പാണാവള്ളിയില്‍ പുതിയ ബോട്ട് ജെട്ടി നിര്‍മാണം തുടങ്ങി
ദിവസവും നൂറുകണക്കിനു യാത്രക്കാര്‍ യാത്രചെയ്യുന്ന പാണാവള്ളി ബോട്ട് സ്റ്റേഷന് ഇതുവരെ ബോട്ട് ജെട്ടിയില്ല
പൂച്ചാക്കല്‍: പാണാവള്ളി ബോട്ട് സ്റ്റേഷനില്‍ പുതിയ ബോട്ട്ജെട്ടിയുടെ നിര്‍മാണം തുടങ്ങി. എ.എം ആരിഫ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 33.5 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടത്തുന്നത്.
വര്‍ഷങ്ങളുടെ പഴക്കവും നൂറുകണക്കിനു യാത്രക്കാര്‍ ദിവസവും യാത്രചെയ്യുന്നതുമായ പാണാവള്ളി ബോട്ട് സ്റ്റേഷന് ഇതുവരെ ബോട്ട് ജെട്ടിയില്ല.
ആറു ബോട്ടുകള്‍ നാല്പതോളം സര്‍വീസുകളാണ് നടത്തുന്നത്. ബോട്ടുകളെല്ലാം സ്റ്റേഷനിലെ കലുങ്കില്‍ അടുപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് യാത്രക്കാര്‍ക്ക് ബോട്ടിലേക്കു കയറാനും ഇറങ്ങാനും പ്രയാസമാണ്. അടുത്തിടെ ഒന്നരലക്ഷം രൂപ ചെലവില്‍ താല്കാലിക ബോട്ട് ജെട്ടി തടിയില്‍ നിര്‍മിച്ചെങ്കിലും അതില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതത്വ പ്രശ്നങ്ങളുണ്ടായിരുന്നു. എങ്കിലും ഒരു വര്‍ഷത്തോളം ഉപയോഗിച്ചു. ഒരുതവണ അറ്റകുറ്റപണിയും നടത്തി.
ബോട്ട് സ്റ്റേഷന്റെ തെക്കുഭാഗത്തായി 19 മീറ്റര്‍ നീളത്തിലും അഞ്ചു മീറ്റര്‍ വീതിയിലുമാണ് പുതിയ ബോട്ട്ജെട്ടി നിര്‍മ്മിക്കുന്നത്. ജെട്ടിക്കായുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ താഴ്ത്തി. രണ്ടുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നു നിര്‍മാണ ചുമതലയുള്ള ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."