള്‍ പ്രവര്‍ത്തിക്കും. ജീവിത ശൈലീ രോഗങ്ങളുടെ പരിശോധനന, മൂത്രാശയ രോഗങ്ങളുടെ ചികില്‍സ തുടങ്ങിയവയുമുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."