സ്വകാര്യത മൗലികാവകാശമാണോ: വിധി ഇന്ന്
ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, എസ്.എ. ബോബ്ഡെ, ആര്.കെ. അഗര്‍വാള്‍, ആര്.എഫ്. നരിമാന്, എ.എം. സപ്രെ, ഡി.വൈ. ചന്ദ്രചൂഢ്, എസ്.കെ. കൗള്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലെ മറ്റംഗങ്ങള്‍.
ഓഗസ്റ്റ് രണ്ടിനാണ് കേസില്‍ വാദം പൂര്‍ത്തിയാക്കിയത്. ശേഷം വിധി പറയാനായി മാറ്റിയതായിരുന്നു. ആറുദിവസം തുടര്‍ച്ചയായി വാദം കേട്ടതിനുശേഷമാണ് ബെഞ്ച് വിധി പറയാനായി മാറ്റിയത്.
ആധാര്‍ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭംഗിക്കുന്നുവെന്ന ഹരജിയിലാണ് വിധി.
ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജി പരിഗണിച്ച മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിട്ടു. കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ച് വിഷയം ഒമ്പതംഗ ബെഞ്ചിനു വിടുകയായിരുന്നു.
സ്വകാര്യത മൗലികാവകാശത്തിന്റെ പരിധിയില്‍ വരില്ലെന്ന് 1954ല്‍ എട്ടംഗ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധി ശരിയാണോയെന്നാണ് ഒമ്പതംഗ ബെഞ്ച് പരിശോധിക്കുന്നത്.
ആധാര്‍ കേസ് എത്ര ജഡ്ജിമാരുള്‍പെട്ട ബെഞ്ച് പരിഗണിക്കണമെന്നത് ഒമ്പതംഗ ബെഞ്ചിന്റെ വിധിക്കു ശേഷം തീരുമാനിക്കും. ഇത് ചീഫ് ജസ്റ്റിസ് തന്നെ മുമ്പ് വ്യക്തമാക്കിയതാണ്.
ആധാര്‍ വിഷയത്തില്‍ സ്വകാര്യത മൗലികാവകാശമല്ലെന്നാണ് കോന്ദ്രസര്‍ക്കാരിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."