ജില്ലയില്‍ 32,437 ഭവനരഹിത കുടുംബങ്ങളെന്നു സര്‍വേ
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 32,437 ഭവനരഹിത കുടുംബങ്ങള്‍. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്റെ ആദ്യഘട്ട സര്‍വേ പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ പുറത്തുവിട്ട കണക്കാണിത്. അതേസമയം, ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച് പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ രണ്ടാംഘട്ട അപ്പീല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. 25 വരെ സ്വീകരിക്കും. അപ്പീല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ ജില്ലാതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
അടിമാലി, കൊന്നത്തടി, ബൈസണ്‍വാലി, വെള്ളത്തൂവല്‍, പള്ളിവാസല്‍ പഞ്ചായത്തുകളില്‍ ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ (ജില്ലാ പട്ടികജാതി വികസന ഓഫിസ്, മൂലമറ്റം), പെരുവന്താനം, കുമളി, കൊക്കയാര്‍, പീരുമേട്, ഏലപ്പാറ, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ (ജനറല്‍) ഓഫിസ് (കലക്ടറേറ്റ് ഇടുക്കി), മറയൂര്‍, മൂന്നാര്‍, കാന്തല്ലൂര്‍, വട്ടവട, ശാന്തന്‍പാറ, ചിന്നക്കനാല്‍, മാങ്കുളം, ദേവികുളം, ഇടമലക്കുടി പഞ്ചായത്തുകളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ (കലക്ടറേറ്റ്, ഇടുക്കി), വണ്ണപ്പുറം, ഉടുമ്പന്നൂര്‍, കോടിക്കുളം, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂര്‍, കുടയത്തൂര്‍ പഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, തൊടുപുഴ). ഇടുക്കി കഞ്ഞിക്കുഴി, വാത്തിക്കുടി, അറക്കുളം, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം എന്നിവിടങ്ങളില്‍ ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ (എംജിഎന്‍ആര്‍ജിഎസ്, ഇടുക്കി), ഉപ്പുതറ, വണ്ടന്‍മേട്, കാഞ്ചിയാര്‍, ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍, ചക്കുപള്ളം എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് പ്രോജക്ട് ഓഫിസര്‍ (പി ആന്‍ഡ് എം),
പാമ്പാടുംപാറ, സേനാപതി, കരുണാപുരം, രാജാക്കാട്, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, രാജകുമാരി എന്നിവിടങ്ങളില്‍ ജില്ലാ വനിതാക്ഷേമ ഓഫിസര്‍ (ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്ററുടെ കാര്യാലയം, ജില്ലാ പഞ്ചായത്ത് ഇടുക്കി), കുമാരമംഗലം, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ എന്നിവിടങ്ങളില്‍ ജില്ലാ സാമൂഹികനീതി ഓഫിസര്‍ ഇടുക്കി (ജില്ലാ സാമൂഹികനീതി ഓഫിസ്, തൊടുപുഴ). തൊടുപുഴ മുനിസിപ്പാലിറ്റി, കട്ടപ്പന മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ റവന്യൂ ഡിവിഷനല്‍ ഓഫിസര്‍, ഇടുക്കി (റവന്യു ഡിവിഷനല്‍ ഓഫിസ്, കലക്ടറേറ്റ്, ഇടുക്കി) എന്നിവിടങ്ങളിലാണ് അപേക്ഷ സ്വീകരിക്കുന്നത്.
രണ്ടാംഘട്ട അപ്പീല്‍ സമര്‍പ്പിക്കുന്ന വേളയില്‍ അപേക്ഷകര്‍ തങ്ങളുടെ അപേക്ഷയോടൊപ്പം ഒന്നാംഘട്ട അപേക്ഷയിന്‍മേല്‍ തദേശസ്വയംഭരണ സ്ഥാപനത്തില്‍നിന്നു സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച പ്രഫോര്‍മ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകൂടി തദേശസ്വയംഭരണ സെക്രട്ടറിമാരില്‍നിന്നു ലഭ്യമാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ആകെ 75,552 കുടുംബങ്ങളില്‍ നടത്തിയ ആദ്യഘട്ട സര്‍വേയില്‍ 43,115 കുടുംബങ്ങള്‍ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹതയില്ലാത്തവരാണ്.
നാലു വ്യത്യസ്ത ഫോമുകള്‍ വിതരണം ചെയ്തായിരുന്നു തദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള സര്‍വേ. കരടു പട്ടികയിന്മേലുള്ള പരാതികള്‍ പരിഹരിക്കാന്‍ ജില്ലയിലെ 52 പഞ്ചായത്തുകളില്‍ നിന്ന് 36,300 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. രണ്ട് നഗരസഭകളില്‍ നിന്ന് 2200 അപേക്ഷകളും ലഭിച്ചു.
ആദ്യഘട്ട സര്‍വേയിലെ ആക്ഷേപങ്ങള്‍ പരിഹരിച്ച് ഈമാസം 31നു പട്ടിക പുനപ്രസിദ്ധീകരിക്കും. രണ്ടാംഘട്ടത്തിലും ആക്ഷേപമുണ്ടായാല്‍ സപ്തംബര്‍ 16 വരെ കലക്ടര്‍ക്ക് അപേക്ഷ നല്‍കാം. സപ്തംബര്‍ 28ന് ഈ പട്ടിക പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ 20നുള്ളില്‍ ഗ്രാമസഭകള്‍ കൂടി പട്ടിക അംഗീകരിക്കണമെന്നാണു നിര്‍ദേശം. അന്തിമപട്ടിക ഒക്ടോബര്‍ 25നു പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."