നാദാപുരം ഗവ. കോളജ് കെട്ടിടനിര്‍മാണം എങ്ങുമെത്തിയില്ല
വാണിമേല്‍: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ സര്‍ക്കാര്‍ നാദാപുരത്ത് അനുവദിച്ച ഗവ. കോളജിന്റെ കെട്ടിടം പ്രവൃത്തി എങ്ങുമെത്തിയില്ല. ആദ്യബാച്ച് ഇതിനകം പുറത്തുപോവുകയും ചെയ്തു.ഫിസിക്‌സ്, ഇംഗ്ലീഷ്, എക്കണോമിക്‌സ്, ബി കോം, സൈക്കോളജി എന്നീ വിഷയങ്ങളില്‍ അഞ്ചു ബിരുദകോഴ്‌സുകളാണ് കോളജിലുള്ളത്.
തുടക്കത്തില്‍ വാണിമേല്‍ നിരത്തുമ്മല്‍ പീടികയിലെ മദ്‌റസാ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കോളജ്, കൂടുതല്‍ ബാച്ചുകള്‍ വന്നതോടെ ഒരുവര്‍ഷത്തിനു ശേഷം വയലില്‍ പീടികയിലെ ദാറുല്‍ഹുദാ മദ്‌റസാ കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. കോളജിനായി നാദാപുരം പഞ്ചായത്തിലെ തെരുവംപറമ്പ് കിനമ്പറകുന്നില്‍ ജനകീയ കമ്മിറ്റി വാങ്ങിയ സ്ഥലത്തു കെട്ടിടനിര്‍മാണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഉദ്ഘാടനം കഴിഞ്ഞ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനം സര്‍ക്കാര്‍ മാറിയതോടെ മുന്നോട്ടുപോയില്ല.
സംയുക്ത വിദ്യാര്‍ഥി സമരസമിതിയുടെ നേതൃത്വത്തില്‍ ശക്തമായ സമരങ്ങള്‍ നടന്നതോടെ വീണ്ടും ആരംഭിച്ച കെട്ടിടനിര്‍മാണം ഒച്ചിന്റെ വേഗതയിലാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞദിവസമാണ് കെട്ടിടത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറായിട്ടുള്ളത്.
ഓഫിസ് അടങ്ങുന്ന അഞ്ചോളം മുറികളുടെ ഒന്നാം നിലയ്ക്കുള്ള സ്ലാബിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മാണം ഏറ്റെടുത്തു നടത്തുന്നത്.
അതേസമയം 650ഓളം വിദ്യാര്‍ഥികള്‍ക്കും 50ഓളം അധ്യാപക അനധ്യാപകര്‍ക്കും താല്‍ക്കാലിക കെട്ടിടത്തില്‍ രണ്ടു ടോയ്‌ലറ്റ് മാത്രമാണുള്ളത്. മദ്‌റസാ കെട്ടിടത്തിന് പ്രത്യേകിച്ച് വാടകയൊന്നും ഈടാക്കുന്നില്ലെങ്കിലും പുതുതായി വാടകയ്‌ക്കെടുത്ത കെട്ടിടത്തിന് മാസം മുപ്പതിനായിരം രൂപ വാടക നല്‍കണം. ഇതു വിദ്യാര്‍ഥികളില്‍ നിന്നാണ് കണ്ടെത്തുന്നത്. ലൈബ്രറിയുടെ പരിമിതി കാരണം ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. പുസ്തകം അടുക്കിവയ്ക്കാനുള്ള ഷെല്‍ഫോ സ്ഥലസൗകര്യമോ ഇവിടെയില്ല.
അതേസമയം, നേരത്തെ കക്ഷിരാഷ്ട്രീയാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തരുതെന്ന നിബന്ധന വച്ചായിരുന്നു മദ്‌റസാ കമ്മിറ്റി കെട്ടിടം കോളജിനു നല്‍കിയത്. എന്നാല്‍ ഒരു വിദ്യാര്‍ഥി സംഘടനയുടെ സമ്മര്‍ദത്തിനു വഴങ്ങി ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടന്നു. ഇതോടെ കെട്ടിടം ഒഴിയാന്‍ മദ്‌റസാ കമ്മിറ്റിയില്‍നിന്നു ശക്തമായ സമ്മര്‍ദമുണ്ട്. തൊട്ടടുത്ത പ്രദേശങ്ങളിലൊന്നും അനുയോജ്യമായ കെട്ടിടം കണ്ടെത്താന്‍ കഴിയില്ലെന്നിരിക്കെ കെട്ടിടനിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."