പ്ലാച്ചിമടയിലെ കോളവിരുദ്ധ സമരം; സെന്‍ട്രല്‍ യൂറോപ്യന്‍ യൂനിവേഴ്‌സിറ്റിയില്‍ പഠനവിഷയം
പാലക്കാട്: ലോകത്തെ സമരങ്ങള്‍ക്ക് മാതൃകയായ പ്ലാച്ചിമട ജനത നടത്തിയ കോളവിരുദ്ധ സമരം വിദേശ സര്‍വകലാശാലകളില്‍ പഠന വിഷയമാകുന്നു. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി നടന്നു വരുന്ന സമരത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ആഗോള ഭീമനായ കൊക്കകോള പ്ലാച്ചിമടയിലെ പഌന്റ് ഉപേക്ഷിക്കാനുള്ള തീരുമാനം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ലോകത്ത് ഇത് ആദ്യമായാണ് കോള കമ്പനി ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് അടച്ചു പൂട്ടാന്‍ തയാറായിട്ടുള്ളത്. സമരത്തിന്റെ തുടക്ക കാലത്ത് പ്ലാച്ചിമടയിലെ ജനങ്ങള്‍ നടത്തുന്ന സമരത്തെ കുറിച്ച് പഠിക്കാന്‍ വിദേശ സര്‍വകലാശാലകളില്‍ നിന്നു ധാരാളം പേര്‍ എത്തിയിരുന്നു. കൊക്കകോള കമ്പനിക്കെതിരേ രാജ്യത്തും, വിദേശത്തുമായി വിവിധ സമരങ്ങള്‍ നടന്നുവരുന്നുണ്ട്. അവിടങ്ങളില്‍ നിന്നൊന്നുംകോള പിന്‍വാങ്ങാന്‍ തയാറായിട്ടില്ല. കേരളത്തില്‍ പ്ലാച്ചിമടയില്‍ മാത്രമാണ് അവര്‍ പഌന്റ് പ്രവര്‍ത്തനം വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തിലാണ് ഹംഗറിയിലെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂനിവേഴ്‌സിറ്റിയിലെ എന്‍വയണ്‍മെന്റ് സ്റ്റഡീസ് പഠന വിഭാഗം മേധാവി പ്രൊഫ. തിസിയാനയും, ഇതേ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഒഫ് പബ്ലിക് പോളിസി വിഭാഗം അസി. പ്രൊഫസറും, തിസിയാനയുടെ ഭര്‍ത്താവുമായ ആനന്ദ് മുരുകേശനും പ്ലാച്ചിമടയിലെ ജനകീയ സമരത്തെകുറിച്ച് പഠനം നടത്തി യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രത്യേക സിലബസായി കുട്ടികളെ പഠിപ്പിക്കാന്‍ തയാറായി രംഗത്തിറങ്ങിയിട്ടുള്ളത്. ഇതിനു പുറമെ സമരത്തെക്കുറിച്ചു ഒരു പുസ്തകവും അവര്‍ എഴുതുന്നുണ്ട്.
കഴിഞ്ഞ ദിവസം പ്ലാച്ചിമടയിലെത്തിയ ഇവര്‍ സമരമുഖത്തു സജീവമായി പ്രവര്‍ത്തിച്ചുവരുന്ന സമര പോരാളികളുമായി ആശയ വിനിമയം നടത്തി. സമരത്തിന്റെ നാള്‍വഴികളെക്കുറിച്ചും, 90 വയസുള്ള കന്നിയമ്മ, മയിലമ്മയുടെ മക്കള്‍, സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ ഐക്യദാര്‍ഢ്യ സമിതി സംസ്ഥാന ചെയര്‍മാന്‍ അമ്പലക്കാട് വിജയന്‍, വൈസ് ചെയര്‍മാന്‍ പുതുശേരി ശ്രീനിവാസന്‍, പ്ലാച്ചിമട സമരം തുടക്കം മുതല്‍ റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകനും, സുപ്രഭാതം പാലക്കാട് ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറുമായ വി.എം. ഷണ്‍മുഖദാസ് എന്നിവരില്‍ നിന്നും സമരത്തെക്കുറിച്ചും മറ്റും വിശദ വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
ഗാന്ധിയന്‍ രീതിയിലുള്ള പ്ലാച്ചിമടയിലെ ഈ സമരം ലോകത്തിനു തന്നെ വലിയൊരു പാഠമാണ് നല്‍കുന്നതെന്ന് തിസിയാന സുപ്രഭാതത്തോട് പറഞ്ഞു.
ആറുമാസത്തിനകം പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും, യൂനിവേഴ്‌സിറ്റി കോളജില്‍ പഠനവിഷയമാക്കാന്‍ സര്‍ക്കാരിന് പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."